എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ അപ്പോളോ ടയേഴ്സിന് അടുത്താണ് ജോൺസണിന്റെയും ഷീബയുടെയും ഫാം. പരിമിത സ്ഥലത്തുനിന്ന് മികച്ച ആദായം നേടുന്ന ഡയറി ഫാം മാതൃകയാണ് ജോൺസണിന്റെത്. സഹ്യവാൾ, ഗീർ, വെച്ചൂർ, കാസർഗോഡ് കുള്ളൻ, പൂങ്കനൂർ തുടങ്ങി മുപ്പതോളം പശുക്കളാണ് ഈ ഫാമിൽ ഉള്ളത്. പ്രാദേശിക അടിസ്ഥാനത്തിലാണ് പാൽ വില്പന. ഒരു തരി വിഷാംശം ഇല്ലാത്ത പാൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഈ ക്ഷീര കർഷകൻറെ ലക്ഷ്യം. മാത്രമല്ല പച്ചക്കറി കൃഷിക്ക് ചാണകവും മൂത്രവും മികച്ച വളം ആയതുകൊണ്ട് തന്നെ ഇതു വാങ്ങുവാനും മെട്രോ നഗരത്തിൽ ആവശ്യക്കാർ ഏറെയാണ്.
പശുകൾക്ക് തീറ്റയായി നൽകുന്നത് ഹോട്ടലുകളിലും മറ്റും വേസ്റ്റ് ആയി വരുന്ന പച്ചക്കറിയും, വാഴയുടെ തണ്ടുമാണ്. ഇത് തീറ്റ ചിലവ് കുറയ്ക്കുവാനും, പശുക്കളുടെ പാലുൽപാദനം വർദ്ധിപ്പിക്കുവാനും സഹായകമായെന്നാണ് ജോൺസൺ പറയുന്നത്. ഹോമിയോ ഡോക്ടർ ആയ അമ്മയിൽ നിന്ന് പഠിച്ച ചില മരുന്നുകളാണ് പശുകളുടെ രോഗങ്ങൾ അകറ്റാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നത്. തുമ്പൂർമുഴി വേസ്റ്റ് മോഡലും തൊഴുത്തിനോട് ചേർന്ന് ക്രമീകരിച്ചിട്ടുണ്ട്. തൊഴുത്തിനോട് ചേർന്ന് ചെറിയ രീതിയിൽ പച്ചക്കറി കൃഷിയും കോഴി വളർത്തലും ജോൺസൺ ചെയ്യുന്നുണ്ട്.
Discussion about this post