കേരളത്തിലെ ഏറ്റവും വലിയ നാട്ടു ഗോശാല. പത്തനംതിട്ട ഏഴുമറ്റൂരിലെ അമൃതധാര ഗോശാല!. ഇന്ത്യയിലെ തനത് നാടൻ പശുക്കൾക്ക് സംരക്ഷണം ഒരുക്കുന്ന ഒരിടം. ഇതിൽ അപൂർവയിനങ്ങൾ വരെയുണ്ട്. ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ പൂങ്കാന്നൂരും, ബാഹുബലിയിലെ കാങ്കരജും, ഗിറൂം, കാസർഗോഡ് കുള്ളനും, വെച്ചൂരും തുടങ്ങി 23 ഇനങ്ങളിലായി 600 ലധികം പശുക്കൾ ഇവിടെയുണ്ട്. കൂട്ടത്തിൽ അറവുശാലയിൽ നിന്ന് വാങ്ങി സംരക്ഷിക്കുന്നവയുമുണ്ട്.
നാടൻ പശുക്കളോടും പശു അധിഷ്ഠിതമായ കൃഷിയോടുമുള്ള താല്പര്യമാണ് പ്രവാസിയായിരുന്ന അജയകുമാർ വല്ലുഴത്തിനെ ഈ സംരംഭത്തിലേക്ക് എത്തിക്കുന്നത്. ഏറെ അധ്വാനവും പണച്ചെലവും മാത്രമല്ല ധാരാളം പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇദ്ദേഹം ഇന്ന് ഇത് മുന്നോട്ട് കൊണ്ടുപോകുന്നത്.സാധാരണ ഫാമുകളെ പോലെ പാലുൽപാദനമോ അതിൽ നിന്നുള്ള ലാഭമോ പ്രതീക്ഷിച്ചല്ല ഇദ്ദേഹം ഇത് ആരംഭിക്കുന്നത്. നാടൻ പശുക്കളുടെ സംരക്ഷണവും വംശവർദ്ധനവും പശു അധിഷ്ഠിതമായ കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു അജയകുമാറിന്റെ ലക്ഷ്യം.
നാടൻ പശുക്കളെ കുറിച്ചും പശു അധിഷ്ഠിത കൃഷിയെക്കുറിച്ചും കൂടുതൽ അറിയാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്നവർക്ക് ഇവിടെ ഒത്തു കൂടാനും താമസിക്കാനും ഉള്ള സൗകര്യങ്ങളും അജയകുമാർ ഒരുക്കിയിട്ടുണ്ട്. എങ്കിലും ഇതിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സപ്പോർട്ട് കിട്ടുന്നില്ലെന്ന പരിഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.അത്യാധുനിക സൗകര്യമുള്ള ഈ തൊഴുത്താണ് ഇവിടത്തെ പ്രത്യേകത. ഒപ്പം പശുക്കൾക്ക് ആവശ്യമായി വരുന്ന തീറ്റ പുല്ലടക്കം വിവിധ കൃഷികളും ഇവിടെ ചെയ്യുന്നു.
Discussion about this post