വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവർ ലൈനിന് കീഴിൽ കൃഷി ചെയ്തിരുന്ന 400 വാഴകൾ മുന്നറിയിപ്പില്ലാതെ കെ എസ് ഇ. ബി അധികൃതർ വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകനെ നേരിട്ട് കാണാൻ കൃഷിമന്ത്രി പി പ്രസാദ് എത്തി. കർഷകൻ കാവുംപുറം തോമസ്, മകൻ അനീഷ് എന്നിവരോട് കാര്യങ്ങൾ വിശദമായി മന്ത്രി സംസാരിച്ചു. കർഷകന് പ്രശ്നപരിഹാരത്തിനായി കെ എസ് ഇ ബി മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും. ഇത് ചിങ്ങം ഒന്നിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കെ എസ് ഇ ബി ചെയർമാൻ 15 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട വിശദീകരണം സമർപ്പിക്കും.
വൈദ്യുതി കടന്നുപോകുന്ന ഇടങ്ങളിലെല്ലാം വൈദ്യുതി വകുപ്പും കൃഷിവകുപ്പും ജനപ്രതിനിധികളും കർഷകരും കൂടിയാലോചിച്ച് നേരത്തെ ധാരണ ഉണ്ടാക്കണമെന്ന് കൃഷിമന്ത്രി അറിയിച്ചു. ഒപ്പം വൈദ്യുതി ലൈൻ പോകുന്ന ഇടങ്ങളിൽ ഏതൊക്കെ വിളകൾ കൃഷി ചെയ്യണമെന്ന് കാര്യത്തിൽ ഒരു കൃത്യമായ ക്രമീകരണം ഇനി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഈ വിഷയത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉചിതമായി ഇടപെടുകയും കൃത്യമായി നടപടിക്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും പി. പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപരിഹാരത്തുക കൃഷിയിൽ മുടക്കിയ പണത്തിന് തുല്യമാകുമെന്നാണ് ഈ കർഷക കുടുംബം പറയുന്നത്. ഒപ്പം ഈ വിഷയത്തിൽ മന്ത്രിമാരുടെയും മറ്റും ഇടപെടൽ ഏറെ സന്തോഷമുണ്ടാക്കി എന്നും കുടുംബം പറഞ്ഞു.
Discussion about this post