പഠനം പോലെ ജയലക്ഷ്മിക്ക് പ്രിയപ്പെട്ടതാണ് കൃഷിയും. പത്തനംതിട്ട കുളനാട് സ്വദേശിയായ ജയലക്ഷ്മിയുടെ കൃഷിയിടം കണ്ടാൽ ആർക്കും മനസ്സിലാകും ജയലക്ഷ്മിക്ക് കൃഷി എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്. പത്തനംതിട്ട കുളനാട് സ്വദേശിയായ ജയലക്ഷ്മി സംസ്ഥാന സർക്കാരിൻറെ കർഷകത്തിലകം പുരസ്കാര ജേതാവ് കൂടിയാണ്. വീട്ടുമുറ്റത്തെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി വീട്ടിൽ ആവശ്യമായ എല്ലാതര പച്ചക്കറികളും ഈ മിടുക്കി ഇവിടെ വിളയിച്ചെടുക്കുന്നു. പഠനത്തിൻറെ തിരക്ക് ഒഴിഞ്ഞാൽ ജയലക്ഷ്മി ഏറെ സമയം ചെലവഴിക്കുന്നത് ഈ കൃഷിയിടത്തിൽ തന്നെയാണ്.
പൂക്കളോട് തോന്നിയ ഇഷ്ടമായിരുന്നു പച്ചക്കറി കൃഷിയിലേക്ക് വഴി മാറിയത്. മണ്ണിനെ മനസ്സുനിറഞ്ഞ സ്നേഹിക്കുകയും ആ മണ്ണിൽ പൊന്നു വിളിക്കുകയും ചെയ്തപ്പോൾ ജയലക്ഷ്മിക്ക് കൃഷിയോടുള്ള ആവേശം കൂടി. തുടക്കകാലത്ത് ചെടികൾക്ക് വരുന്ന ഓരോ രോഗങ്ങളും കീടങ്ങളും തിരിച്ചറിയുകയും അത് തന്റെ പുസ്തകത്തിൽ എഴുതി വയ്ക്കുകയും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്താണ് കൃഷി ചെയ്തത്.
കൃഷിയോടുള്ള അമിതമായ താൽപര്യം കൊണ്ട് പ്ലസ്ടുവിന് പ്രധാന വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നതും അഗ്രികൾച്ചർ തന്നെയാണ്. വീട്ടിലെ കൃഷി മാത്രമല്ല സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്കും ഇന്ന് ജയലക്ഷ്മി നേതൃത്വം നൽകുന്നുണ്ട്. ഇതിനൊപ്പം തന്നെ വീട്ടിൽ ഉത്പാദിപ്പിക്കുന്ന ജൈവമായ പച്ചക്കറികൾ ക്യാൻസർ രോഗികൾ അടക്കം പലർക്കും സൗജന്യമായി ജയലക്ഷ്മി നൽകുകയും ചെയ്യുന്നുണ്ട്. കാർഷിക രംഗത്തെ മാറ്റങ്ങളും തന്റെ മനസ്സിലെ ആശയങ്ങളും ഉൾപ്പെടുത്തി പ്രധാനമന്ത്രിക്ക് ജയലക്ഷ്മി ഒരു കത്ത് എഴുതിയിരുന്നു. ഇതിന് മറുപടിയായി പ്രധാനമന്ത്രിയുടെ പക്കൽ നിന്ന് അഭിനന്ദനക്കത്ത് വരെ ജയലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്.
Discussion about this post