‘കൃഷിയിലൂടെ കിട്ടുന്ന സന്തോഷം ഒന്ന് വേറെയല്ലേ, ഒപ്പം നമ്മുടെ കുട്ടികൾക്ക് വിഷരഹിതമായ ഭക്ഷണവും കൊടുക്കാല്ലോ’
ആലപ്പുഴ ജില്ലയിലെ കൊടങ്ങരപ്പള്ളിയിലെ വിനീതയുടെ വാക്കുകളാണിത്. വീട്ടാവശ്യത്തിനുള്ള പാലും പച്ചക്കറിയും, മുട്ടയും വരെ വീടിനോട് ചേർന്നുള്ള ഇത്തിരി സ്ഥലത്ത് നിന്ന് വിനീത കൃഷി ചെയ്തെടുക്കുന്നു. പുരയിടത്തിനോട് ചേർന്നുള്ള നാലര സെൻററിൽ ആയിരുന്നു വിനീതയുടെ ആദ്യ കൃഷി പരീക്ഷണം. ആദ്യ പരീക്ഷണം വിജയിച്ചതോടെ പാട്ടത്തിന് എടുത്ത 75 സെൻറ് ഭൂമിയിൽ കുറച്ചുകൂടി കൃഷി വിപുലമാക്കി. കൃത്യമായി വിപണി ആസൂത്രണം ചെയ്താൽ വീട്ടുമുറ്റത്ത് നിന്ന് തന്നെ മികച്ച വരുമാനം ഉറപ്പാക്കാം എന്നാണ് വിനീതയുടെ പക്ഷം.
കൃഷിയിലേക്കുള്ള വരവ്
കൃഷിയിലേക്കുള്ള കടന്നുവരവ് എങ്ങനെയാണ് എന്ന ചോദ്യത്തിന് വിനീതയ്ക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ ‘അതൊരു ഇഷ്ടമായിരുന്നു’. കൃഷിയിലേക്ക് ഇറങ്ങാൻ കാർഷിക പാരമ്പര്യം ഒന്നും വിനീതക്കില്ല. പക്ഷേ മണ്ണിനെയും പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്ന ഒരു മനസ്സുണ്ടായിരുന്നു. ആലപ്പുഴ എഴുപുന്നയിൽ ജനിച്ച വളർന്ന വിനീതയ്ക്ക് കുട്ടിക്കാലം മുതലേ കമ്പം മത്സ്യകൃഷിയോട് ആയിരുന്നു. വിവാഹത്തിനുശേഷം കൊടങ്ങരപ്പള്ളിയിൽ എത്തിയപ്പോൾ മത്സ്യ കൃഷിയോടുള്ള ഇഷ്ടം പച്ചക്കറി കൃഷിയിലേക്ക് വഴി മാറി.വിനീതയുടെ ഭർത്താവ് വിജയമോഹൻ മികച്ച ഒരു കർഷകൻ കൂടിയാണ്. ഈ കാർഷിക പാരമ്പര്യവും വിനീത സ്വായന്തമാക്കിയ അറിവുകളും സംയോജിച്ചപ്പോൾ വിനീതയുടെ കൃഷി എല്ലാവർക്കും മാതൃകയായി. ഇന്ന് വിനീതയുടെ കൃഷി പഠിക്കാൻ ധാരാളം പേരാണ് ഇവിടേക്ക് എത്തുന്നത്.
എന്നും കൂൺ എപ്പോഴും ആദായം
സമ്മിശ്ര കൃഷിയാണ് വിനീത തൻറെ പുരയിടത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. പച്ചക്കറികൾക്ക് ഒപ്പം വിനീതയ്ക്ക് മികച്ച ആദായം ലഭിക്കുന്നത് കൂൺ കൃഷിയിലൂടെയാണ്. വീടിനോട് ചേർന്നുള്ള ഒരു ചെറിയ ഷെഡാണ് ഇവിടെ കൂൺ പുരയാക്കി മാറ്റിയിരിക്കുന്നത്. കുടുംബശ്രീ വഴി ലഭ്യമായ സബ്സിഡി ഉപയോഗപ്പെടുത്തിയാണ് കൂൺ കൃഷി ആരംഭിച്ചത്. 365 ദിവസവും കൂൺ ബെഡിൽ നിന്ന് ചെറിയ വരുമാനം ഇവിടെ ഇപ്പോൾ ലഭിക്കുന്നുണ്ട്. പല ബാച്ചുകൾ ആയി ബെഡുകൾ ക്രമീകരിച്ച് നിത്യവും ഉൽപാദനത്തിൽ സ്ഥിരത ഉറപ്പിക്കാൻ വിനീതയ്ക്ക് ഇപ്പോൾ കഴിയുന്നുണ്ട്. കൂൺ കൃഷിയിൽ വിപണി കണ്ടെത്തുകയാണ് ഏറെ പ്രധാനമെന്ന് ഈ വീട്ടമ്മ പറയുന്നു. കയ്യിൽ എത്തുന്ന ഉപഭോക്താക്കളെ നിലനിർത്തിയാൽ മാത്രമേ കൂൺ കൃഷിയിൽ വിജയം നേടാൻ സാധിക്കുകയുള്ളൂ. ദിവസവും വിളവെടുപ്പ് സാധ്യമാകണമെങ്കിൽ കൂൺ ബെഡും തയ്യാറാക്കണം. ഇതേ രീതിയിലാണ് ഇവിടത്തെയും കൃഷി. കയ്യെത്തും ദൂരത്തെ ലോക്കൽ വിപണിയിലാണ് വിനീതയുടെ ചിപ്പിക്കൂൺ വില്പന. അതുകൊണ്ടുതന്നെ ആവശ്യക്കാരിലേക്ക് കൂൺ എത്തിക്കാൻ ബുദ്ധിമുട്ടില്ല. വേനൽക്കാലത്ത് കൂൺ കൃഷിക്ക് നന പ്രധാനമായതുകൊണ്ട് ഇതിന് ആവശ്യമായ സാങ്കേതിവിദ്യകൾ തൻറെ ഫാമിൽ നടപ്പിലാക്കാനാണ് വിനീതയുടെ ഇപ്പോഴത്തെ ശ്രമം.
സീറോ ബഡ്ജറ്റ് കൃഷിരീതി
പശു അധിഷ്ഠിതമായ കൃഷി അല്ലെങ്കിൽ സീറോ ബഡ്ജറ്റ് കൃഷി എന്ന ഓമന പേരിട്ടിരിക്കുന്ന കൃഷി സമ്പ്രദായമാണ് വിനീത തൻറെ ചെറിയ സ്ഥലത്ത് നടപ്പിലാക്കിയിരിക്കുന്നത്. പൂർണമായും ജൈവരീതിയിലാണ് കാർഷിക ഉൽപാദനം. വീട്ടാവശ്യത്തിന് പാൽ ലഭ്യമാകാൻ വേണ്ടിയാണ് ആദ്യം പശുവിനെ വളർത്തിയതെങ്കിലും ഇപ്പോൾ വിനീതയുടെ കൃഷിക്ക് ആവശ്യമായ ചാണകവും മൂത്രവും ഈ ഒരൊറ്റ പശുവിൽ നിന്ന് തന്നെ ലഭ്യമാകുന്നു. ചാണകം കൂടാതെ വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ ആണ് കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്. ഇത് കൃഷിഭവൻ വഴി മിതമായ നിരക്കിൽ ഇവിടെ ലഭിക്കുന്നുണ്ട്.
നല്ല ആദായത്തിന് നല്ല വിത്തുകൾ
കൃഷിയിൽ വിജയിക്കാൻ ഒരു പ്രത്യേക വിജയ ഫോർമുല ഒന്നും തന്നെയില്ല. നല്ല മണ്ണും നല്ല വിത്തും മികച്ച വിളവിന് കാരണമാകുന്ന രണ്ട് ഘടകങ്ങളാണ്. കൃഷിക്ക് ആവശ്യമായ മികച്ച ഇനം വിത്തുകൾ കൃഷിഭവനിൽ നിന്നാണ് വിനീത ശേഖരിക്കുന്നത്. പയർ, തക്കാളി, വഴുതനങ്ങ, ചീര, തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഈ ഇത്തിരി സ്ഥലത്ത് നിലവിൽ കൃഷി ചെയ്യുന്നുണ്ട്. കൃഷിഭവൻ വഴി ലഭ്യമാകുന്ന ഹൈബ്രിഡ് വിത്തിനങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ വിളവാണ് ഇവിടെ ലഭിക്കുന്നത്. കീടങ്ങളെ അകറ്റുവാനും രോഗസാധ്യതകൾ കുറയ്ക്കുവാനും ജൈവ കീടനാശിനികൾ ഉപയോഗിക്കുന്നു.
താറാവാണ് താരം
താറാവ് വളർത്തലും വിനീതയ്ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നു. വീടിനോട് ചേർന്ന പ്രത്യേക ഷെഡിൽ ഏകദേശം മുന്നൂറോളം താറാവുകളെ വളർത്തുന്നു. ഇവയ്ക്ക് പ്രത്യേകമായി പടുതാകുളം ഒരുക്കിയിട്ടുണ്ട്. താറാവുകൾക്ക് രോഗങ്ങൾ വരാതെ സൂക്ഷിക്കുകയും, മികച്ച തീറ്റയും നൽകിയാൽ മികച്ച ലാഭം ഈ വളർത്തു പക്ഷികളിൽ നിന്ന് ലഭ്യമാക്കാം. ഗോതമ്പും അരിയുമാണ് തീറ്റയായി ഇവിടെ നൽകുന്നത്. നല്ല തൂക്കം ലഭ്യമാകുമ്പോൾ ഇറച്ചി ആവശ്യത്തിനായി പുറത്തേക്ക് വിൽക്കുന്നു. താറാവ് മുട്ടയ്ക്കും നല്ല വിപണി ഉള്ളതിനാൽ പ്രതിമാസം മികച്ച വരുമാനം ഇതിൽ നിന്ന് വിനീതയ്ക്ക് കിട്ടുന്നു.
കഷ്ടപ്പെടാൻ അല്പം മനസ്സുണ്ടെങ്കിൽ ആരുടെയും ആശ്രയം കൂടാതെ മികച്ച വരുമാനം ഇത്തിരി സ്ഥലത്തുനിന്ന് തന്നെ ലഭ്യമാക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീട്ടമ്മ.
Discussion about this post