കേരളത്തിൽ എല്ലാ കാലാവസ്ഥയിലും മികച്ച വിളവ് നൽകുന്നവയാണ് വെള്ളരി വർഗ്ഗ വിളകൾ. നിലവിലെ കണക്കനുസരിച്ച് 9894 ഹെക്ടർ വിസ്തൃതിയിൽ വെള്ളരി വർഗ്ഗവിളകൾ കേരളത്തിൽ കൃഷി ചെയ്തു വരുന്നുണ്ട്. മികച്ച അത്യുൽപാദനശേഷിയും രോഗപ്രതിരോധശേഷിയും ഉള്ള ഇനങ്ങൾ തെരഞ്ഞെടുത്ത് കൃഷി ചെയ്താൽ മികച്ച വിളവ് ലഭ്യമാകുന്നവയാണ് വെള്ളരി വർഗ്ഗ വിളകൾ. പാവലിൽ പ്രീതി, പ്രിയങ്ക തുടങ്ങിയ ഇനങ്ങളും, പടവല കൃഷിയിൽ മനുശ്രീ, കൗമുദി, ഹരിതശ്രീ തുടങ്ങി ഇനങ്ങളും, മത്തൻ ഇനങ്ങളിൽ അമ്പിളി, സുവർണ്ണ തുടങ്ങിയവയും വെള്ളരി വർഗ്ഗ ഇനങ്ങളിൽ മുടിക്കോട് ലോക്കൽ, അരുണിമ, സുവർണ്ണ തുടങ്ങിയ ഇനങ്ങളും, തണ്ണിമത്തൻ ഇനങ്ങളിൽ സ്വർണ്ണ, ശോണി തുടങ്ങിയ ഇനങ്ങളും, സാലഡ് വിഭാഗത്തിൽ ശുഭ്രാ, ഹീര തുടങ്ങി ഇനങ്ങളും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി കൃഷി ചെയ്യാൻ കഴിയുന്നവയാണ്
വെള്ളരി വർഗ്ഗവിളകളിലെ കീട -രോഗ സാധ്യതകളും നിയന്ത്രണ മാർഗങ്ങളും
വെള്ളരി വർഗ്ഗങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന ഒന്നാണ് ഇലത്തീനി പുഴുക്കളുടെ ആക്രമണം. പൂക്കളും കായ്കളും ആക്രമിക്കുന്ന പുഴുക്കളെ പ്രതിരോധിക്കുവാൻ ഏറ്റവും മികച്ചത് ഗോമൂത്രം കാന്താരി മിശ്രിതം തളിക്കുന്നതാണ്. ഇതുകൂടാതെ കായീച്ച ആക്രമണവും ഇവയിൽ കണ്ടു വരാറുണ്ട്. കായ്കൾ മൂപ്പുതുന്നതിന് മുൻപ് പഴുത്തു വീഴുന്നതാണ് ഇതിൻറെ ലക്ഷണം. കായീച്ച നിയന്ത്രണം പൂർണമായും പ്രതിരോധിക്കുവാൻ ബിവേറിയ കുമിൾപ്പൊടി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന് തോതിൽ കലക്കി തടങ്ങളിൽ ഒഴിച്ചുകൊടുക്കുന്നത് ഗുണം ചെയ്യും. ഇല്ലാത്തപക്ഷം ഫിറമോൺ കെണി, പഴക്കണി, തുളസി കെണി തുടങ്ങിയവ പൂവിടുന്നതിനോടൊപ്പം തന്നെ തോട്ടത്തിൽ സ്ഥാപിക്കുന്നതും നല്ലതാണ്. ചില സമയങ്ങളിൽ വെള്ളരി വർഗ്ഗവിളകളിൽ വിളകളുടെ ഇലകളിൽ ദ്വാരങ്ങൾ കാണപ്പെടാറുണ്ട്. ഇത് മത്തൻ വണ്ടിന്റെ ആക്രമണമാണ്. ഇതിനെ പ്രതിരോധിക്കുവാൻ തടത്തിൽ 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് നടുന്നതിന് മുൻപായി ചേർത്താൽ മതി. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ എന്നതോതിൽ തടങ്ങളിൽ ഒഴിച്ചു കൊടുക്കുന്നതും ഇലകളിൽ തളിക്കുന്നതും നല്ലതാണ്.
ഇലകളിൽ ചിത്രം വരച്ച പോലെ പാടുകൾ കാണപ്പെടുന്നത് ചിത്രകീടം ആക്രമിക്കുന്നത് കൊണ്ടാണ്. ഇതിന് ലെക്കാനിസീലീയം പൊടി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുത്താൽ മതി. രണ്ടാഴ്ച ഇടവിട്ട് ഇത് ഉപയോഗിക്കുന്നതാണ് നല്ലത്. കീടങ്ങളുടെ ആക്രമണം കൂടാതെ ചില സമയങ്ങളിൽ ധാരാളം രോഗസാധ്യതകളും ഇവയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുരുടിപ്പ് രോഗം. ചെടിയുടെ വളർച്ച മുരടിച്ചു പോകുന്ന ഈ രോഗത്തെ നിയന്ത്രിക്കുവാൻ ചെടികളിൽ രോഗസാധ്യത കാണുന്ന മുറയ്ക്ക് വേപ്പെണ്ണ സോപ്പ് എമൽഷൻ തളിച്ചു കൊടുക്കണം. കൂടാതെ വൈറസ് ബാധിച്ച ഇത്തരം ചെടികളെ പൂർണമായും നശിപ്പിക്കണം. വേപ്പിൻ സത്ത് ഉപയോഗിക്കുന്നതും ഇതിന് ഉത്തമമാണ്.
ചില സമയങ്ങളിൽ ചെടി പെട്ടെന്ന് വാടി മഞ്ഞളിച്ച് നശിച്ചു പോകുന്നതും കാണപ്പെടാറുണ്ട്. ഫ്യൂസേറിയം വാട്ടം ബാധിക്കുന്നതാണ് ഇത്. ചൂടുള്ള കാലാവസ്ഥയിൽ കാണപ്പെടുന്ന ഈ രോഗത്തെ പ്രതിരോധിക്കുവാൻ ജലസേചനം ഉറപ്പുവരുത്തണം. കൂടാതെ അധികമായി ജലം തടത്തിൽ കെട്ടി നിൽക്കാതെ നോക്കുകയും വേണം. ഈ രോഗസാധ്യത ഇല്ലാതാക്കുവാൻ ചെടിയുടെ കടയ്ക്കൽ മുൻകരുതലായി ട്രൈക്കോഡർമ സമ്പുഷ്ട ചാണകപ്പൊടി ഉപയോഗിച്ചാൽ മതി. ഇതു കൂടാതെ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടങ്ങളിൽ ഒഴിച്ചു കൊടുത്താലും മതി. കായ ചീയൽ രോഗവും കർഷകർക്ക് ഏറെ തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. ഇതിനെ ഇല്ലാതാക്കുവാൻ കീടബാധയേറ്റ കായ്കൾ ആദ്യം നശിപ്പിച്ചു കളയുകയാണ് ചെയ്യേണ്ടത്. കായ ചീയൽ രോഗം ഇല്ലാതാക്കാൻ പൊട്ടാസ്യം ഫോസ്ഫേണേറ്റ് മൂന്നു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മതി. വിളകൾക്ക് പുത ഇടുന്നതും നല്ലതാണ്. സ്യൂഡോമോണസും മേൽപ്പറഞ്ഞ അളവിൽ ഉപയോഗിക്കാം.
Discussion about this post