1983 ലെ വിഡ്ഢി ദിനത്തിൽ അമേരിക്കയിൽ മിഷിഗനിൽ നിന്നും ഇറങ്ങുന്ന Durand Express ൽ സ്തോഭജനകമായ ഒരു വാർത്ത വന്നു.നഗരത്തിലെ കുടിവെള്ള പൈപ്പുകളിൽ ഒരു അപകടകരമായ രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നുവത്രേ.
ആളുകൾ വളരെ സൂക്ഷിക്കണം. Hydroxic Acid, Di hydrogen monoxide, Hydrogen hydroxide, Oxidane എന്നൊക്കെയാണ് അതിന്റെ പേരുകൾ.ആ വസ്തുവിന്റെ സാന്നിധ്യം അമ്ല മഴയിൽ സ്ഥിരീകരിച്ചിട്ടുണ്ട് .അതിന് കടുകട്ടിയായ ലോഹങ്ങളെ ദ്രവിപ്പിക്കാൻ കഴിയുമത്രേ.അത് വലിയ അളവിൽ മൂക്കിൽ തട്ടിയാൽ ആൾക്കാർക്ക് ശ്വാസം മുട്ടൽ ഉണ്ടാക്കുന്നുണ്ട്. കൂടിയ ഊഷ്മാവിൽ അത് ദേഹത്ത് അപകടകരമായ പൊള്ളൽ ഉണ്ടാക്കുന്നു,കാൻസർ രോഗികളുടെ ശരീരത്തിലെ മുഴകളിൽ ഇത് വലിയ അളവിൽ കാണുന്നുണ്ട്, എല്ലാവരും കരുതിയിരിക്കണം എന്നൊക്കെയായിരുന്നു വാർത്തകൾ.ആളുകൾ പരിഭ്രാന്തരായി. പത്രമോഫീസുകളിൽ വിളിയോട് വിളിയായി.അവസാനം ഈ പറഞ്ഞതെല്ലാം H2O എന്ന നമ്മുടെ പാവം ‘വെള്ളത്തെ ‘കുറിച്ചായിരുന്നു എന്നും ഒരു ഏപ്രിൽ ഫൂൾ ആയി കരുതിയാൽ മതി എന്നും പറഞ്ഞു Durand Express തടി തപ്പി.നമുക്ക് ചുറ്റും കാണുന്ന എല്ലാ വസ്തുക്കളും ആവർത്തനപ്പട്ടികയിലെ (Periodic Table )ലെ ഏതെങ്കിലും മൂലകങ്ങളോ അവയുടെ സംയുക്തങ്ങളോ ആണെന്ന കാര്യം പലരും വിസ്മരിക്കുന്നു. ചിലതിനെ രാസം എന്നും ചിലതിനെ ജൈവം എന്നും എങ്ങനെ ആണ് വർഗീകരിക്കാൻ കഴിയുക?
നമ്മുടെ രക്ത സമ്മർദം ക്രമീകരിക്കാൻ കഴിവുള്ള പൊട്ടാസ്യവും(K) എല്ലാ ഭക്ഷണത്തിലും ഉള്ള നമ്മുടെ ‘സ്വൊന്തം’കാർബണും(C) നമ്മുടെ ചങ്കായ നൈട്രജനും(N) കൂടി ഒന്ന് ഇണ ചേർന്നാൽ ആരായി. പൊട്ടാസ്യം സയനയിഡ് (KCN ). അല്പം രുചിച്ചാൽ മതിയാകും, നേരേ പരലോകം പോകും.ഇനി അതിൽ കാർബൺ മാറി മൂന്ന് ഓക്സിജൻ ആറ്റങ്ങൾ വന്നാലോ? നല്ല ഒന്നാന്തരം വളമായ പൊട്ടാസ്യം നൈട്രേറ്റ്(KNO3) ആയി.അപ്പോൾ ഇത്രേം വ്യത്യാസമേ ഉള്ളൂ. ഒരേ കുടുംബക്കാരായ (ആൽക്കലി മെറ്റൽസ്) സോഡിയം, ക്ലോറിനുമായി ചേർന്നാൽ കറിയുപ്പും(NaCl), പൊട്ടാസ്യവുമായി ചേർന്നാൽ ഇന്തുപ്പും (KCl) ആയി. ഇതൊക്കെ പ്രകൃത്യാ തന്നെ കാണപ്പെടുന്നു.കടലിൽ നിന്നും കിട്ടുമ്പോൾ Sea salt എന്നും പാറകളിൽ നിന്നും ഖനനം ചെയ്തെടുക്കുമ്പോൾ Rock salt എന്നും പറയും.ഇതേ പോലെ തന്നെയാണ് യൂറിയയുടെ കാര്യവും. എല്ലാ ജീവികളുടെയും ഉപാപചയ പ്രവർത്തനങ്ങളുടെ ഭാഗമായി അമോണിയയും യൂറിയയും യൂറിക് ആസിഡും ഒക്കെ ഉണ്ടാകുന്നു. അവ രാസ രീതികൾ വഴിയും ഉണ്ടാക്കുന്നുണ്ട് . തന്മാത്ര തലത്തിൽ ഇവയൊക്കെ ഒന്ന് തന്നെ.
ഇന്നത്തെ നമ്മുടെ കഥാനായകൻ ഹൈഡ്രജൻ പെറോക്സയിഡ്(H2O2) ആണ്.വെള്ളം H2O ആണെങ്കിൽ അതിന്റെ കൂടെ ഒരു ഓക്സിജൻ കൂടി ചേരുമ്പോൾ ഹൈഡ്രജൻ പെറോക്സയിഡ് ( H2O2)ആയി. നിരുപദ്രവകാരിയായ വെള്ളത്തിന്റെ കൂടെ ഒരു പാവം ഓക്സിജൻ ചേരുമ്പോൾ എന്താ വ്യത്യാസം?എല്ലാ സൂക്ഷ്മജീവികളും വളരാൻ ഉള്ള കളിയരങ്ങാണ് വെള്ളം ഒരുക്കികൊടുക്കുന്നതെങ്കിൽ എല്ലാത്തിനെയും (സൂക്ഷ്മ ജീവികളെ ) കാലപുരിയ്ക്കയക്കാൻ ഉള്ള രണഭൂമിയാണ് H2O2 സൃഷ്ടിക്കുന്നത്. ആരോഗ്യമേഖലയിൽ ചെറിയ മുറിവുകളെ അണുവിമുക്തമാക്കാൻ ഹൈഡ്രജൻ പെറോക്സയിഡ് നേരിയ വീര്യത്തിൽ ഉപയോഗിക്കുന്നു.
പല്ല് വൃത്തിയാക്കാൻ ഡെന്റിസ്റ്കളും ഇത് പ്രയോജനപ്പെടുത്തുന്നു.
ഒരുപാട് വ്യവസായിക ഉപയോഗങ്ങളും ഉണ്ട്. പേപ്പർ, പൾപ് ഇൻഡസ്ട്രിയിൽ ഒക്കെ ഉപയോഗിക്കുന്ന ബ്ലീച്ചിങ് ഏജന്റ് ആണ് കൂടിയ വീര്യത്തിൽ ഉള്ള ഹൈഡ്രജൻ പെറോക്സയിഡ്.അതായത്, വേണ്ടി വന്നാൽ (വേണ്ടി വന്നാൽ മാത്രം ) കൃഷിയിലും ഉപയോഗിക്കാം എന്ന്. പെറോക്സയിഡുകൾ വെള്ളത്തിൽ അലിയുമ്പോൾ കൂടുതലായി ഓക്സിജനെ പുറത്തേക്ക് വിടും. (രണ്ട് ഓക്സിജൻ ആറ്റങ്ങൾ ഉണ്ടല്ലോ ). അവ സമ്പർക്കത്തിൽ വരുന്ന വസ്തുക്കളെ ഓക്സിഡൈസ് (oxidise )ചെയ്യും.അത് കൊണ്ടാണ് ഇതിനെ നല്ല ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കുന്നത്.കൃഷിയിൽ ഉപയോഗിക്കുമ്പോൾ ഡോസ് വളരെ പ്രധാനമാണ്.അമിതമായാൽ അമൃതും വിഷം.
ഹൈഡ്രജൻ പെറോക്സയിഡ് എങ്ങനെ ഉപയോഗപ്പെടുത്താം
വിത്തിൽ പുരട്ടി ഉപയോഗപ്പെടുത്താം
വിത്തിനു കൂടുതൽ ഓക്സിജൻ നൽകി മുള ശേഷി (germination ) കൂട്ടും.കുതിർക്കാൻ ഇടുന്നുണ്ടെങ്കിൽ ആ വെള്ളത്തിൽ 3%വീര്യത്തിൽ മാർക്കറ്റിൽ കിട്ടുന്ന ഹൈഡ്രജൻ പെറോക്സയിഡ് 5-10ml കലർത്താം. (ആദ്യം കുറച്ച് വൻപയർ വിത്തുകൾ ഇത്തരത്തിൽ മുളപ്പിച്ച് പരീക്ഷിക്കുക ).എന്നിട്ട് മാത്രം വില കൂടിയവയിൽ പരീക്ഷിക്കുക.
മണ്ണിനെ അണുവിമുക്തമാക്കാം
വാട്ട രോഗം(Wilt disease ) പോലെയുള്ള രോഗങ്ങൾ ബാധിച്ച ചെടികൾ നിന്ന മണ്ണിനെ അണുവിമുക്തമാക്കാൻ, ആ മണ്ണിൽ ഉപയോഗിച്ച കാർഷിക ഉപകരണങ്ങളെ അണു വിമുക്തമാക്കാൻ (disinfectant ) ഇതുപയോഗിക്കാം.
വേരുകൾക്ക് കരുത്ത് കൂട്ടാം
Hydroponics സമ്പ്രദായത്തിൽ വെള്ളത്തിൽ മുങ്ങി നിൽക്കുന്ന വേരുകൾക്ക് കൂടുതൽ ഓക്സിജൻ ലഭ്യമാക്കാൻ ഉപയോഗിക്കാം.
മീൻ വളർത്തലിൽ, വെള്ളത്തിലെ ഓക്സിജൻ ലഭ്യത കൂട്ടാൻ നിയന്ത്രിത അളവിൽ ഉപയോഗിക്കാം.
വെള്ളക്കെട്ട് മൂലമോ അമിതമായ ജലസേചനം മൂലമോ വേരുകൾക്ക് നാശം വന്ന്, Anaerobic Micro organism ങ്ങളുടെ പിടിയിൽ മണ്ണ് അകപ്പെട്ടുപോയെങ്കിൽ അവിടെ കൂടുതൽ ഓക്സിജൻ സൃഷ്ടിച്ച്,ഗുണപരമായ മാറ്റം കൊണ്ടുവരാനും ഹൈഡ്രജൻ പെറോക്സയിഡിന് കഴിയും.
അത്യാവശ്യം വരികയാണെങ്കിൽ ഇലകളിൽ പറ്റിയിരിക്കുന്ന മൃദുശരീരികളായ കീടങ്ങളെ (മീലി മൂട്ട, മുഞ്ഞ )എന്നിവയെ നശിപ്പിക്കാനും ഇതിന് കഴിയും.പൊടിപ്പൂപ്പ്(Powdery Mildew) മൃദു രോമപ്പൂപ്പ് (Downy Mildew ) രോഗങ്ങളെയും ഒരു പരിധി വരെ ഇത് നിയന്ത്രിക്കും.3%,6%,30% എന്നീ വീര്യത്തിൽ വിപണിയിൽ ലഭ്യമാണ് ഹൈഡ്രജൻ പെറോക്സയിഡ്.
ചെടികളിലും മണ്ണിലും ഇത് ഉപയോഗിക്കുന്നത് കൊണ്ട് തെറ്റുണ്ടെന്ന് തോന്നുന്നില്ല.
പക്ഷെ, നമുക്ക് കാർഷിക സർവ്വകലാശാലയുടെ പഠനഫലങ്ങൾക്കായി കാത്തിരിക്കാം. അവർ സ്വയമേവ പഠനങ്ങൾ നടത്തും എന്ന് പ്രത്യാശിക്കാം.
കൃഷി രാസമോ ജൈവമോ ആകട്ടെ… വിളവെടുക്കുമ്പോൾ അതിൽ പാഷാണക്കറ(Pesticide Residues ) ഉണ്ടാകാൻ പാടില്ല. Maalathion ണും Ekalux ഉം കീടങ്ങളെ കൊല്ലുന്നതു പോലെ തന്നെയാണ് പുകയിലക്കഷായവും പ്രവർത്തിക്കുന്നത്. വിളവെടുക്കുമ്പോൾ ഇതിൽ ഏതിന്റെ അംശം ഉണ്ടെങ്കിലും അപകടം തന്നെ.ജൈവമെന്ന് നമ്മൾ വിവക്ഷിക്കുന്ന കീടവിരട്ടികളിലും മറ്റും ഉപയോഗിക്കുന്ന സോപ്പും രാസവസ്തു തന്നെ.അതിന്റെ പ്രധാന ചേരുവ Caustic Soda (NaOH )ആണ്.ആയതിനാൽ,നോക്കീം കണ്ടുമൊക്കെ മാത്രം ഇതൊക്കെ കൃഷിയിൽ ഉപയോഗിക്കാം.
എഴുതി തയ്യാറാക്കിയത്
പ്രമോദ് മാധവൻ ,അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, സ്റ്റേറ്റ് അഗ്മാർക്ക് ഗ്രേഡിങ് ലേബർട്ടറി, ആലപ്പുഴ
Discussion about this post