കൃഷിയിടങ്ങളിൽ കൂടുതൽ ഉപയോഗപ്പെടുത്തുന്ന ജീവാണുവളമാണ് ഫ്ലൂറസെന്റ് സ്യൂഡോമൊണാസ്.1-2% വീര്യമുള്ള സ്യൂഡോമൊണാസ് ലായിനി മണ്ണിൽ ചേർക്കുവാനും, ചെടികളിൽ തളിക്കുവാനും കർഷകർ ഉപയോഗപ്പെടുത്തുന്നു. മണ്ണിൻറെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ബാക്ടീരിയകളാണ് ഇവ. ദണ്ഡ രൂപത്തിൽ കാണപ്പെടുന്ന ഈ ബാക്ടീരിയകൾ വിളകൾക്ക് രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും ചെടികളുടെ ഇല, വേര്, തണ്ട് മുതലായ പ്രതലങ്ങളിൽ വസിച്ചു ഇല്ലാതാക്കുന്നു. ചെടികളുടെ വേരു പടലത്തിന് ചുറ്റുമുള്ള മണ്ണിലും ഇവ പ്രവർത്തിക്കുന്നു.
ചെടികളുടെ വളർച്ച വേഗത്തിലാക്കുന്ന ജീവാണു വളം
ചെടികളുടെ വളർച്ച വേഗത്തിലാക്കുന്ന ഹോർമോണുകളായ സൈറ്റോകെനിൻ, അസറ്റിക് ആസിഡ് തുടങ്ങിയവ ഈ ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്നു ഇതുവഴി ചെടികളുടെ വേരിൻറെ വളർച്ച വേഗത്തിൽ ആകുന്നു. വിളകൾക്ക് നാശം ഉണ്ടാക്കുന്ന രോഗാണുക്കൾക്കെതിരെ ഇവ പലതരത്തിലുള്ള ആൻറിബയോട്ടിക്കുകൾ ഉല്പാദിപ്പിക്കുന്നു. ഇത് രോഗാണുക്കളുടെ നശീകരണം സാധ്യമാക്കുകയും ചെടികളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വിളകളിൽ എങ്ങനെ പ്രയോഗിക്കാം
അലങ്കാര ചെടികൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി എല്ലാതരവിളകളിലും ഉപയോഗിക്കാവുന്ന മിത്ര ബാക്ടീരിയകളാണ് ഇവ. കുരുമുളകിന്റെ ദ്രുതവാട്ടം, ഇഞ്ചി,മഞ്ഞൾ തുടങ്ങിയവയിൽ കാണപ്പെടുന്ന അഴുകൽ, അലങ്കാര ചെടികളിലെ ഇലപ്പുളി രോഗങ്ങൾ, വെറ്റില, വാനില തുടങ്ങിയവിളകളിൽ കാണപ്പെടുന്ന വിവിധ രോഗങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഇത് ഫലപ്രദമായി ഉപയോഗിക്കാം.തെങ്ങിൻറെ ഓല ചീയ്യൽ രോഗത്തിനെതിരെ ധാരാളം കർഷകർ ഉപയോഗപ്പെടുത്തുന്ന ജീവാണു വളം കൂടിയാണ് ഇത്.
പച്ചക്കറികൾ
വിത്ത് കിളിർത്ത ശേഷം 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളുടെ തവാരണങ്ങളിലും, ഗ്രോബാഗുകളിലും ഒഴിച്ചുകൊടുക്കുന്നത് തൈകളിലൂടെ വരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ അത്യുത്തമാണ്. കൂടാതെ പറിച്ചു നടുമ്പോൾ ഇവയുടെ വേരുകൾ 10 മിനിറ്റ് നേരം രണ്ട് ശതമാനം വീര്യമുള്ള ലായനിയിൽ മുക്കിവച്ചതിനുശേഷം നട്ടാൽ ബാക്ടീരയ, കുമിൾ പോലെയുള്ളവ ഉണ്ടാക്കുന്ന രോഗങ്ങളെ ഇല്ലാതാക്കാൻ ഗുണം ചെയ്യും.
ഇഞ്ചി
ഇഞ്ചിയിൽ പ്രധാനമായി കാണുന്ന അഴുകൽ രോഗത്തെയും മറ്റു വാട്ട രോഗങ്ങളെയും നിയന്ത്രിക്കുവാൻ നടുന്നതിനു മുൻപ് രണ്ട് ശതമാനം വീര്യമുള്ള സ്യൂഡോമൊണാസ് ലായനിയിൽ മുക്കി വയ്ക്കുക. രോഗങ്ങൾ കാണുന്ന മുറയ്ക്ക് മൂന്നുപ്രാവശ്യം രണ്ടാഴ്ച ഇടവിട്ട് ഇവ ചെടിയുടെ ചുവട്ടിൽ വേരു തൊടാതെ മണ്ണിൽ ഒഴിച്ച് കൊടുക്കുക.
കുരുമുളക്
കുരുമുളകിൽ കാണപ്പെടുന്ന രോഗങ്ങളെ നിയന്ത്രിക്കുവാൻ വള്ളികൾ നടുന്നതിനു മുൻപ് സ്യൂഡോമൊണാസ് ലായനിയിൽ മുക്കുക. കൂടാതെ വള്ളികൾ നട്ട് നാലാഴ്ച ഇടവിട്ട് 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായിനി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. വളർന്ന തൈകൾക്ക് ഇടവപാതിക്കും തുലാവർഷത്തിനും തൊട്ടുമുൻപായി ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്.
വെറ്റില, വാനില
വെറ്റിലയിലും വാനിലയിലും കണ്ടുവരുന്ന ഇലപ്പുള്ളി രോഗവും, അഴുകലും ഇല്ലാതാക്കാൻ ചെടികൾ നട്ടശേഷം 30 ദിവസം ഇടവിട്ട് ലായനി തളിച്ചു കൊടുത്താൽ മതി. ഇതിനൊപ്പം ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും ഗുണം ചെയ്യും. സ്യൂഡോമൊണാസ് ലായിനിയിൽ മുക്കിയ ശേഷം ചെടികൾ നടന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും കൂടുതൽ കായ്ഫലത്തിനും കാരണമാകും.
നെൽകൃഷി
നെല്ലിൽ കാണപ്പെടുന്ന പോള രോഗത്തെ പ്രതിരോധിക്കുവാൻ കർഷകർ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് സ്യൂഡോമൊണാസ്. 10ഗ്രാം സ്യൂഡോമൊണാസ് പൊടി ഒരു കിലോഗ്രാം വിത്തിന് എന്നതോതിൽ വിത്ത് മുളപ്പിക്കുവാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കലർത്തി ഏകദേശം 8 മണിക്കൂർ വയ്ക്കുക. വെള്ളം വാർത്തു കഴിഞ്ഞതിനുശേഷം ഇത് മുളപ്പിക്കുവാൻ വെച്ചാൽ മതി. ഞാറ് പറിച്ചു നടുമ്പോഴും സ്യൂഡോമൊണാസ് ലായനിയിൽ മുക്കി നടുക. നെല്ലിൽ കാണപ്പെടുന്ന പോളരോഗം പ്രതിരോധിക്കാൻ ഞാറ് പറിച്ചുനട്ട് മുപ്പതാം ദിവസം സ്യൂഡോമൊണാസ് ലായിനി ഇലകളിൽ തളിച്ചു കൊടുത്താലും മതി.
അലങ്കാര ചെടികൾ
ഓർക്കിഡില്‍ കാണപ്പെടുന്ന അഴുകൽ രോഗം, ആന്തൂറിയത്തിൽ കാണപ്പെടുന്ന ഇലപ്പുള്ളി രോഗങ്ങൾ, മറ്റു അലങ്കാര ചെടികളിൽ കാണപ്പെടുന്ന ബാക്ടീരിയൽ, ബ്ലൈറ്റ് രോഗങ്ങൾ തുടങ്ങിയവയെ ഇല്ലാതാക്കാൻ രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോമൊണാസ് ലായനി രോഗലക്ഷണങ്ങൾ കാണുന്ന മുറയ്ക്ക് ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും തളിക്കുന്നതും നല്ലതാണ്.
ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. രാസവളങ്ങൾക്കൊപ്പം ഇത് ഉപയോഗിക്കരുത്. രാസവളങ്ങൾ ഉപയോഗിച്ച് 15 ദിവസം കഴിഞ്ഞ് ഇത് ഉപയോഗിക്കാം.
2. മറ്റു ജീവാണുവളങ്ങളുമായി ചേർത്ത് ഉപയോഗിക്കാതിരിക്കുക.
3. അതിരാവിലെയും വൈകുന്നേര സമയങ്ങളിലും ഉപയോഗിക്കുക. മണ്ണിൽ ഈർപ്പമുള്ള സമയത്ത് ഉപയോഗിക്കുന്നത് കൂടുതൽ നല്ലതാണ്.
Discussion about this post