1998ല്‍ നബാര്‍ഡ് വിഭാവനം ചെയ്ത പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. അന്നത്തെ ആര്‍.വി.ഗുപ്ത കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കാര്‍ഷിക മേഖലയില്‍ സുതാര്യമായ വായ്പ ലഭിക്കാനുള്ള ബാങ്കുകളുടെ പദ്ധതിയാണ് കെസിസി അഥവാ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്.
ഇന്ന് സ്വര്‍ണ വായ്പകള്‍ യഥാര്‍ത്ഥ കര്‍ഷകരിലേക്ക് എത്തുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രസക്തിയേറുന്നത്. അടുത്തിടെ പല ബാങ്കുകളും അഗ്രികള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ നിര്‍ത്തലാക്കുകയോ അതിന്റെ നിബന്ധന കര്‍ശനമാക്കുകയോ ചെയ്യുന്നുണ്ട്. പ്രാഥമിക സര്‍വീസ് സഹകരണ ബാങ്ക്, കോര്‍പ്പറേറ്റീവ് ബാങ്കുകള്‍, സ്വകാര്യമേഖലാ ബാങ്കുകള്‍, പൊതുമേഖലാ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, കേരളത്തിലാണെങ്കില്‍ കേരളാ ഗ്രാമീണ ബാങ്കുകള്‍ എന്നിവയാണ് കെസിസി അഥവാ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നത്.
എന്താണ് കര്‍ഷകര്‍ക്ക് വേണ്ട യോഗ്യത? ആര്‍ക്കെല്ലാം വായ്പ ലഭിക്കും?
ജലസേചന സൗകര്യമുള്ള രണ്ടേക്കര്‍ ഭൂമി വേണമെന്നാണ് പ്രധാന നിബന്ധന. അത് ഇല്ലാത്ത കര്‍ഷകര്‍ പകരം പാട്ടക്കൃഷി അല്ലെങ്കില്‍ കൂട്ടുകൃഷി നടത്തുകയാണെങ്കില്‍ കെസിസി ലഭിക്കും. ഭൂമിയുടെ ഉടമസ്ഥന്റെ സമ്മതപത്രം ലഭിച്ചാല്‍ മതിയാകും. സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പിന് (പുരുഷ, വനിത സ്വയം സഹകരണ സംഘങ്ങള്‍) കെസിസി ലഭ്യമാണ്. അതിന് പുറമെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിനും (4 മുതല്‍ 10 വരെയുള്ള കര്‍ഷകരുടെ കൂട്ടായ്മ) കെസിസി ലഭ്യമാകും. ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപയും ഗ്രൂപ്പിന് 5 ലക്ഷം രൂപ വരെയും കെസിസി വഴി വായ്പ ലഭിക്കും.
എത്ര തുക കെസിസി വഴി അനുവദിക്കും?
കെസിസി വഴി ജാമ്യമൊന്നുമില്ലാതെ 1 ലക്ഷം രൂപ വരെയായിരുന്നു മുമ്പ് അനുവദിച്ചിരുന്നത്. ഇപ്പോള്‍ ഗവണ്‍മെന്റ് 1.6 ലക്ഷം രൂപ വരെയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥയില്‍ കൂടുതല്‍ തുക ലഭ്യമാകുന്നതാണ്. കെസിസിക്ക് കര്‍ഷകന്റെ ഭാഗത്ത് നിന്ന് മാര്‍ജിനായി പ്രത്യേകിച്ച് തുകയൊന്നും കൊണ്ടുവരേണ്ടതില്ല.
എത്രയാണ് പലിശ നിരക്ക്?
പലിശ നിരക്ക് ഓരോ ബാങ്കുകള്‍ക്കും വ്യത്യസ്തമാണ്. അത് ബാങ്കുകള്‍ക്ക് നിശ്ചയിക്കാനുള്ള അനുമതി ആര്‍ബിഐ കൊടുത്തിട്ടുണ്ട്. സാധാരണഗതിയില്‍ 7 ശതമാനം നിരക്കില്‍ 3 ലക്ഷം രൂപ വരെ കെസിസി ലഭ്യമാണ്. 3 ലക്ഷത്തിന് മുകളിലേക്കുള്ള ലോണ്‍ നിശ്ചയിക്കുന്നത് ഏത് വിള കൃഷി ചെയ്യുന്നു, അതത് വിളകള്‍ക്ക് ഡിസ്ട്രിക് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി ഓരോ വര്‍ഷവും നിശ്ചിത തുക ഓരോ വിളകള്‍ക്കും തീരുമാനിക്കും. അതനുസരിച്ചാണ് വായ്പ ലഭ്യമാകുക.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രായപരിധി
70 വയസ് വരെയുള്ള കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതാണ്.
എന്തൊക്കെയാണ് ബാങ്കിന്റെ മറ്റ് നിബന്ധനകള്‍?
ഓരോ വര്‍ഷവും കെസിസി വായ്പ ബാങ്ക് റിവ്യു ചെയ്യും. പലിശയടച്ച് പുതുക്കി വെക്കണം. അഞ്ച് വര്‍ഷം വരെ കാലാവധിയില്‍ ബാങ്ക് ലോണ്‍ പുതുക്കി നിശ്ചയിക്കും. ഓരോ തവണയും പ്രത്യേക ഡോക്യുമെന്റേഷന്‍ ആവശ്യമില്ല. പരമാവധി അനുവദിക്കുന്ന അഞ്ച് വര്‍ഷത്തേക്കുള്ള തുകയുടെ ഡോക്യുമെന്റ് ആദ്യ തവണ തന്നെ എടുത്താല്‍ മതിയാകും. ലോണ്‍ എടുക്കുന്നയാള്‍ ഒാരോ വര്‍ഷവും വന്ന് ഡോക്യുമെന്റില്‍ ഒപ്പിടേണ്ട കാര്യമില്ല. പ്രധാനമായും ആധാര്‍, ടാക്‌സ് പെയ്ഡ് റെസീപ്റ്റ് തുടങ്ങിയവ ഹാജരാക്കേണ്ടതാണ്. 3 ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവര്‍ക്ക് കെസിസി വായ്പയില്‍ പ്രോസസിംഗ് ചാര്‍ജ് ഇല്ല. പ്രത്യേകിച്ചൊരു അഡീഷണല്‍ ചാര്‍ജുമില്ല. മൂന്ന് ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് അതത് ബാങ്കുകള്‍ തീരുമാനിക്കും.
സബ്‌സിഡി ലഭ്യമാണോ?
കെസിസിയില്‍ സബ്‌സിഡിക്ക് പകരം ബാങ്കുകള്‍ ഉപയോഗിക്കുന്ന പദമാണ് ഇന്ററസ്റ്റ് സബ്‌വെന്‍ഷന്‍. സബ്‌സിഡി പോലെ 7 ശതമാനം പലിശയ്ക്ക് വായ്പയെടുക്കുന്നയാള്‍ക്ക് ഒരു വര്‍ഷത്തിനകം കൃത്യമായി തിരിച്ചടവിന് കഴിഞ്ഞാല്‍ 3 ശതമാനം സബ്‌സിഡി കഴിച്ച് 4 ശതമാനം പലിശയ്ക്ക് കെസിസി ലഭ്യമാകും.
ഇന്‍ഷൂറന്‍സ്
കര്‍ഷകര്‍ അപകടത്തില്‍ മരിച്ചാല്‍ 50,000 രൂപയും അപകടത്തിലൂടെ സ്ഥിരമായി അംഗവൈകല്യം വന്നുകഴിഞ്ഞാല്‍ 25,000 രൂപയും ഇന്‍ഷൂറന്‍സ് ലഭിക്കും. അത് ഒരു വര്‍ഷത്തേക്കുള്ള ലോണാണെങ്കില്‍ ആകെ ഇന്‍ഷൂറന്‍സ് തുക 15 രൂപ മാത്രമേയുള്ളൂ. 3 വര്‍ഷത്തേക്കാണ് ആ ഇന്‍ഷൂറന്‍സ് എടുക്കുന്നതെങ്കില്‍ 45 രൂപയുമാണ് പ്രീമിയം. ആ പ്രീമിയം 2:1എന്ന അനുപാതത്തില്‍, അതായത് 3ല്‍ രണ്ട് ഭാഗം ബാങ്കും ഒരു ഭാഗം കര്‍ഷകനും അടയ്‌ക്കേണ്ടതാണ്.
പ്രധാന്‍മന്ത്രി ഫസല്‍ ബീമ യോജന പ്രകാരം കര്‍ഷകര്‍ക്ക് കൃഷി നാശം, തുടക്കത്തില്‍ തന്നെ വിളനാശം സംഭവിക്കുക, കാലവര്‍ഷക്കെടുതികള്‍, പ്രളയം തുടങ്ങിയവ വന്നുകഴിഞ്ഞാല്‍ പ്രധാന്‍മന്ത്രി ഫസല്‍ ബീമ യോജന പ്രകാരം ആനുകൂല്യം ലഭിക്കും. അതിന്റെ പ്രീമിയം 1.5 ശതമാനം മുതല്‍ 5 ശതമാനം വരെ ഉള്ള നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പണം പിന്‍വലിക്കാനുള്ള മാര്‍ഗങ്ങള്‍
കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ എടിഎം കം ഡെബിറ്റ് കാര്‍ഡ് ആദ്യമേ ലഭിക്കും. അത് വഴി ഏത് എടിഎം വഴിയും പണം പിന്‍വലിക്കാം. ബാങ്കുകള്‍ക്ക് മുഖ്യ ശാഖകളില്ലാത്ത സ്ഥലങ്ങളില്‍ ബിസിനസ് കറസ്‌പോണ്ടന്‍സ് എന്ന ഒരു സംവിധാനമുണ്ട്. ശാഖകള്‍ പോലെയായിരിക്കില്ല, മിനിമം സൗകര്യങ്ങളുള്ള ബിസിനസ് കറസ്‌പോണ്ടന്‍സ് ഉണ്ടാകും.അവര്‍ക്ക് അവരുടേതായ സൈ്വപിംഗ് മിഷനുണ്ടാകും.അതുവഴിയും പണം പിന്‍വലിക്കാം. ഓരോ വ്യാപാരകേന്ദ്രങ്ങളിലും പോയിന്റ് ഓഫ് സെയിലുണ്ട്. അവിടെ നിന്നും പണം പിന്‍വലിക്കാം. സമാര്‍ട്ട് കാര്‍ഡുകള്‍ വഴിയും പണം പിന്‍വലിക്കാം.
എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് വായ്പ ലഭ്യമാകുന്നത്?
ഹ്രസ്വകാല വായ്പയാണ് ഇത്. പ്രവര്‍ത്തന മൂലധനം,വളം, കൃഷി ഉപകരണങ്ങള്‍ തുടങ്ങിയവ, വിളവെടുപ്പിനുള്ള സജ്ജമാക്കല്‍, വിറ്റഴിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം കെസിസി ലഭ്യമാകും.
കൃഷി ആവശ്യങ്ങള്‍ക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് കെസിസി ലഭ്യമാണോ?
കൃഷി അനുബന്ധമായ ആവശ്യങ്ങള്‍ക്കും കെസിസി ലഭിക്കും. മൃഗസംരക്ഷണം, ഫിഷറീസ്, ഡയറി, പൗള്‍ട്രി തുടങ്ങിയവയ്‌ക്കൊക്കെ 2 ലക്ഷം രൂപ വരെ കെസിസി ലഭ്യമാണ്.
പ്രത്യേക അക്കൗണ്ട് നിര്‍ബന്ധമാണോ?
കെസിസി തുടങ്ങുന്നവര്‍ക്ക് സാധാരണ സെയില്‍സ് ബാങ്ക് അക്കൗണ്ടുണ്ടാകും.ബാങ്കില്‍ എഫ്ഡി അക്കൗണ്ടുള്ളയാള്‍ക്ക് പ്രത്യേക അക്കൗണ്ട് തുടങ്ങേണ്ടതില്ല. അതിന് പകരം കെസിസി കം എസ്ബി അക്കൗണ്ട് എന്ന പേരില്‍ ഒരു അക്കൗണ്ട് മതിയാകും.
Discussion about this post