വിഷ രഹിതമായ പച്ചക്കറികൾ വീട്ടിൽ തന്നെ വിളയിച്ചെടുക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഈയടുത്ത് കാർഷിക സർവകലാശാല പുറത്തുവിട്ട കീടനാശിനി അവശിഷ്ട പരിശോധന റിപ്പോർട്ട് പ്രകാരം വിപണിയിൽ ലഭ്യമാകുന്ന 20% പച്ചക്കറികളിലും കീടനാശിനികളുടെ അംശം ഉണ്ട്. ഇത്തരം സാഹചര്യത്തിൽ നമ്മുടെ വീട്ടുവളപ്പിൽ ഒരു കൊച്ചു പച്ചക്കറിതോട്ടം ഉണ്ടാകുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. പച്ചക്കറി കൃഷി ചെയ്യുമ്പോൾ ധാരാളം പ്രതിസന്ധികൾ വരാറുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് നമ്മുടെ വിളകളെ കാർന്നുതിന്നുന്ന ഉപദ്രവകാരികളായ പ്രാണികൾ. വെള്ളീച്ച, കായീച്ച, മുഞ്ഞ, ഇലപ്പേനുകൾ, പുഴുക്കൾ അങ്ങനെ പോകുന്നു പ്രാണികളുടെ നീണ്ടനിര. എന്നാൽ ഇവയെല്ലാം പ്രതിരോധിക്കാനുള്ള കീട നിയന്ത്രണ ഉപാധികൾ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.
ജൈവ കീടനാശിനികൾ
പപ്പായ ഇല സത്ത്
പ്രധാനമായും ഇലതീനി പുഴുക്കളെ ഇല്ലാതാകാൻ ഉപയോഗിക്കുന്ന ജൈവകീടനാശിനി ആണ് പപ്പായ ഇലയുടെ സത്ത്. 100 മില്ലി ലിറ്റർ വെള്ളത്തിൽ 50 ഗ്രാം നുറുക്കിയ പപ്പായയില മുക്കി ഒരു രാത്രി ഇട്ടു വയ്ക്കുക. അതിനുശേഷം ഈ ഇലകൾ അടുത്തദിവസം ഞെരടി പിഴിഞ്ഞെടുത്തു ഈ സത്തിൽ നാലിരട്ടി വെള്ളം ചേർത്ത് ചെടികളുടെ ഇലകളിൽ തളിച്ചു കൊടുക്കുക.
ഗോമൂത്ര- കാന്താരിമുളക് ലായനി
പച്ചക്കറികളിൽ കാണുന്ന ഒട്ടുമിക്ക പ്രാണികളെയും അകറ്റാൻ ഇത് ഉപയോഗിക്കാം. ഒരു ലിറ്റർ ഗോമൂത്രത്തിൽ 10 ഗ്രാം കാന്താരിമുളക് അരച്ചുചേർക്കുക. അതിനുശേഷം ഈ മിശ്രിതത്തിലേക്ക് പത്ത് ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തളിച്ചു കൊടുക്കാം.
വേപ്പെണ്ണ കുഴമ്പ്
പച്ചക്കറികളിൽ കാണുന്ന നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെയും, ഇലതീനി പുഴുക്കളെയും, വണ്ടുകളെയും പ്രതിരോധിക്കാൻ വേപ്പെണ്ണ എമൽഷൻ ഉപയോഗിക്കാം. ഇതിനുവേണ്ടി 60 ഗ്രാം ബാർസോപ്പ് അരലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് എടുക്കുക. പിന്നീട് ഈ ലായനി ഒരു ലിറ്റർ വേപ്പെണ്ണയിൽ ചേർത്തിളക്കുക. ഇത് പത്തിരട്ടി വെള്ളം ചേർത്ത് പയർ ചെടിയിൽ ഉപയോഗിച്ചാൽ ചിത്രകീടം, പേനുകൾ തുടങ്ങിയവയെ ഇല്ലാതാക്കാം. ഇതിൽ 20 ഇരട്ടി വെള്ളം ചേർത്ത് വേണം ചുരക്ക,പടവലം തുടങ്ങിയ തുടങ്ങിയ വിളകളിൽ പ്രയോഗിക്കാം.
വേപ്പിൻ പിണ്ണാക്ക് സ്ലറി
ചെടികളുടെ വേരുകളെ ആക്രമിക്കുന്ന നിമാവിരകളെ ഇല്ലാതാക്കാൻ വേപ്പിൻ പിണ്ണാക്ക് സ്ലറി മണ്ണിൽ ചേർക്കുന്നത് നല്ലതാണ്. അടിവളത്തോടൊപ്പം വേപ്പിൻപിണ്ണാക്ക് ഇട്ടു കൊടുക്കുന്നതും ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താൻ നല്ലതാണ്. ഒരു ചതുരശ്ര മീറ്ററിന് 20 ഗ്രാം എന്ന തോതിൽ ഇതു കൊടുത്താൽ മതി.
പെരുവല മിശ്രിതം
പറമ്പുകളിൽ കാണപ്പെടുന്ന പെരുവലത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ പത്തിരട്ടി വെള്ളം ചേർത്ത് ചെടികളുടെ ഇലകളുടെ താഴെ തളിച്ചു കൊടുത്താൽ പുഴു ശല്യം ഇല്ലാതാക്കാം.
കരിനൊച്ചി മിശ്രിതം
മുഞ്ഞ, കായീച്ച തുടങ്ങിയവയെ അകറ്റാൻ ഒരു കിലോഗ്രാം കരിനൊച്ചിയില അര മണിക്കൂർ വെള്ളത്തിൽ തിളപ്പിക്കുക. തണുത്ത ശേഷം ഈ മിശ്രിതത്തിൽ അഞ്ച് ഇരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിച്ചു കൊടുക്കാവുന്നതാണ്.
വേപ്പെണ്ണ വെളുത്തുള്ളി കുഴമ്പ്
ഉപദ്രവകാരികളായ കീടങ്ങളെ നിയന്ത്രിക്കുവാൻ കൂടുതലും കർഷകർ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഇത്. ഒരു ലിറ്റർ ഇളംചൂടുവെള്ളത്തിൽ 5 ഗ്രാം ബാർസോപ്പ് ലയിപ്പിക്കുക. ഇതിലേക്ക് 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേർക്കുക. പിന്നീട് 20 മില്ലി വേപ്പെണ്ണയും ചേർത്ത് നന്നായി ഇളക്കി ഇലകളുടെ ചുവട്ടിൽ തളിച്ചു കൊടുക്കുക.
വേപ്പിൻകുരു സത്ത്
കായ് തുരപ്പൻ, തണ്ടുതുരപ്പൻ തുടങ്ങിയവയെ നിയന്ത്രിക്കാൻ 5 ശതമാനം വീര്യമുള്ള വേപ്പിൻ സത്ത് ഉപയോഗപ്പെടുത്താം. ഇതിനുവേണ്ടി 50 ഗ്രാം മൂപ്പെത്തിയ വേപ്പിൻ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ മുക്കി വെക്കുക. അതിനുശേഷം ഈ കിഴി പലതവണ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞു സത്തു എടുക്കുക.
പുകയില കഷായം
തണ്ടുകൾക്കുള്ളിൽ തുരന്നു കയറുന്ന, ഇലകളെ കാർന്നുതിന്നുന്ന ശത്രു പ്രാണികളെ അകറ്റാൻ പുകയിലക്കഷായം അത്യുത്തമമാണ്. അരക്കിലോ പുകയില ചെറുതായി അരിഞ്ഞ് നാലര ലിറ്റർ വെള്ളത്തിൽ ഒരു ദിവസം മുക്കിവച്ചശേഷം ഇത് പിഴിഞ്ഞ് മാറ്റുക. പിന്നീട് ലഭിക്കുന്ന സത്തിലേക്ക് 120 ഗ്രാം ബാർസോപ്പ് അരലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചേർക്കുക. ഇവ നല്ലപോലെ ഇളക്കി ഏഴ് ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തളിച്ചു കൊടുക്കുക.
Discussion about this post