കാലാവസ്ഥാ വ്യതിയാനം എങ്ങനെ ആണ് ചില അപ്രസക്ത കീടങ്ങളെ അജയ്യരാക്കി മാറ്റിയത് എന്നുള്ളതിന് മണ്ഡരികളോളം മികച്ച ഉദാഹരണമില്ല.
തെങ്ങിൽ കാറ്റുവീഴ്ചയും കൊമ്പൻ -ചെമ്പൻ ചെല്ലിമാരും കൂമ്പ് ചീയൽ രോഗവും കൊടുമ്പിരി കൊണ്ടിരുന്ന തൊണ്ണൂറുകളുടെ അന്ത്യത്തിൽ ആണ് അവരെയെല്ലാം പിന്നിലാക്കിക്കൊണ്ട് തേങ്ങയിലെ കരപ്പൻ മണ്ഡരീ (Eriyophis guerreronis )പിടി മുറുക്കിയത്.
അതിനെതിരെ സർക്കാർ തലത്തിൽ ക്യാമ്പയിനുകളും മരുന്ന് തളിയും ഒക്കെ നടത്തിയെങ്കിലും തെങ്ങ് എന്ന മരത്തിൽ ഓരോ മാസവും ഒന്ന് എന്ന കണക്കിൽ ഉണ്ടാകുന്ന പൂങ്കുലകളിൽ യഥാവിധി തുടർമരുന്ന് തളി നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും കാറ്റിലൂടെ പാറിപ്പറന്നു പകരാനുള്ള മണ്ഡരിയുടെ വിരുതും ഒക്കെക്കൊണ്ട് ഇന്നും അത് സജീവമായി നിൽക്കുന്നു, കർഷകർക്ക് അത് ശീലമായി മാറിയിരിക്കുന്നു.
കാർബൺ ഉത്സർജ്ജനം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സയിഡിന്റെ സാന്ദ്രതയിൽ വ്യത്യാസം വരുത്തുമ്പോൾ അത് ചെടിയുടെ ഉപാപചയ (metabolism )ത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വിളകളിൽ ലോലമായ രുചിഭേദങ്ങൾ വരുത്തുന്നുണ്ടാകാം. അത് മൂലം മുഞ്ഞ, വെള്ളീച്ച, മണ്ഡരീ, ഇലപ്പേൻ, മീലി മൂട്ട, ഗാളീച്ച, ചിത്രകീടം പോലെയുള്ള കീടങ്ങൾക്ക് ചെടിയുടെ ഇലച്ചാറുകൾ കൂടുതൽ രുചികരമായി തോന്നുന്നുണ്ടാകാം.
ഒരു വീട്ടിൽ ഏതാണ്ട് എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയാണ് മുളക്. കുടുംബത്തിന്റെ പൊതുവിലുള്ള സ്വീകാര്യത അനുസരിച്ച് ഉണ്ട മുളക്, നീണ്ട മുളക്, കാന്താരി മുളക്, പാൽ മുളക് എന്നിങ്ങനെ പല തരം ഇനങ്ങൾ വീടുകളിൽ വളർത്തി വരുന്നു.
നമ്മുടെ കാലാവസ്ഥയിൽ മുളകിനെ ഏറ്റവും കൂടുതൽ കുരുടിപ്പിക്കുന്ന ജീവികൾ ആണ് മണ്ഡരികൾ (Mites ). പ്രായ പൂർത്തിയായ മണ്ഡരിയ്ക്കു എട്ടു കാലുകളും മണ്ഡരി കുഞ്ഞന്മാർക്ക് ആറ് കാലുകളും ഉണ്ടാകും. ഇലയുടെ അടിവശത്ത് മുട്ടയിടുന്ന തള്ള മണ്ഡരിയുടെ മുട്ടകൾ വിരിഞ്ഞ് 6-10ദിവസം കൊണ്ട് പൂർണ വളർച്ചയെത്തും.
ഇവ കൂട്ടമായി ഇരുന്നും കിടന്നും നീരൂറ്റുന്നതോടെ ഇലകളുടെ തണ്ട് നീണ്ട് അടിയിലേക്ക് വളഞ്ഞു കുരുടി കാണപ്പെടും.(Inverted Boat shape, sickle shape ).
മുളക് ചെടി ശാഖകളാകാൻ തുടങ്ങുന്നതിന് മുൻപ് ഇവ പീഡനം തുടങ്ങും.
കേട് ബാധിച്ച മുളക് ചെടി നിൽക്കെ തന്നെ പുതിയ തൈകൾ കൊണ്ട് നടുന്നത് കൊണ്ട് പുള്ളിയ്ക്ക് വലിയ സന്തോഷം. പുതിയ ഇരയെ തേടി അലയേണ്ടല്ലോ?
എന്താ വാര്യരേ പ്രതി വിധി?
കണ്ണിൽ എണ്ണ ഒഴിച്ച് പരിപാലിച്ചാൽ രക്ഷപ്പെടാം.
തുടക്കം മുതൽ തന്നെ 2%വീര്യമുള്ള വേപ്പെണ്ണ -വെളുത്തുള്ളി -ബാർ സോപ്പ് മിശ്രിതം അല്ലെങ്കിൽ കാന്താരി മുളക് -വെളുത്തുള്ളി -മണ്ണെണ്ണ മിശ്രിതത്തിൽ നിമ്പിസിഡിൻ കലർത്തിയത് ചേർത്ത് ഇലയുടെ അടിവശത്ത് തളിച്ച് കൊടുത്തു കൊണ്ടിരിക്കണം.
വെള്ളത്തിൽ അലിയുന്ന ഗന്ധകപ്പൊടി (Wettable Sulphur, Sulfex )3ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ഒരു മില്ലി പശ (Stanowet, Helper, Cloud, Indtron ഇവയിൽ ഏതെങ്കിലും ) ചേർത്ത് മുൻകരുതലായി മുളക് തൈകൾ സജീവമായി വളർന്ന് തുടങ്ങുമ്പോൾ തളിക്കാം.
വളരെ ഫലപ്രദമായ മണ്ഡരി നാശിനികൾ വിപണിയിൽ ലഭ്യമാണ്. Oberon (Spiromecifen )0.75ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നന്നായി ഇലകളിൽ തളിച്ച് കൊടുക്കാം. കുരുടി നിൽക്കുന്ന ചെടികളുടെ കുരുടിയ ഭാഗങ്ങൾ മുറിച്ച് മാറ്റി തീയിലിട്ടതിന് ശേഷം വേണം അതിനുള്ള മരുന്നുകൾ ചെയ്യാൻ. ഇത്തരം മരുന്നുകൾക്ക് വിലയും കൂടുതലാണ്.
ഇതര സംസ്ഥാനങ്ങളിലെ കർഷകർ വിളയിച്ചു കൊണ്ട് വരുന്ന മുളകുകൾ ഈ മരുന്നുകളിൽ ആറാടിയാണ് വരുന്നത് എന്ന് പറയേണ്ടതില്ലല്ലോ.
തമിഴ് നാട് കാർഷിക സർവ്വകലാശാലയുടെ വെബ്സൈറ്റിൽ ഈ കീടത്തിനെതിരെ ഒൻപത് മരുന്നുകൾ നിർദേശിച്ചിട്ടുള്ളത് കാണാം.
ആയതിനാൽ ഉത്തമനോട് എനിയ്ക്ക് പറയാനുള്ളത് എന്തെന്നാൽ..
മണ്ഡരി ബാധിച്ച ചെടികൾ നിൽക്കുമ്പോൾ അതിന്റെ അടുത്ത് കൊണ്ട് പോയി പുതിയ മുളക് നടരുത്.
ഉത്പാദന ക്ഷമത (Economic life )കഴിഞ്ഞാൽ പിന്നെ മൂത്തതും മുരടിച്ചതും മൂക്കിൽ പല്ല് വന്നതുമായ ചെടികളെ കോമ സ്റ്റേജിൽ നിർത്തരുത്. അത് കത്തിച്ചു കളയണം. (കാർബൺ തുലിത സമീപനത്തിനെതിരാണ് ). എങ്കിലും പൂർവികർ പറഞ്ഞത് ‘പുഴു തിന്ന വിള മഴു കൊണ്ട് കൊയ്യണം ‘എന്നാണല്ലോ.
അവർ (ഇതര സംസ്ഥാന ഭക്ഷ്യ ഉത്പാദകർ )ഒൻപത് തവണ രാസവസ്തുക്കൾ തളിച്ച് കൊണ്ടുവരുന്ന പാഷാണം കഴിക്കുന്നതിനേക്കാൾ നല്ലത് യഥാവിധി രോഗ കീടങ്ങൾ വരാതെ നോക്കുകയും വന്ന് കഴിഞ്ഞാൽ കാർഷിക സർവ്വകലാശാല ശുപാർശ ചെയ്ത മരുന്നുകൾ ശരിയായ മാത്രയിൽ നല്ല സ്പ്രേയെറുകൾ ഉപയോഗിച്ച് തളിക്കുകയും ചെയ്യുക എന്നതാണ്.
(ജൈവ തീവ്രവാദികൾ എന്നോട് ക്ഷമിക്കുക ).
എന്റെ പ്രിയ സുഹൃത്തും കൃഷി വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീമതി. ചിത്ര. K. പിള്ള നൽകിയ ഒരു ശുപാർശ
50 ഗ്രാം ഉലുവ 8 ലിറ്റർ വെള്ളത്തിൽ 5 – 10 മിനിറ്റ് തിളപ്പിച്ച് തണുപ്പിച്ചു സ്പ്രേ ചെയ്യാം . കർഷകർ സാക്ഷ്യപ്പെടുത്തിയതാണ്
എഴുതി തയ്യാറാക്കിയത് പ്രമോദ് മാധവൻ, കൃഷി ഡയറക്ടർ, ദേവികുളം, ഇടുക്കി
Discussion about this post