കര്‍ഷകയായിരുന്ന അമ്മയില്‍ നിന്ന് കിട്ടിയ കൃഷി അറിവുകള്‍ എപ്പോഴും മനസില്‍കൊണ്ടുനടന്നിരുന്നതാണ് ഫോട്ടോഗ്രാഫറായിരുന്ന സി.കെ.മണിയെ ഒരു മികച്ച ജൈവകര്‍ഷകനാക്കി മാറ്റിയത്. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സ്വദേശിയായ ഇദ്ദേഹം 46 വര്‍ഷത്തെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി ജീവിത്തിന് വിരാമമിട്ടാണ് പൂര്‍ണമായും കൃഷിയിലേക്കിറങ്ങിയത്. ഇപ്പോള്‍ 11 വര്‍ഷമായി മട്ടുപ്പാവിലും കൃഷിയിടത്തിലുമായി മറുനാടന്‍ പച്ചക്കറികളടക്കം വിവിധ ഇനം പച്ചക്കറികള്‍ കൃഷി ചെയ്യുന്നു.
കേരളത്തില്‍ അധികം കൃഷി ചെയ്യാത്ത ചോളം, റാഗി, ജര്‍ജര്‍, റാഡിഷ്, കോളിഫ്്ളവര്‍, കൊച്ചുള്ളി, സവാള തുടങ്ങിയവയെല്ലാം ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മറുനാടന്‍ പച്ചക്കറികളുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പ് പറക്കോട് എഡിഎം റോഷന്‍ ജോര്‍ജ് കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിന് നല്‍കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്, കൃഷിവകുപ്പ് അധികൃതര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വിളവെടുപ്പ് നടന്നത്.
ജീവിതചര്യ രോഗങ്ങള്‍ കാരണം മനുഷ്യന്‍ ബുദ്ധിമുട്ടുന്നത് കണ്ടിട്ടാണ് ജൈവകൃഷിയിലേക്ക് തിരിയുന്നതിനെ കുറിച്ച് സികെ മണി തീരുമാനിച്ചത്. ഒരു ചെടി പുഷ്പിക്കുമ്പോഴും ഫലം തരുമ്പോഴും കിട്ടുന്ന ആനന്ദം മറ്റേതൊരു പ്രൊഫഷണിലും കിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കൃഷിയില്‍ എല്ലാ വിധ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്.
Discussion about this post