ചേര്‍ത്തല തെക്ക് കൃഷിഭവനോട് ചേര്‍ന്ന് അരയേക്കറില്‍ കൃഷമന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തില്‍ കൃഷിഭവനിലെ ജീവനക്കാര്‍ നടത്തുന്ന മാതൃകാ കൃഷിയുടെ വിളവെടുപ്പ് നടന്നു. ചീരക്കൃഷിയുടെയും പച്ചക്കറികൃഷിയുടെയും വിളവെടുപ്പാണ് നടന്നത്. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന ആശയത്തില്‍ അതിജീവനം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രിയുടെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷാണ് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആലപ്പുഴ എം.പി. എ.എം ആരിഫും പങ്കെടുത്തു.
എല്ലാവരും കൃഷിയിലേക്ക് എന്ന ആശയം നടപ്പിലാക്കാന്‍ കൃഷി മന്ത്രി തന്നെ കൃഷിയിലേക്കിറങ്ങിയത് മാതൃകാപരമായ പ്രവൃത്തിയാണെന്നും ഇത് സര്‍ക്കാരിന് അഭിമാനനിമിഷമാണെന്നും വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സ്പീക്കര്‍ പറഞ്ഞു.
കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതിയിലാണ് ഇവിടെ മാതൃകാ കൃഷിത്തോട്ടമൊരുക്കിയത്. പ്രധാനമായും ചെറുധാന്യങ്ങളുടെ കൃഷിയാണ് ആരംഭിച്ചത്. ഒപ്പം പച്ചക്കറിയും പൂക്കളുമുണ്ട്. ഡ്യൂട്ടി സമയം ഒഴിവാക്കി രാവിലെയും വൈകീട്ടുമാണ് ജീവനക്കാര്‍ ഇവിടെ കൃഷി ചെയ്യുന്നത്. ചേര്‍ത്തലയില്‍ എത്തുന്ന ദിവസങ്ങളില്‍ മന്ത്രിയും ഇവര്‍ക്കൊപ്പം കൃഷിയില്‍ സജീവമായുണ്ടാകും. അതിരാവിലെ പാടത്തെത്തുന്ന മന്ത്രി ഒരു മണിക്കൂറോളം കൃഷിത്തോട്ടത്തില്‍ ചെലവഴിച്ചാണ് മടങ്ങാറുള്ളത്.
Discussion about this post