നമ്മുടെ സംസ്ഥാനം വീട്ടുവളപ്പിലെ കൃഷിക്ക് പ്രസിദ്ധമാണ്. വീട്ടുവളപ്പില്‍ നാം ചെയ്യുന്ന കൃഷിയില്‍ അധികവും സമ്മിശ്രവിളരീതിയാണ് അവലംബിക്കുന്നത്. തെങ്ങും കവുങ്ങും കുരുമുളകും വാഴയും പച്ചക്കറിയും ആടും പശുക്കളും കോഴികളുമടങ്ങുന്ന ഒരു മിശ്രിതകൃഷിരീതിയാണ് വീട്ടുവളപ്പില്‍ നാം ചെയ്തുപോരുന്നത്. എന്നാല്‍ തോട്ടവ്യവസ്ഥയിലോ വാണിജ്യകൃഷി രീതികളിലോ ഇത്തരത്തിലൊരു സമ്പ്രദായം മലയാളി സ്വീകരിക്കുന്നില്ല.
വാഴകൃഷി ചെയ്യുകയാണെങ്കില്‍ അതുമാത്രം, അല്ലെങ്കില്‍ തെങ്ങോ, റബറോ വിസ്തൃതമായ കൃഷിയിടങ്ങളില്‍ ഏകവിളയായി ചെയ്തുപോരുകയാണ് അധികംപേരും. എന്നാല്‍ ഒരുസ്ഥലത്തുനിന്നും പരമാവധി ഉത്പാദനം സാധ്യമാക്കി, ജലസേചന സൗകര്യങ്ങളും സൂര്യപ്രകാശ ലഭ്യതയും കൂട്ടിച്ചേര്‍ത്തുകൊണ്ട് കൃഷി നടത്തുന്നത് ലാഭകരവും ഒപ്പം സുസ്ഥിരവുമായിരിക്കും. ഇങ്ങനെ ചെയ്യുന്നതുവഴി കര്‍ഷകന് അധികവരുമാനം ലഭിക്കും. ഏതെങ്കിലും ഒരു കാര്‍ഷികോത്പന്നത്തിന്റെ വിലയിടിവിനെ നേരിടാനും കഴിയും. ഏതെങ്കിലും ഒരു ഉത്പന്നത്തിന്റെ വിലകുറഞ്ഞാല്‍ മറ്റ് കാര്‍ഷികോത്പന്നങ്ങളുടെ വരുമാനം വഴി കര്‍ഷകന് പിടിച്ചുനില്‍ക്കാന്‍ കഴിയും. അതിന് ചില കാര്‍ഷിക ഗൃഹപാഠങ്ങള്‍ ചെയ്താല്‍ മാത്രം മതി. സമ്മിശ്രകൃഷി നടത്തുന്നതിന് സഹായിക്കുന്ന ചില ഉദാഹരണങ്ങള്‍ നോക്കാം.
തെങ്ങിന്‍തോട്ടം
ഒറ്റവിളയായി തെങ്ങ് കൃഷിചെയ്യുന്ന ഒട്ടനവധി തോട്ടങ്ങള്‍ കേരളത്തിലുണ്ട്. സമ്മിശ്രകൃഷി രീതികള്‍ ഇവിടെ പരീക്ഷിക്കാവുന്നതാണ്. തെങ്ങുകള്‍ക്കിടയിലെ എട്ടുമീറ്റര്‍ അകലം ഇതിന് സഹായകമാണ്. തെങ്ങിന്‍ തൈവച്ച് ആദ്യത്തെ ഏഴെട്ടു വര്‍ഷവും 25 വര്‍ഷത്തിനു ശേഷവും ലാഭകരമായി ഇടവിളകള്‍ കൃഷിചെയ്യാം. ഞാലിപ്പൂവന്‍ വാഴ, മരച്ചീനി, കൊക്കോ, ജാതി, പപ്പായ, മുരിങ്ങ എന്നീ വിളകള്‍ കൃഷിചെയ്യാവുന്നതാണ്. പച്ചക്കറിവിളകള്‍, ഇഞ്ചി, മഞ്ഞള്‍, കച്ചോലം, തീറ്റപ്പുല്ല് എന്നിവയും ആദ്യകുറച്ചുവര്‍ഷങ്ങളില്‍ ലാഭകരമായി ചെയ്യാവുന്നതാണ്. കൂടാതെ വലിപ്പമുള്ള തെങ്ങുകില്‍ കുരുമുളക് പടര്‍ത്തുന്നതും വ്യാപകമാകുന്നുണ്ട്. ഇങ്ങനെ നോക്കുന്‌പോള്‍ കേരകൃഷിത്തോട്ടം ഒരു പൂങ്കാവനമായി മാറും.
കമുക്
കമുകിന് ഇടയകലം 2.7 മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെയാണ്. വാഴ, കമുകിന്‍തോട്ടത്തിലെ മികച്ചഇടവിളയാണ്. കൂടാതെ പയറും വാനിലയും കുരുമുളകും ലാഭകരമായി കൃഷിചെയ്യാം. ഇടയകലം കുറഞ്ഞുപോകാതെ നോക്കണം. വെള്ളത്തിനും വളര്‍ച്ചാഘടകങ്ങള്‍ക്കും വേണ്ടി ഒരേരീതിയില്‍ വേരുകളുണ്ടാകുന്ന ചെടികളെ അടുത്തടുത്ത് നടരുത്. ഇവയുടെ വേരുകള്‍ മൂലമുള്ള മത്സരം മുഖേന ചെടികള്‍ക്ക് വളര്‍ച്ചാഘടകങ്ങള്‍ ലഭിക്കുന്നത് കുറഞ്ഞുപോകാനിടയുണ്ട്.
റബര്‍
കേരളത്തില്‍ റബര്‍ മാത്രം കൃഷിചെയ്യുന്ന തനിവിളത്തോട്ടങ്ങളാണ് 95 ശതമാനവും. റബര്‍തൈ വച്ച് ആദ്യ മൂന്നുവര്‍ഷം വിജയകരമായി ഇടവിളകള്‍ കൃഷി ചെയ്യാം. വാഴ, പച്ചക്കറികള്‍, മഞ്ഞള്‍, തീറ്റപ്പുല്ല് എന്നിവ ഈ സമയത്ത് ചെയ്യാവുന്നതാണ്. കറയെടുക്കുന്ന മരങ്ങളുള്ള റബര്‍തോട്ടത്തില്‍ കാന്താരിമുളകുപോലെ തണലിഷ്ടപ്പെടുന്ന വിളകള്‍ പരീക്ഷിക്കാം. കാന്താരിയുടെ വേരും റബറിന്റെ വേരും തമ്മില്‍ വളര്‍ച്ചാ ഘടകങ്ങള്‍ക്കായി ഒരു മത്സരവും ഉണ്ടാകില്ല.
വാഴ
വാഴക്കൃഷിയിലും രണ്ടുമീറ്റര്‍ ഇടയകലം നല്‍കുന്നുണ്ട്. പച്ചക്കറികളായ പയറും വെണ്ടയും ചീരയും ഫലപ്രദമായി കൃഷിചെയ്യാം. വാഴ നനയുന്‌പോള്‍ ചീരയും നനയും എന്ന ചൊല്ലുപോലുമുണ്ട്. വാഴത്തോട്ടത്തില്‍ വന്‍പയര്‍ വിതച്ചുകൊടുത്താല്‍ 45 ദിവസം കഴിയുന്‌പോള്‍ ആവശ്യമായ ജൈവവളം ലഭ്യമാകും. ചെണ്ടുമല്ലികൃഷി ഒരു മികച്ച ഇടവിളയാക്കുന്നതോടൊപ്പം നിമാവിരകളെ അകറ്റി നിര്‍ത്താനും സഹായകമാണ്. വിലയിടിവിനും ഉത്പാദനച്ചെലവിനും മുന്പില്‍ പകച്ചുനില്‍ക്കാതെ പ്രാദേശികമായ സമ്മിശ്രവിളരീതികള്‍ പരീക്ഷിച്ചാല്‍ മാത്രമേ മികച്ച വരുമാനത്തോടൊപ്പം ഉത്പാദന നേട്ടവും സ്വായത്തമാക്കാന്‍ സാധിക്കൂ.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post