മെക്കാനിക്കല്‍ എഞ്ചിനീയറായുള്ള പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ കോട്ടയം ളാക്കാട്ടൂര്‍ ചേപ്പുംപാറ സ്വദേശി തോമസ് കുട്ടിയ്ക്ക് ഇനിയെന്ത് എന്നതില്‍ ആശയക്കുഴപ്പമുണ്ടായിരുന്നില്ല. കോട്ടയത്തെ പഴയ കര്‍ഷക കുടുംബത്തിന്റെ പാരമ്പര്യവുമായി കൃഷിയെന്ന വിശാല ലോകത്തേയ്ക്കാണ് 2016ല്‍ തോമസ് കുട്ടി കടന്നെത്തിയത്. പതിനാറ് ഏക്കറിലേറെ വരുന്ന സ്ഥലത്ത് പശുവളര്‍ത്തലും കോഴിഫാമും തെങ്ങ് കൃഷിയും തുടങ്ങി. ബ്രാന്‍ഡ് ചേപ്പുംപാറ കൂട്ടായ്മ എന്ന സുഹൃത്ത് സംഘത്തിന്‌റെ സഹായത്തോടെ മീന്‍ വളര്‍ത്തലിലേക്ക് കടന്നു.
രാവിലെ പാല്‍വിതരണത്തില്‍ തുടങ്ങുന്നതാണ് തോമസ് കുട്ടിയുടെ ഒരു ദിവസം. ബാക്കി സമയം തെങ്ങിന്‍ തോട്ടത്തിലും ഫാമിലും മീനുകളുടെ പരിചരണവുമെല്ലാമായി ചെലവഴിക്കും. ജോലിക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി എപ്പോഴും കൂടെ നില്‍ക്കും.
കൃഷി ലാഭത്തിലേക്ക് എത്താന്‍ ഇനിയും മൂന്നരവര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് തോമസ് കുട്ടിയുടെ കണക്കുകൂട്ടല്‍. ഫാമില്‍ നിന്നും മീന്‍ വളര്‍ത്തലില്‍ നിന്നുമാണ് ചെറുതായെങ്കിലും സ്ഥിരവരുമാനം ഇപ്പോഴുള്ളത്.
നൂറ് ശതമാനം ആത്മാര്‍ഥതയോടെ കഠിനാധ്വാനം ചെയ്യുക എന്നതാണ് ഈ കര്‍ഷകന്‌റെ ആപ്തവാക്യം.വിജയം പിന്നാലെ എത്തുമെന്ന് ഇദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. തെങ്ങിന്‍ തോപ്പും ഫാമും മീന്‍വളര്‍ത്തലുമെല്ലാം വ്യാപിപ്പിച്ച് അഗ്രോടൂറിസമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനാകുമെന്ന ശുഭാപ്തി വിശ്വാസമാണ് തോമസ് കുട്ടിയെന്ന ഈ കോട്ടയംകാരനെ മുന്നോട്ട് നയിക്കുന്നത്.
Discussion about this post