കാഴ്ച്ചയില്‍ കൗതുകമുണര്‍ത്തുന്ന കുള്ളന്‍ തെങ്ങുകള്‍ വീട്ടുമുറ്റത്തും തൊടിയിലും അലങ്കാരമായി വളര്‍ത്താന്‍ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. മലേഷ്യന്‍, തായ്ലന്ഡ് എന്നെ പേരുകളില്‍ വിപണികളില്‍ ലഭ്യമാകുന്ന കാഴ്ച്ചയില്‍ മാത്രം ആനന്ദദായകമായ തെങ്ങിന് തൈകള്‍ ഗുണത്തിന്റെ കാര്യത്തില്‍ പുറകിലാണ്. കേരളത്തിന്റെ തനതു കുള്ളന്‍ തെങ്ങു ഇനങ്ങള്‍ അവയില്‍ നിന്നും വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള തെങ്ങിന് തൈകള്‍ എന്നിവയെ കുറിച്ച് നമുക്ക് പരിചയപ്പെടാം.
കേരളത്തിന്റെ തനതായ കുറിയ ഇനം തെങ്ങുകള്‍ ആണ് ചാവക്കാട് കുള്ളന്‍ തെങ്ങുകള്‍, മലയന്‍ ഗ്രീന്‍, മലയന്‍ ഓറഞ്ച് എന്നിവ. തൃശൂര്‍ ജില്ലയിലെ ചാവക്കാട് ആണ് ഇത്തരം തെങ്ങുകള്‍ കൂടുതല്‍ ഉള്ളത്. അതിനാലാണ് ചാവക്കാട് കുള്ളന്‍ എന്ന പേരുലഭിച്ചത്. ചാവക്കാട് കുറിയ പച്ച ഇനം കപ്പത്തെങ്ങ്, പതിനെട്ടാം പട്ട എന്നീ പേരുകളിലും ചാവക്കാട് ഓറഞ്ച് ഇനം ചെന്തെങ്ങ്, ഗൗരീഗാത്രം എന്നീ പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു. ഇത്തരം തെങ്ങുകള്‍ കൂടുതലായും കരിക്കിന്റെ ആവശ്യത്തിനാണ് ഉപയോഗിച്ചുവരുന്നത്. തേങ്ങയുടെ വലിപ്പവും കൊപ്രയുടെ തൂക്കവും എണ്ണയുടെ അംശവും മറ്റു തെങ്ങുകളെ അപേക്ഷിച്ചു കുറവാണ്. എന്നാല്‍ സങ്കരയിനം തെങ്ങിന് തൈകള്‍ ഉണ്ടാക്കുന്നതില്‍ കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലകളും വളരെയധികം ആശ്രയിച്ചു വരുന്നത് ഇവയെ ആണ്.
കേരളത്തിലെ ഭൂപ്രകൃതിക്കനുസരിച്ചു കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വിവിധയിനം തെങ്ങിനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട് തെങ്ങിന് കാറ്റ് വീഴ്ച കൂടുതല്‍ ഉള്ള തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള പ്രദേശത്തേക്ക് ചാവക്കാട് കുറിയ പച്ചയിനത്തില് നിന്നും വികസിപ്പിച്ച കല്പശ്രീയും മലയന്‍ പച്ചയില്‍ നിന്നും വികസിപ്പിച്ച കല്പ്പരക്ഷയും കാറ്റുവീഴ്ച തീരെ ഇല്ലാത്ത മലപ്പുറം കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലേക്ക് മലയന്‍ കുറിയ ഓറഞ്ച് ഇനത്തില്‍ നിന്നും വികസിപ്പിച്ചെടുത്ത കല്‍പ്പജ്യോതി,കല്പസൂര്യ, കല്പ്പഹരിത എന്നീ ഇനങ്ങളുമാണ് നിര്‍ദേശിക്കുന്നത്. വിവിധ കുറിയ ഇനം മാതൃ വൃക്ഷങ്ങളില്‍ നിന്ന് നിന്ന് ഗംഗാബോം , കല്പസങ്കര ,കല്‍പ്പസമൃദ്ധി തുടങ്ങിയ ഗുണമേന്മയുള്ള മറ്റു പലയിനം തെങ്ങിന് തൈകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
5 മുതല്‍ 7 മീറ്റര്‍ വരെ മാത്രം ഉയരം, 3 , 4 വര്‍ഷത്തിനുള്ളില്‍ കായ്ക്കും കൂടുതല്‍ വിളവ്, അലങ്കാരത്തിനും കരിക്കിനും കൂടുതല്‍ ആശ്രയിക്കാം എന്നീ ഗുണങ്ങള്‍ ഉള്ളതിനാല്‍ 80 ശതമാനം തെങ്ങുകര്ഷകരും കുറിയ ഇനം തെങ്ങിന്‍തൈകളെ ആണ് ആശ്രയിക്കുന്നത്. ഇത്തരം തെങ്ങിന് തൈകള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍
CPCRI KAYAMKULAM – 0479244204
CPCRI KASRKODE – 04994232894
RARS PEELIKODE – 0467226032
CRS BALARAMAPURAM – 04712317314
INSTRUCTIONAL FARM VELLAYANI – 9447205996
മൂന്നു വര്‍ഷം കൊണ്ട് കായ് തരുന്ന ഇനമാണ് ഗംഗാഗോദാവരി. ഈ ഇനം തെങ്ങുകള്‍ അധികം ഉയരത്തില്‍ വളരില്ല. അതുകൊണ്ടു തന്നെ താഴെ നിന്ന് തേങ്ങ പറിക്കാവുന്നതാണ്. 50 വര്‍ഷമാണ് ഒരു തെങ്ങിന്റെ ആയുസ്.
ആയിരം കാച്ചിയുടെ തേങ്ങയില്‍ നിന്ന് കൂടുതല്‍ വെളിച്ചെണ്ണ ലഭിക്കും. പേരു പോലെ തന്നെ നിറയെ കായ്ഫലമുണ്ടാകും. ഒരു കുലയില്‍ ഇരുന്നൂറ്റി അമ്പത് തേങ്ങ വരെ ഉണ്ടാകും. മുന്നൂറ് രൂപയാണ് ഇവയുടെ വില.
നാല്പത് വര്‍ഷം വരെ ആയുസുള്ള ഇനം തെങ്ങുകളാണ് മലേഷ്യന്‍ കുള്ളന്‍. പേരു പോലെ തന്നെ കുള്ളന്‍ തെങ്ങുകളാണിവ. ഇരുന്നൂറു രൂപയാണ് കുള്ളന്‍ തെങ്ങിന്‍തൈകളുടെ വില.
മറ്റൊരിനം കുള്ളന്‍ തെങ്ങാണ് ഇരുന്നൂറു രൂപവിലയുള്ള സണ്ണങ്കി. ഗൗളീപാത്രം തെങ്ങുകള്‍ നാലുവര്‍ഷമാകുമ്പോള്‍ കായ്ഫലം നല്‍കും. നൂറ്റിയമ്പതു രൂപയാണ് ഇവയ്ക്കു വില വരുന്നത്.
നല്ല വെയില് കിട്ടുന്ന സ്ഥലത്തു വേണം തെങ്ങിന് തൈകള്‍ നടാന്‍. നട്ടതിനുശേഷം തിരിഞ്ഞു നോക്കാതിരുന്നിട്ട് ഒരു ഫലവുമില്ലെന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post