ഡിപ്രഷനും ലോക്ഡൗണ്‍ കാലവുമെല്ലാം ചേര്‍ന്ന് ജീവിതം വിരസമാക്കിയപ്പോഴാണ് ആലുവ കൊടികുത്തിമല സ്വദേശി സജ്‌ന നവാസ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചെടികളുടെ ലോകത്തിലേക്ക് കടന്നത്. അതുവരെ ചെടികളോട് തോന്നിയിരുന്ന പ്രിയം, പിന്നീട് സജ്‌നയുടെ ജീവിത മാര്‍ഗമായി മാറി.
അഞ്ഞൂറിലധികം വരുന്ന വ്യത്യസ്തയിനം ചെടികളാണ് ചുരുങ്ങിയ സമയം കൊണ്ട് സജ്നയുടെ തോട്ടത്തില്‍ നിറഞ്ഞത്. മുഴുവന്‍ സമയവും ചെടികളുടെ പരിപാലത്തിനായി മാറ്റി വച്ചു ഈ വീട്ടമ്മ. കൂടെ കുടുംബത്തിന്‌റെ പിന്തുണ കൂടിയായപ്പോള്‍ വിജയം അകലെയായില്ല.
ജലസസ്യങ്ങളും ഇലച്ചെടികളുമാണ് സജ്നയുടെ തോട്ടത്തില്‍ ഏറെയുമുളളത്. അറുപതിലേറെയിനം താമരയും ആമ്പലുകളുമാണ് തോട്ടത്തെ മനോഹരമാക്കുന്നത്.
ചെടികളുടെ തുടര്‍പരിപാലനത്തിന് ആവശ്യമായ സഹായവും നിര്‍ദേശങ്ങളും നല്‍കുമെന്നതാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ഇലച്ചെടികള്‍ക്ക് നേരിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ വില്‍പന ഓണ്‍ലൈന്‍ വഴിയാണ്. അഗ്ലോണിമ, ബിഗോണിയ, ഫിറ്റോണിയ തുടങ്ങിയവയുടെ വെറൈറ്റികള്‍ കൂടുതലും കൊണ്ടുപോകുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അന്വേഷിച്ചും അറിഞ്ഞും എത്തുന്നവരാണ്. അഗ്ലോണിമയുടെ അറുപതോളം ഇനങ്ങള്‍ സജ്‌നയുടെ പക്കലുണ്ട്. പരിചരണം തീരെ കുറവ് മതിയെന്നതാണ് ഇതിന്‌റെ പ്രത്യേകത.
മില്യണ്‍ ഹേര്‍ട്ട്‌സ്, ബേര്‍ഡ് നെസ്റ്റ് ഫേണ്‍, കലാത്തിയ, സാന്‍സവേരിയ ഇനങ്ങള്‍, ഇപ്പോമിയ, സ്പാനിഷ് മോസ്, മോണ്‍സ്റ്ററ, എന്നിവയെല്ലാം സജ്‌നയുടെ കൈവശമുണ്ട്.
Discussion about this post