ഗുഡ് ഈവനിംഗ് മിസിസ് പ്രഭാ നരേന്ദ്രനില്‍ തുടങ്ങി സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ വളര്‍ന്ന് കണിമംഗലത്തെ ജഗന്നാഥന്‍ തമ്പുരാനായി മനസില്‍ കുടിയിരിക്കുന്ന നമ്മുടെ ലാലേട്ടന്‍ ഇവിടെയിതാ ഒരൊറ്റ ഓലയില്‍ ഒരുമിക്കുകയാണ്. ഇലകളെ കാന്‍വാസാക്കി ജീവന്‍ തുടിക്കുന്ന ചിത്രങ്ങളൊരുക്കുകയാണ് ആലുവ പാനായിക്കുളം സ്വദേശിയായ മനു. മനു തന്റെ സപര്യ തുടങ്ങിയിട്ട് നാല് വര്‍ഷത്തോളമാകുന്നു.
ചെറുപ്പം മുതലേ വരയില്‍ കമ്പമുണ്ടായിരുന്ന മനു കാപ്പിപ്പൊടി, മണല്‍ എന്നിവയില്‍ ആരംഭിച്ച് നിരന്തര പ്രയത്‌നത്തിലൂടെ ലീഫ് ആര്‍ട്ടിലേക്ക് എത്തുകയായിരുന്നു. പുഷ്പങ്ങള്‍, മൃഗങ്ങള്‍, സെലിബ്രേറ്റി ഫേസുകള്‍ അങ്ങനെ പോകുന്നു ലീഫ് ആര്‍ട്ടിന്റെ തീമുകള്‍.
പച്ചത്തെങ്ങോല, തേക്കില, ആഞ്ഞിലി ഇല, മറ്റ് ഉണങ്ങിയ ഇലകള്‍ എന്നിവയിലൊക്കെ മനു ചിത്രങ്ങള്‍ ഒരുക്കാറുണ്ട്.
നവമാധ്യമങ്ങളിലൂടെ തന്റെ കലാസൃഷ്ടികള്‍ കണ്ടറിഞ്ഞ് അനേകം ആളുകള്‍ വിശിഷ്ട ദിനങ്ങളില്‍ പോട്രേറ്റുകളുണ്ടാക്കാന്‍ തന്നെ സമീപിക്കാറുണ്ടെന്ന് മനു പറയുന്നു. സ്വകാര്യ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും ലീഫ് ആര്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഈ അതുല്യ പ്രതിഭ.
Discussion about this post