തെങ്ങിന്റെ പ്രധാന ശത്രുക്കള്‍ ആയ ചെല്ലികളില്‍ നിന്നും തെങ്ങിനെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ തന്നെ തെങ്ങ് കൃഷി പകുതി വിജയിച്ചു എന്ന് പറയാം. ഇപ്പോള്‍ തെങ്ങുകള്‍ ഭൂരിഭാഗവും നശിക്കുന്നതും ചെല്ലികളുടെ ആക്രമണങ്ങള്‍ മൂലമാണ്. അതില്‍ ആദ്യം ആക്രമിക്കുന്നത് കൊമ്പന്‍ ചെല്ലികളാണ്. കൊമ്പന്‍ ചെല്ലികള്‍ ആക്രമിച്ചാലും തെങ്ങുകള്‍ രക്ഷപെടും എങ്കിലും അവയുടെ ആക്രമണത്തില്‍ ഉണ്ടാകുന്ന പരിക്കിയിലൂടെയാണ് പിന്നീട് തെങ്ങുകള്‍ നശിക്കാന്‍ കരണങ്ങളായ പല കാര്യങ്ങളും ഉണ്ടാകുന്നത്. ചെമ്പന്‍ ചെല്ലിയുടെ ആക്രമണം, തെങ്ങിന്റെ കൂമ്പ് ചീച്ചില്‍, മണ്ട അഴുകല്‍ പോലുള്ള രോഗങ്ങള്‍ പിടിപെടുന്നതും കൊമ്പന്‍ ചെല്ലികള്‍ തെങ്ങില്‍ ഏല്‍പ്പിക്കുന്ന പരിക്കിലൂടെയാണ്. ചെമ്പന്‍ ചെല്ലികള്‍ ആണ് തെങ്ങിന്റെ ഏറ്റവും അപകടകാരിയായ ശത്രുക്കള്‍.അവയുടെ ആക്രമണം ഉണ്ടായാല്‍ തെങ്ങിനെ രക്ഷിച്ച് എടുക്കുക എന്നത് ചെറിയ കാര്യവും അല്ല. അവയെ നശിപ്പിക്കുവാന്‍ അന്തര്‍വ്യാപന ശേഷിയുള്ള രാസകീടനാശിനികള്‍ തന്നെ പ്രയോഗിക്കേണ്ടി വരും. തെങ്ങിന് പിടിപെടുന്ന ക്യാന്‍സര്‍ എന്ന് തന്നെ ചെമ്പന്‍ ചെല്ലികളുടെ ആക്രമണത്തെ വിശേഷിപ്പിക്കാം.
തെങ്ങില്‍ കൊമ്പന്‍ ചെല്ലികളുടെ ആക്രമണം ഉണ്ടാകാതിരിക്കുവാന്‍ കര്‍ഷകര്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാറുണ്ട്. കുറെയൊക്കെ വിജയം കാണാറും ഉണ്ട്. രൂക്ഷമായ ഗന്ധമുള്ള വസ്തുക്കളില്‍ നിന്നും ഇവ അകലം പാലിക്കുന്നതായിട്ടായാണ് കര്‍ഷകരുടെ അനുഭവം. പാറ്റഗുളിക ,വേപ്പിന്‍പിണ്ണാക്ക് ,മരോട്ടിപിണ്ണാക്ക്, കായം, റബ്ബര്‍ഷീറ്റ് ഉറയൊഴിച്ച വെള്ളം, ഓയില്‍, ഡീസല്‍ ഇവയുടെ ഗന്ധം, മറ്റ് രൂക്ഷമായ ഗന്ധമുള്ള കീടനാശിനികള്‍, ഉടക്ക് വല ചുറ്റല്‍ ഇവയൊക്കെ തെങ്ങിന്റെ കവിളിലും, കൂമ്പിലും ഒക്കെ സ്പ്രെ ചെയ്തും നിക്ഷേപിച്ചും ഒക്കെ കൊമ്പന്‍ ചെല്ലികള്‍ക്ക് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. ഇതൊക്കെ പ്രയോഗിക്കുമ്പോള്‍ തെങ്ങിന് ദോഷമാകാത്ത രീതിയില്‍ നിശ്ചിത അളവില്‍ മാത്രം പ്രയോഗിക്കുക.
മണല്‍ കൊമ്പന്‍ ചെല്ലികളെ നശിപ്പിക്കാന്‍ നല്ല ഒരു ഉപാധിയാണ്
അതായത് തെങ്ങിന്റെ കവിളിലും, കൂമ്പിലും എല്ലാം ശുദ്ധമായ മണല്‍ നിറയ്ക്കുന്നത് ഇവയെ നശിപ്പിക്കാന്‍ നല്ല ഒരു മാര്‍ഗ്ഗം ആണ്. കൊമ്പന്‍ ചെല്ലികളുടെ ശരീരം വളരെ ഉറച്ചതും, ചിരട്ടപോലെ ദൃഢവും ആണ്. കീടനാശിനികള്‍ അവയുടെ ശരീരത്തില്‍ സ്പ്രെ ചെയ്താല്‍ പോലും അവ നശിക്കാറില്ല. മണല്‍ തെങ്ങിന്റെ കവിളിലും മറ്റും നിറയ്ക്കുമ്പോള്‍ ഇവ തെങ്ങില്‍ ആക്രമണം തുടങ്ങുമ്പോള്‍ ഇവയുടെ കഴുത്ത് പോലുള്ള മൃദുലമായ ഭാഗങ്ങളില്‍ മണലിന് മുറിവുകള്‍ ഏല്‍പ്പിക്കുവാന്‍ കഴിയും, മണലില്‍ തരി രൂപത്തില്‍ ഉള്ള ഏതെങ്കിലും കീടനാശിനികള്‍ കൂടി കലര്‍ത്തുകയാണെങ്കില്‍ ഇവ വേഗത്തില്‍ മരിക്കുവാനും കാരണം ആകും. മണല്‍ ഉപയോഗിക്കുമ്പോള്‍ തരി രൂപത്തില്‍ ഉള്ള ശുദ്ധമായ മണല്‍ മാത്രം ഉപയോഗിക്കുക. ചെളി നിറഞ്ഞ മണല്‍ ഉപയോഗിച്ചാല്‍ അത് പിന്നീട് ഫങ്കസ് രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഒരു കാരണം ആകും. FERTERRA , FIPRONIL , CARBARIL പോലുള്ള തരി രൂപത്തില്‍ ഉള്ള രാസകീടനാശിനികള്‍ മണലില്‍ നിശ്ചിതമായ അളവില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കാം. ഇവ ചെറിയ പായ്ക്കറ്റുകള്‍ ആക്കി അതില്‍ സുഷിരങ്ങള്‍ ഇട്ട് തെങ്ങിന്റെ കവിളില്‍ നിക്ഷേപിക്കുകയും ചെയ്യാറുണ്ട്. ഇവയുടെ രൂക്ഷമായ ഗന്ധം കൊണ്ട് ചെല്ലികള്‍ തെങ്ങില്‍ നിന്നും അകലുന്നതിന് വേണ്ടിയാണ് അങ്ങിനെ ചെയ്യുന്നത്.
ചെല്ലികളെ തെങ്ങില്‍ എത്തി ആക്രമണം തുടങ്ങുന്നതിന് മുന്‍പ് തന്നെ കെണിയില്‍ അകപ്പെടുത്തി നശിപ്പിക്കുന്ന ഒരു രീതിയാണ് ഏറ്റവും നല്ലത്. കൊമ്പന്‍ ചെല്ലിക്കും, ചെമ്പന്‍ ചെല്ലിക്കും ഉള്ള ഫിറമോണ്‍ കെണികളും ഒക്കെ ഇപ്പോള്‍ വിപണിയില്‍ ഉണ്ട്. അത് ഉപയോഗിക്കുമ്പോള്‍ അടുത്തുള്ള പുരയിടങ്ങളിലും കൂടെ ഒരേ സമയം ഉപയോഗിക്കുവാന്‍ ശ്രമിക്കുക. ചെല്ലികളെ നശിപ്പിക്കാന്‍ കെണി ഒരുക്കാന്‍ ഏറ്റവും നല്ല ഒരു വസ്തു ആണ് കള്ള്. അല്ലെങ്കില്‍ പൈനാപ്പിള്‍ പോലുള്ള വസ്തുക്കള്‍ കൊണ്ട് കൃത്രിമമായി കള്ള് ഉണ്ടാക്കി കെണി ഒരുക്കുന്നത്. അതില്‍ രൂക്ഷമായ ഗന്ധം കുറവുള്ള ഏതെങ്കിലും കീടനാശിനികള്‍ കലര്‍ത്തിയും ചെല്ലികളെ അതിലേക്ക് ആകര്‍ഷിച്ച് നശിപ്പിച്ച് കളയാം. ഇങ്ങിനെ ഒരുക്കുന്ന കെണികളില്‍ തേനീച്ച, കരിവണ്ട് പോലുള്ള മിത്രകീടങ്ങള്‍ അകപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തണം. കരിവണ്ടിനെ പലരും കൊമ്പന്‍ ചെല്ലി ആണെന്ന തെറ്റിദ്ധാരണയില്‍ നശിപ്പിച്ച് കളയാറുണ്ട്. ചാണകക്കുഴികള്‍ പോലുള്ള ജൈവവസ്തുക്കള്‍ അഴുകി കിടക്കുന്ന സ്ഥലങ്ങളില്‍ ആണ് കൊമ്പന്‍ ചെല്ലികള്‍ മുട്ടയിട്ട് അവയുടെ ലാര്‍വകള്‍ വളരുന്നത്. അവയെ നശിപ്പിച്ച് കളയുന്നതിലും ശ്രദ്ധവേണം. പെരുകിലം എന്ന ചെടിയുടെ സാമിപ്യം ഇവയുടെ ലാര്‍വകളെ നശിപ്പിക്കുവാന്‍ കഴിവുള്ളതായി പറയുന്നുണ്ട്. ഈ ചെടി ഇതുപോലുള്ള കുഴികളില്‍ വളര്‍ത്തുകയോ ,പിഴുത് ഇടുകയോ ചെയ്യുക. കോഴികള്‍ ഈ ലാര്‍വകളെ ഭക്ഷണം ആക്കുന്നതിലൂടെയും കുറെയൊക്കെ നശിക്കുകയും ചെയ്യും. അതിലുപരി നമ്മുടെ ഒരു ശ്രദ്ധ ഈ സ്ഥലങ്ങളില്‍ തീര്‍ച്ചയായും വേണം. തെങ്ങിനും മറ്റ് കൃഷികള്‍ക്കും വളരെ അത്യാവശ്യമായ ജൈവവളങ്ങള്‍ ആണ് ചാണകവും, കമ്പോസ്റ്റും ഒക്കെ അതില്‍ ഇവയുടെ ലാര്‍വകള്‍ വളരുന്നില്ല എന്ന് ഉറപ്പ് വരുത്തണം …ചുരുക്കത്തില്‍ കൊമ്പന്‍ ചെല്ലികളെ നിയന്ത്രിച്ചാല്‍ തന്നെ തെങ്ങിനെ പകുതി രക്ഷിച്ചു എന്ന് ആശ്വസിക്കാം.
Discussion about this post