cതെങ്ങിന് തോപ്പിലെ ഇടവിളകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആണ് കാലിത്തീറ്റ വിളകള്‍. അത് കാലിത്തീറ്റയായി ഉപയോഗിക്കുന്നതോടൊപ്പം അവയുടെ ഇലകള്‍ തെങ്ങിന് തന്നെയും വളമാകുകയും ചെയ്യുന്നു. മള്‍ബറി, മുരിക്ക്, ശീമക്കൊന്ന,അഗത്തി, മുരിങ്ങ എന്നിവ അതിന് ഉദാഹരണങ്ങള്‍ ആണ്. ഈ കാലിത്തീറ്റ സസ്യങ്ങള്‍ നൈട്രജന്‍ സ്ഥിതികരണ ശേഷി ഉള്ളവയാകയാല്‍ അന്തരീക്ഷത്തിലെ നൈട്രജന്‍ തെങ്ങ് പോലുള്ള വൃക്ഷങ്ങള്‍ക്ക് ലഭ്യമാകുകയും അവയുടെ വളര്‍ച്ചയില്‍ ഗണ്യമായ തോതില്‍ വളര്‍ച്ച ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ മണ്ണിന്റെ ഉത്പാദനശേഷിയും വര്‍ദ്ധിക്കും. ഈ കാലിത്തീറ്റ സസ്യങ്ങള്‍ക്ക് അതിവേഗം വളരുവാനുള്ള കഴിവും കമ്പ് കോതല്‍ അതി ജീവിക്കാനുള്ള ശേഷിയും ഉണ്ട്. മാത്രമല്ല വെട്ടിയാല്‍ അതിവേഗം ധാരാളം ശിഖിരങ്ങള്‍ പൊട്ടി മുളച്ച് തുടര്‍ച്ചയായി വിളവ് തരികയും ചെയ്യും. വരള്‍ച്ച തണല്‍ ഒക്കെ ഒരു പരിധിവരെ അതിജീവിക്കാനുള്ള ശേഷി ഇവയ്ക്ക് ഉണ്ട്.
മേല്പറഞ്ഞ വൃക്ഷ വിളകളെ അധികം ഉയരം വയ്ക്കാന്‍ അനുവദിക്കാതെ കമ്പ് കൊതി നിലനിര്‍ത്തി നിശ്ചിത സമയക്രമത്തില്‍ വിളവെടുത്താല്‍ ഉത്പാദനം ഇരട്ടി ആകുകയും ചെയ്യും. തെങ്ങിന്‍ തോപ്പിലെ മാംസ്യ ബാങ്കുകള്‍ എന്നാണ് ഇവയെ അറിയപ്പെടുന്നത്. ഇതില്‍ മള്‍ബറി എന്ന സസ്യം പശു,ആട്, മല്‍സ്യം,മുയല്‍ ഇവയ്ക്ക് ഒക്കെ ഏറ്റവും നല്ല തീറ്റ ആണ്. തീറ്റപ്പുല്ല് പോലെ ഇവയും നിരവധി ഇനങ്ങള്‍ ഉണ്ട്. തീറ്റപ്പുല്ലില്‍ ഉള്ളതില്‍ കൂടുതല്‍ മാംസ്യവും, അമിനോ അമ്ലങ്ങളും, ജീവകങ്ങളും,കാല്‍സ്യം, പൊട്ടാഷ്, ഫോസ്ഫറസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടുതല്‍ പാല്‍ ഉത്പാദനത്തിനും അവയുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കുന്നു. വാങ്ങുന്ന തീറ്റ ചിലവുകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. നാട്ടിന്‍ പുറങ്ങളില്‍ അനയാസേന വളര്‍ത്താന്‍ പറ്റുന്ന സസ്യം ആണ് മള്‍ബറി. അത്യുത്പാദനശേഷിയുള്ള സങ്കരയിനം മള്‍ബറി ആയി വീ വണ്‍ (V1 ) എന്ന ഇനം ആണ് ഇന്ന് കേരളത്തില്‍ കൂടുതല്‍ ആളുകളും കൃഷി ചെയ്യുന്നത്. പശു,ആട്, മീന്‍ കൃഷി ഉള്ളവര്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഒരു തീറ്റ കൃഷി ആണ് മള്‍ബറി.
ഉത്പ്പാദന ചെലവു കുറച്ച് ഉത്പാദനം വര്‍ധിപ്പിച്ചാല്‍ മാത്രമെ കൃഷിയില്‍ ലാഭമുണ്ടാക്കാനാവൂ. നമ്മുടെ രാജ്യത്തെ 80 ശതമാനം നാളികേര കൃഷിയിടങ്ങളും ശരാശരി 0.22 ഹെക്ടര്‍ വിസ്തൃതി മാത്രമുള്ളവയാണ്. ഇത്തരം ചെറിയ കൃഷിയിടങ്ങളില്‍ നിന്ന് ലഭിക്കുന്ന തുഛമായ വരുമാനം ചെറിയ കുടുംബങ്ങള്‍ക്കു പോലും ഉപജീവനത്തിന് അപര്യാപ്തമാണ്. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സുസ്ഥിരമായ തൊഴിലും ഇത് അവര്‍ക്ക് നല്‍കുന്നില്ല. തെങ്ങുകൃഷിയിലെ ഏകവിള സമ്പ്രദായം വളരെ കുറഞ്ഞ ഉത്പാദനക്ഷമതയും തുഛമായ വരുമാനവും മാത്രമെ കര്‍ഷകര്‍ക്കു നല്‍കുന്നുള്ളു.
7.5 മീറ്റര്‍ അകലത്തില്‍ തെങ്ങുകള്‍ കൃഷി ചെയ്യുമ്പോള്‍ അതില്‍ 75 ശതമാനം കൃഷിസ്ഥലവും ഉപയോഗശൂന്യമായി പാഴാവുകയാണ്. അനുയോജ്യമായ വിളകള്‍ കൃഷി ചെയ്ത് ഈ കൃഷിസ്ഥലം ഫലപ്രദമായി വിനിയോഗിച്ചാല്‍ അതില്‍ നിന്ന് ചെറുതല്ലാത്ത വരുമാനം ഉറപ്പ്. തെങ്ങിന്റെ ആകൃതിയും ഇലകളുടെ വിതാനിപ്പും മൂലം കുറച്ച് സൂര്യപ്രകാശം മാത്രമെ കൃഷിയിടത്തിലെ മണ്ണില്‍ പതിക്കുന്നുള്ളു. തെങ്ങിന്റെ ഈ പ്രത്യേകത മൂലം സൂര്യപ്രകാശം, മണ്ണ്, ജലം, അധ്വാനം എന്നിവയുടെ ലഭ്യത ഫലപ്രദമായി വിനിയോഗിച്ച് തെങ്ങിന്‍ പുരയിടങ്ങളില്‍ ലാഭകരമായ രീതിയില്‍ ഇടവിളകള്‍ കൃഷി ചെയ്യാം.
നാളികേര തോട്ടങ്ങളില്‍ വിള വൈവിധ്യവത്ക്കരണത്തിന് ഇന്ന് വലിയ പ്രസക്തിയാണുള്ളത്. അതുപോലെ വരുമാനം വര്‍ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി, തിരശ്ചീന- ലംബ സ്ഥലം ഒരുപോലെ ഉപയോഗപ്പെടുത്തുന്ന മിശ്രവിള സമ്പ്രദായം ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെറുകിട നാളികേര കര്‍ഷകര്‍ പരമ്പരാഗതമായ കൃഷി രീതികളുടെ ഭാഗമായോ, വര്‍ധിച്ചു വരുന്ന സ്ഥലവിനിയോഗ സമ്മര്‍ദ്ദ ഫലമായോ അതുമല്ലെങ്കില്‍ കടുംകൃഷിയിലൂടെ പരമാവധി സ്ഥലത്ത് നിന്ന് ആദായം ഉണ്ടാക്കുന്നതിനോ അവരുടെ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളകള്‍ കൃഷി ചെയ്യുന്നു.
നാളികേരാധിഷ്ഠിത വിള സമ്പ്രദായത്തില്‍ വിവിധ വിളകള്‍ കൃഷി ചെയ്യുമ്പോള്‍ പരിപാലനത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമെ ലഭ്യമായ വിഭവങ്ങളില്‍ നിന്നുള്ള പരമാവധി വരുമാനം കര്‍ഷകന് ഉറപ്പാക്കാന്‍ സാധിക്കുകയുള്ളു. സൂര്യപ്രകാശത്തോടും തണലിനോടുമുള്ള പ്രതികരണം അടിസ്ഥാനമാക്കി വിളകളെ പൊതുവെ നാല് വിഭാഗങ്ങളായി തരം തിരിക്കാം. നാളികേര തോപ്പുകളില്‍ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവു മനസിലാക്കി വേണം കൃഷി ചെയ്യാനുള്ള വിവിധ ഇടവിളകള്‍ തെരഞ്ഞെടുക്കാന്‍.
തെങ്ങുകളുടെ പ്രായം, വലിപ്പം, ഇടയകലം, ഓലകളുടെ വിരിവ് എന്നിവ കണക്കിലെടുത്തു വേണം ഇടവിളകള്‍ പരിഗണിക്കാന്‍. തൈകള്‍ നടുന്നതു മുതല്‍ തെങ്ങുകള്‍ പൂര്‍ണവളര്‍ച്ചയെത്തി (89 വര്‍ഷം) ഓലകള്‍ വിരിയുന്നതു വരെ കൃഷിയിടത്തില്‍ ധാരാളം സൂര്യപ്രകാശം ലഭിച്ചേക്കാം. ഈ കാലയളവില്‍ പരസ്പരം മത്സരിക്കാത്ത വിവിധ വിളകള്‍ തെങ്ങിന്‍ തോപ്പില്‍ കൃഷി ചെയ്യാം. അടുത്ത ഘട്ടത്തില്‍ അതായത് 9- 25 വര്‍ഷം വരെ തെങ്ങിന്‍ തോപ്പില്‍ മണ്ണില്‍ സൂര്യപ്രകാശ ലഭ്യത വളരെ കുറവായിരിക്കും. ഈ സമയത്ത് നിഴലില്‍ വളരുന്ന ഇടവിളകള്‍ കൃഷിചെയ്യുകയാണ് ഉത്തമം. തെങ്ങുകള്‍ 25 വര്‍ഷത്തെ വളര്‍ച്ച പിന്നിട്ടാല്‍ വീണ്ടും മണ്ണിലേയ്ക്ക് കൂടുതല്‍ സൂര്യപ്രകാശം അരിച്ചിറങ്ങിവരും. അപ്പോള്‍ മുതല്‍ വാര്‍ഷിക വിളകള്‍ തെങ്ങിന്‍ തോട്ടങ്ങളില്‍ കൃഷി ചെയ്യാം. മഴയുടെ അളവ്, ജലസേചന സൗകര്യം, മണ്ണിന്റെ സ്വഭാവം, വേണ്ടിവരുന്ന അധ്വാനം, കര്‍ഷകരുടെ ആവശ്യങ്ങള്‍, വിപണിയിലെ ഡിമാന്റ് തുടങ്ങിയ ഘടകങ്ങള്‍ കൂടി കണക്കിലെടുത്തു വേണം തെങ്ങിന്‍ തോട്ടങ്ങളിലെ ഇടവിളകള്‍ തെരഞ്ഞെടുക്കാന്‍. ഓരോ വര്‍ഷവും ഇടവിളകളില്‍ വിളചംക്രമണം നടത്തിയാല്‍ അത് വിളവും വരുമാനവും വര്‍ധിക്കാന്‍ സഹായിക്കും.
1. പച്ചക്കറികള്‍ – ചീര, പച്ചമുളക്, പാവല്‍, പടവലം, കുമ്പളം, തക്കാളി, വഴുതന, ചേമ്പ്, മത്തന്‍, പയര്‍.
2. പഴവര്‍ഗ്ഗങ്ങള്‍ – വാഴ, പൈനാപ്പിള്‍, പപ്പായ, പേര, ചെറുനാരകം, മാതളനാരകം, സപ്പോട്ട.
3. തീറ്റപ്പുല്ല് – ഹൈബ്രിഡ് നേപ്പിയര്‍, ഗിനിയ ഗ്രാസ്, സ്‌റ്റൈലോസാന്തസ്, കൗപീ, ബജറ നേപ്പിയര്‍.
4. ഔഷധ, സുഗന്ധവിളകള്‍ – ചിറ്റാടലോടകം, കരിംകുറിഞ്ഞി, നാഗദന്തി, വെറ്റിവര്‍, തിപ്പലി, കച്ചോലം, പാച്ചോളി.
5. പുഷ്പ വിളകള്‍ – ഹെലിക്കോണിയ, ആന്തൂറിയം, മുല്ല, ബന്തി, സൂര്യകാന്തി.
6. സുഗന്ധ വൃക്ഷ വിളകള്‍ – ഇഞ്ചി, മഞ്ഞള്‍, വാനില, കുരുമുളക്,ജാതി, കറുവ, ഗ്രാമ്പു.
7. കിഴങ്ങുവിളകള്‍ – കപ്പ, ചേമ്പ്, ചേന, കാച്ചില്‍, മധുരക്കിഴങ്ങ്, കൂവ.
8. പയര്‍ വര്‍ഗ്ഗവിളകള്‍ – ചെറുപയര്‍, ഉഴുന്ന്, പച്ചപ്പയര്‍, കടല, തുവര.
9. പാനീയവിളകള്‍ – കൊക്കോ, കാപ്പി
10. ഇതര വിളകള്‍ – മള്‍ബറി, ശീമക്കൊന്ന, വെറ്റില, മുരിങ്ങ, കരനെല്ല്.
വ്യത്യസ്ത വേരുപടല സ്വഭാവമുള്ള വിളകള്‍ നിശ്ചിത അകലം പാലിച്ചു വേണം കൃഷി ചെയ്യുവാന്‍. ഇങ്ങനെ ചെയ്താല്‍ മാത്രമെ വെള്ളം, വളം മറ്റു പോഷകങ്ങള്‍ എന്നിവ വേണ്ടത്ര അളവില്‍ ഓരോ വിളകള്‍ക്കും ലഭിക്കുകയുള്ളു. കുരുമുളക് ഒഴികെയുള്ള വിളകള്‍ തെങ്ങിന്റെ തടത്തില്‍ നിന്നു കുറഞ്ഞത് രണ്ടു മീറ്റര്‍ അകലം പാലിച്ചു വേണം നടുവാന്‍. വളവും വെള്ളവും ഓരോന്നിനും അതിന്റേതായ മാനദണ്ഡങ്ങളനുസരിച്ച് പ്രത്യേകം നല്‍കണം. വിളവെടുപ്പിനു ശേഷം ഇവയുടെ അവശിഷ്ടങ്ങള്‍ സിംഹഭാഗവും തെങ്ങിന്‍ തോപ്പില്‍ വളമായി വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. ഇതു വഴി പുറമെനിന്നു വിലകൊടുത്തു വാങ്ങുന്ന വളത്തിന്റെ അളവ് ഒരു പരിധി വരെ സാധിക്കും. ഇടവിളകളുടെ പരിപാലനം കൃത്യമാണെങ്കില്‍ അതു നാളികേര ഉത്പാദനം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. ഏതാനും മിശ്രവിളകളുടെ പരിപാലന മുറകള്‍ പട്ടിക രണ്ടില്‍.
വേണ്ടത്ര പോഷകാംശങ്ങള്‍ ഇല്ലാത്തതും ജല ആഗിരണശേഷി കുറഞ്ഞതുമായ തീരപ്രദേശത്തെ മണല്‍ കലര്‍ന്ന മണ്ണില്‍ ചീര, മത്തന്‍, കുമ്പളം പോലുള്ള പച്ചക്കറികളും വാഴ, പൈനാപ്പിള്‍ പോലുള്ള പഴവര്‍ഗ്ഗവിളകളും തെങ്ങുകള്‍ക്കൊപ്പം ഇടവിളകളായി കൃഷി ചെയ്യാം. ഇതിനായി മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനു ചകിരി നിരത്തുക, കൊയര്‍ പിത്ത് ഉപയോഗിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇടവിളകളില്‍ നിന്നുള്ള അധിക വരുമാനം കൂടാതെ, അത് മൊത്തത്തില്‍ തെങ്ങുകളുടെ ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കും. മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന ചേന, മരച്ചീനി, കാച്ചില്‍ തുടങ്ങിയ കിഴങ്ങു വര്‍ഗ ഇടവിളകളില്‍ ചേനയാണ് ഏറ്റവും ലാഭകരം. ഇതില്‍ തന്നെ ഗജേന്ദ്ര ഇനത്തിനാണ് കൂടുതല്‍ വിളവ്, നല്ല രുചിയുമുണ്ട്.
ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം സ്വദേശി ദ്വാരകയില്‍ ശ്രീ.തങ്കപ്പന് 3.5 ഏക്കര്‍ നാളികേര കൃഷിയുണ്ട്. അതിനൊപ്പം അദ്ദേഹം വിവിധ ഇനം കിഴങ്ങുവിളകളും, സുഗന്ധവിളകളും, വാഴകളും ഇടവിളയായി കൃഷിചെയ്യുന്നു. റോബസ്റ്റ, ഞാലിപ്പൂവന്‍ എന്നിവയാണ് നാളികേര തോട്ടത്തില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ യോജിച്ച വാഴകള്‍. അതുപോലെ ചേനയും ചേമ്പുമാണ് അനുയോജ്യമായ കിഴങ്ങുവര്‍ഗ്ഗങ്ങള്‍. വിളവെടുപ്പു കഴിഞ്ഞാലും ദീര്‍ഘനാള്‍ ഇവ സംഭരിച്ചു വയ്ക്കാന്‍ സാധിക്കും. തോട്ടത്തിലെ വിവിധ വിളകളുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് വെര്‍മികമ്പോസ്റ്റ് നിര്‍മ്മിച്ച് തോട്ടത്തില്‍ തന്നെ ഉപയോഗിക്കുകയാണ് കര്‍ഷകന്റെ ശൈലി. ചിലര്‍ തെങ്ങിന്‍ പുരയിടത്തില്‍ ജാതി മരങ്ങളാണ് ഇടവിളയായി പരിപാലിക്കുന്നത്. ജാതിക്കായും പത്രിയും വിറ്റ് പ്രതിവര്‍ഷം ലക്ഷം രൂപ ആദായമുണ്ടാക്കുന്നുണ്ട് . വേനലില്‍ തെങ്ങിനു നല്‍കുന്ന നനയും, തോട്ടത്തിലെ ഭാഗികമായ തണലും ജാതിക്ക് ഉത്തമമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.
മലപ്പുറം ജില്ലയിലെ ബിപി അങ്ങാടിയിലുള്ള ശ്രീ.വെട്ടം മുഹമ്മദ് തന്റെ പത്ത് ഏക്കര്‍ തെങ്ങിന്‍ പുരയിടത്തില്‍ നാളികേരാധിഷ്ഠിത മാതൃകാ കൃഷി രീതി വളരെ വിജയകരമായി നടത്തുന്ന കര്‍ഷകനാണ്. ആധുനിക സാങ്കേതിക വിദ്യയുടെ പൈന്തുണയോടെയാണ് കൃഷി. 600 തെങ്ങ്, 200 കവുങ്ങ്, 150 ജാതി, 4000 നേന്ത്രവാഴ കൂടാതെ ചേന ചേമ്പ് ഉള്‍പ്പെടെ വിവിധ കിഴങ്ങുവിളകളും പച്ചക്കറികളുമാണ് മുഹമ്മദിന്റെ സമ്മിശ്രകൃഷി. ഒരു ഹെക്ടറില്‍ 150 തെങ്ങ് എന്ന കണക്കിലുള്ള കൃഷി ഇതര ഇടവിളകളുടെ വളര്‍ച്ചക്ക് അനുയോജ്യമായ പ്രകൃതിദത്ത സാഹചര്യങ്ങള്‍ ഒരുക്കുന്നു എന്നാണ് മുഹമ്മദിന്റെ കൃഷിഅനുഭവം.
കേരള ഗവണ്‍മന്റിന്റെ 2009 -10 വര്‍ഷത്തെ കേരകേസരി അവാര്‍ഡ് ജേതാവ് കോഴിക്കോട് ജില്ലയിലെ ആനക്കാം പൊയില്‍ സ്വദേശി ശ്രീ. എംഎം ഡൊമിനിക്കിന് 12 ഏക്കര്‍ തെങ്ങിന്‍ പുരയിടമുണ്ട്. തെങ്ങുകള്‍ തമ്മില്‍ 12 മീറ്ററാണ് അദ്ദേഹം തന്റെ കൃഷിയിടത്തില്‍ പാലിച്ചിരിക്കുന്ന അകലം. മിശ്രവിളകളായി ഗ്രാമ്പു, ജാതി, കൊക്കോ എന്നിവയും കിഴങ്ങുവര്‍ഗ്ഗ വിളകളും ഔഷധസസ്യങ്ങളുമാണ് ഡൊമിനിക് പരിപാലിക്കുന്നത്. കൃഷിയിടത്തിലെ അവശിഷ്ഠങ്ങള്‍ ഉപയോഗിച്ച് വെര്‍മികമ്പോസ്റ്റ് നിര്‍മ്മിച്ച് കൃഷിയിടത്തില്‍ തന്നെ വളമായി ചേര്‍ക്കുന്ന ജൈവകൃഷി രീതിയാണ് അദ്ദേഹത്തിന്റേത്.
കൊല്ലം ജില്ലയിലെ ചവറ, കോട്ടക്കകം ശ്രീ.ജെ.വിജയന്‍പിള്ള തന്റെ ആറര ഏക്കര്‍ തെങ്ങിന്‍ തോപ്പില്‍ സമ്മിശ്രകൃഷിയാണ് അവലംബിക്കുന്നത്. ഈ വര്‍ഷത്തെ കര്‍ഷക ശ്രീ അവാര്‍ഡ് ജേതാവാണ്. തൊഴുത്തു നിറയെ പശുക്കളെ വളര്‍ത്തി അവയുടെ ചാണകം മാത്രമാണ് വിജയന്‍പിള്ള കൃഷിയില്‍ ഉപയോഗിക്കുന്ന വളം. പശുക്കള്‍ക്കു നല്‍കാനുള്ള തീറ്റപ്പുള്ളാണ് മുഖ്യ ഇടവിള. കൂടാതെ വിവിധ കിഴങ്ങുവര്‍ഗങ്ങള്‍, വാഴ, പച്ചക്കറികള്‍ എന്നിവയും തെങ്ങിന്‍തോപ്പില്‍ കൃഷിചെയ്ത് അധിക വരുമാനം ഉണ്ടാക്കുന്നു.
പാലക്കാട് ജില്ലയിലെ കാറല്‍മണ്ണ സ്വദേശി ശ്രീ. ശ്രീകുമാരന്‍ ഏഴ് ഏക്കര്‍ വരുന്ന തന്റെ തെങ്ങിന്‍ തോട്ടത്തില്‍ കിഴങ്ങുവര്‍ഗങ്ങള്‍, ( ചേന, ചേമ്പ്, മരച്ചീനി, കൂവ) സുഗന്ധവിളകള്‍(ഇഞ്ചി,മഞ്ഞള്‍) കൊക്കോ, 1000 വാഴകള്‍ (നേന്ത്രന്‍,കണ്ണന്‍,കദളി,ഞാലിപ്പൂ
വന്‍,മൈസൂര്‍പൂവന്‍) എന്നിവയാണ് ഇടവിളകളായി കൃഷിചെയ്തു വരുന്നത്.
തണല്‍ ഇഷ്ടപ്പെടുന്ന വിള എന്ന നിലയില്‍ കൊക്കോ തെങ്ങിന്‍തോട്ടങ്ങളില്‍ കൃഷിചെയ്യാന്‍ വളരെ യോജിച്ചതാണ്. തെങ്ങുമായി ഒരു തരത്തിലും ജലത്തിന്റെയോ, വളത്തിന്റെയോ കാര്യത്തിലൊന്നും മത്സരിക്കാത്ത സസ്യം കൂടിയാണ് കൊക്കോ. കോഴിക്കോട് ജില്ലയിലെ മരുതോങ്കര സ്വദേശി ശ്രീ.പി.വൈ ജോസ് തന്റെ ഒന്നര ഏക്കര്‍ തെങ്ങില്‍ 200 കൊക്കോയാണ് കൃഷി ചെയ്തിട്ടുള്ളത്. കൊക്കോ കായ് വിറ്റ് പ്രതിവര്‍ഷം ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ അദ്ദേഹം നേടുന്നു.
നാളികേരാധിഷ്ഠിത കൃഷി സമ്പ്രദായം ഭക്ഷ്യസുരക്ഷയും ഭക്ഷ്യപര്യാപ്തത്തയും നല്‍കുന്നു. ജീവകങ്ങള്‍ , ധാതുക്കള്‍ തുടങ്ങിയവയടങ്ങിയ പോഷാകാഹാരം, കൃഷിയിട വൈവിധ്യവത്ക്കരണത്തിലൂടെ തൊഴിലവസരങ്ങള്‍, പാരിസ്ഥിതിക സന്തുലിതാവസ്ഥ, പരിസ്ഥിതി സംരക്ഷണം തുടങ്ങി നേട്ടങ്ങള്‍ എത്ര. തെങ്ങിനൊപ്പം ഇടവിളകള്‍ കൃഷി ചെയ്യുന്നതിലൂടെ കൂടുതല്‍ ഭക്ഷ്യവസ്തുക്കളും കാര്‍ഷിക വിഭവങ്ങളും ഉത്പ്പാദിപ്പിക്കുന്നു എന്നു മാത്രമല്ല, അത് നഗര / ഗ്രാമീണ മേഖലകളിലെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നു. അതെ സമയം ഇത്തരത്തിലുള്ള കൃഷി രീതി കൂടുതല്‍ തൊഴിലവസരങ്ങളും ജീവിതമാര്‍ഗ്ഗങ്ങളും സൃഷ്ടിക്കുന്നു, കൃഷിയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നു, ആളുകളുടെ ക്രയശേഷി ഉയര്‍ത്തുന്നു, ചുരുക്കത്തില്‍ കാര്‍ഷിക സമൂഹത്തിലെ ദാരിദ്ര്യം തന്നെ ഇല്ലാതാക്കുന്നു. ഈ മേഖലയില്‍ വിജയം കൊയ്ത കര്‍ഷകര്‍ സമൂഹത്തിന്റെ പ്രചോദനവും സംരംഭക മാതൃകകളുമായി മാറുന്നു. നാളികേര കൃഷിയെ വരും കാലങ്ങളില്‍ അഗ്രിബിസിനസ് വഴിത്താരയിലേയ്ക്കു കൊണ്ടുവരാനും അതിലൂടെ കൂടുതല്‍ ആസ്തിയും മൂലധനവിഭവവും സൃഷ്ടിക്കാനും സാധിക്കുമെന്നതില്‍ സംശയമില്ല.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post