തെങ്ങിനെ ആക്രമിക്കുന്ന നിരവധി കീടങ്ങളില്‍ മണ്ണിലൂടെ ആക്രമിക്കുന്ന പ്രധാന കീടം ആണ് ചിതല്‍. തൈ തെങ്ങുകളില്‍ ആണ് ചിതലിന്റെ ആക്രമണം ഏറ്റവും കൂടുതല്‍ കാണുന്നത്. തെങ്ങിന്റെ ഇടവിളകള്‍ക്കും ചിതല്‍ ഒരു ശത്രു ആകാറുണ്ട്. ഇന്ത്യയില്‍ കണ്ടെത്തിയ 337 ചിതല്‍ ഇനങ്ങളില്‍ 35 ല്‍ കൂടുതല്‍ ചിതല്‍ ഇനങ്ങള്‍ കാര്‍ഷിക വിളകള്‍ക്കും, കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇതില്‍ തെങ്ങിനെ ആക്രമിക്കുന്ന ഏറ്റവും ശക്തനായ ചിതല്‍ ഒഡേറ്റോ ടെര്‍മസ് എന്ന പേരില്‍ അറിയപ്പെടുന്ന ചിതല്‍ ആണ്. ഇവയില്‍ കോപ്‌റ്റോ ടെര്‍മസ്, ഹെട്രോ ടെര്‍മസ്, മൈക്രോ ടെര്‍മസ്, മൈക്രോ സോര്‍ട്ടര്‍മസ് തുടങ്ങിയ ചിതലുകള്‍ മണ്ണിന് അടിയില്‍ വാസസ്ഥലം ഒരുക്കി അല്ലെങ്കില്‍ പുറ്റ് നിര്‍മ്മിച്ച് വസിക്കുന്നു. തേനീച്ചകളുടെ ജീവിത രീതികള്‍ തന്നെയാണ് ചിതലിനും ഉള്ളത്. രാജാവും, റാണിയും, പ്രജകളും എല്ലാം ഇതിലും ഉണ്ട്.
ചിതലുകള്‍ തെങ്ങിന്റെ വേരുകളെ ആക്രമിക്കുകയോ, വേരുകള്‍ ഭക്ഷണം ആക്കുകയോ ചെയ്യുന്നത് മൂലം തൈകള്‍ വാടി ഉണങ്ങുന്നു. തെങ്ങിന്‍ തൈകളില്‍ മണ്ണിന്റെ ആവരണം കാണുകയാണെങ്കില്‍ അത് ചിതലുകളുടെ തീവ്രമായ ആക്രമണത്തെ സൂചിപ്പിക്കുന്നു. തെങ്ങിന്റെ പുറം തൊലിയുടെ അടിയിലുള്ള ഭാഗത്തെ ഭക്ഷണം ആക്കികൊണ്ട് അവ തടിയുടെ മുകളിലേക്ക് വ്യാപിക്കുകയും, തെങ്ങിന്‍ തടി പൊള്ളയായി കാണപ്പെടുകയും ചെയ്യുന്നു.
വൃത്തിയില്ലാത്ത തെങ്ങിന്‍ തോട്ടം, പൊഴിഞ്ഞ ഓലകള്‍ ശരിയായി സംസ്‌കരിക്കാത്തത്, പൂര്‍ണ്ണമായും അഴുകാത്ത ജൈവവളത്തിന്റെ ഉപയോഗം , എന്നിവയെല്ലാം തെങ്ങിന്‍ തോപ്പില്‍ ചിതലുകളുടെ ആക്രമണം ഉണ്ടാകുവാന്‍ സാധ്യത കൂട്ടുന്നു. തോട്ടം ജോലിക്കിടെ തെങ്ങിന്റെ പുറം തൊലിക്ക് സംഭവിക്കുന്ന പരിക്കുകളിലൂടെ വരുന്ന സ്രവം ചിതലുകളെ ആകര്‍ഷിക്കുന്നു. മണ്ണില്‍ കൂടി പടരുന്ന രോഗങ്ങള്‍ മൂലവും ചിതലുകളുടെ ആക്രമണത്തിന് കാരണം ആകുന്നു. വരള്‍ച്ച അല്ലെങ്കില്‍ ഉണങ്ങിയ മണ്ണ് ചിതലുകളുടെ ആക്രമണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നു.
തെങ്ങിന്‍ തോപ്പിലെ ചിതലുകളുടെ ആക്രമണം പൂര്‍ണ്ണമായും നിയന്ത്രിക്കുക എന്നത് സാധ്യമായ കാര്യമല്ല. ഇവയുടെ കൂടുകള്‍ മണ്ണിന്റെ അടിയില്‍ ആയതിനാല്‍ പൂര്‍ണ്ണമായ നിയന്ത്രണവും ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ചില നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ മൂലം ഇവയുടെ ആക്രമണത്തെ കുറയ്ക്കുവാന്‍ സാധിക്കും.
വിത്ത് തേങ്ങാ പാകുന്ന നഴ്സറിയില്‍ മണ്ണില്‍ നിന്നും ജൈവാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതും, നിലം വൃത്തിയാക്കി മണല്‍ കൊണ്ട് തേങ്ങയെ മൂടുന്നതും, നേഴ്സറി നിലത്ത് ക്‌ളോപ്രിഫോസ് (0 . 05 %) രണ്ട് പ്രാവശ്യം 20 മുതല്‍ 25 ദിവസങ്ങളുടെ ഇടവേളകളില്‍ പ്രയോഗിക്കുന്നതും ചിതലുകളുടെ ആക്രമണത്തെ തടയുവാന്‍ കഴിയും. ക്‌ളോപ്രിഫോസ് 3.8 ഗ്രാം അല്ലെങ്കില്‍ ഫിപ്രോനില്‍ 2.3 ഗ്രാം വീതം 7.5 സ്‌ക്വയര്‍ മീറ്റര്‍ നഴ്സറിയില്‍ ബെഡില്‍ വിത്ത് തേങ്ങാ പാകുന്നതിന് മുന്‍പ് പ്രയോഗിക്കുന്നത് ചിതലുകളുടെ ആക്രമണത്തെ പ്രതിരോധിക്കുവാന്‍ സാധിക്കും .
തോട്ടം വൃത്തിയായി സംരക്ഷിച്ച് ചിതലുകളുടെ ആക്രമണത്തെ തടയുവാന്‍ മുന്‍കരുതല്‍ എടുക്കുക. തെങ്ങിന്‍ തടത്തില്‍ പുതയിട്ടിരിക്കുന്ന ജൈവാവശിട്ടങ്ങളില്‍ ചിതലിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ അത് ഒഴിവാക്കുവാന്‍ ശ്രമിക്കുക .ചിതലുകള്‍ ആഹാരമാകുന്ന വിളകള്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുക. തെങ്ങിന്‍ തോപ്പിലെ ചിതല്‍ പുറ്റുകളെ നശിപ്പിക്കുക. വേനല്‍ക്കാലത്ത് തെങ്ങിന്‍ തോപ്പില്‍ എഴുതുന്നത് ചിതലുകളെ തടയുവാന്‍ സഹായിക്കും. വേനല്‍ക്കാലത്ത് പതിവായി ജലസേചനം നടത്തുന്നത് ചിതലുകളുടെ ആക്രമണത്തെ കുറയ്ക്കുന്നു. തെങ്ങിന്‍ തടിയുടെ ചുവട് മുതല്‍ മുകളിലോട്ട് രണ്ട് മീറ്റര്‍ ഉയരത്തില്‍ വേപ്പെണ്ണ പുരട്ടുക. തെങ്ങിന്‍ തടത്തില്‍ മഞ്ഞള്‍ ,കൂവ ,കറ്റാര്‍വാഴ എന്നിവ നട്ട് പിടിപ്പിക്കുക. ചതച്ച ഉലുവയും ,ഉപ്പും ,ചാരവും തെങ്ങിന്‍ തടത്തില്‍ പ്രയോഗിക്കുക. തെങ്ങിന്‍ തടത്തില്‍ തുല്യ അനുപാതത്തില്‍ വേപ്പിന്‍ പിണ്ണാക്ക്, ഉപ്പ് എന്നിവ പ്രയോഗിക്കുന്നതും ചിതലിനെ പ്രതിരോധിക്കും. ക്‌ളോപൈറി ഫോസ് 2ാഹ അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ഇമിടക്ലോപിഡ് 5ml ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ വിപ്രോനില്‍ പോലുള്ള കീടനാശിനികളും ചിതലുകളെ പ്രതിരോധിക്കും.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post