പ്രോട്ടീന്‍ ധാരാളമുള്ള മുട്ട മനുഷ്യര്‍ക്ക് മാത്രമല്ല ചെടികള്‍ക്കും നല്ലതാണ്. 95% ത്തിലധികം ധാതുക്കളാണ് മുട്ടത്തോടില്‍ അടങ്ങിയിരിക്കുന്നത്. പ്രധാനമായും കാല്‍സ്യം കാര്‍ബണേറ്റ് (37%). ഇത് ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഒരു ഘടകമാണ്. മുട്ടത്തോടുകളില്‍ നല്ല അളവില്‍ മഗ്‌നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.
ഗാര്‍ഡനില്‍ മുട്ടത്തോടുകള്‍ എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന് നോക്കാം.
1. കംപോസ്റ്റിംഗ്
ഓംലറ്റുണ്ടാക്കാന്‍ പൊട്ടിക്കുമ്പോഴുള്ള മുട്ടത്തോടോ, അല്ലെങ്കില്‍ പുഴുങ്ങിയ മുട്ടയുടെ തോടോ കമ്പോസ്റ്റ് ബിന്നില്‍ ഇട്ടുവെക്കാം. വെറുതെ ഇടരുത്. നല്ല പോലെ പൊടിച്ചിടുക. മുട്ട തോടുകള്‍ കമ്പോസ്റ്റിന്റെ പിഎച്ച് ലെവല്‍ നിര്‍വീര്യമാക്കും. മുട്ട തോടുകള്‍ മണ്ണിനെ ക്ഷാരമാക്കുന്നില്ല, മറിച്ച് അതിനെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്.
2. ശല്യക്കാരായ ഇഴജന്തുക്കളെ ഓടിക്കാം
ചെടികളെ നശിപ്പിക്കുന്ന ഒച്ചുകള്‍ പോലെയുള്ള മൃദുവായ ശരീരത്തോടുകൂടിയ കീടങ്ങളെ പ്രതിരോധിക്കാന്‍ മുട്ടത്തോടുകള്‍ ഫലപ്രദമാണ്. മുട്ടത്തോടുകള്‍ പൊടിച്ചിടുന്നത് കൊണ്ട് തന്നെ മൂര്‍ച്ചയേറിയ തോടുകളിലൂടെ അവയ്ക്ക് ഇഴയാന്‍ ബുദ്ധിമുട്ടാകും.
3. തൈകള്‍ മുളപ്പിക്കാം
തൈകള്‍ മുളയ്ക്കുന്നതിന് മുട്ടത്തോടുകള്‍ ഉപയോഗിക്കാം. ഏറ്റവും ജനപ്രിയമായ ആശയമാണിത്. മുട്ട പൊട്ടിക്കുമ്പോള്‍ പകുതിയാക്കുന്ന ഭാഗമെടുത്ത് അതില്‍ ചെറിയൊരു ദ്വാരമിട്ട് കുറഞ്ഞ അളവില്‍ മണ്ണ് നിറച്ച് വിത്ത് വിതയ്ക്കാം. വിത്ത് മുളച്ച് വരുമ്പോള്‍ മാറ്റിനടാം. മാറ്റിനടുമ്പോള്‍ മുട്ടത്തോട് പൊട്ടിച്ച് ചെടിയെടുക്കാം.
4. രോഗമില്ലാത്ത, ആരോഗ്യമുള്ള തക്കാളി
തക്കാളി നടുമ്പോള്‍, ഒരു പിടി നാടന്‍ പൊട്ടിയ മുട്ട തോടുകള്‍ അടിയില്‍ വയ്ക്കുക. ഇത് തക്കാളിയുടെ വളര്‍ച്ചയില്‍ നല്ല അളവില്‍ ധാതുക്കളും മറ്റും നല്‍കും. തക്കാളി ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും രോഗപ്രതിരോധത്തിനും ഇത് സഹായിക്കും.
5. പ്രകൃതിദത്തമായ വളം
ധാതു വളമായി മുട്ടത്തോടുകള്‍ നേരിട്ട് ഉപയോഗിക്കാം. ഇതിനായി മുട്ടത്തോടുകള്‍ നേര്‍ത്തതായി പൊടിക്കണം. തുടര്‍ന്ന് ഈ പൊടി നിങ്ങളുടെ വിളയുടെയോ അലങ്കാര ചെടികളുടെയോ അടിയില്‍ ഇട്ടുകൊടുക്കണം. ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കും ഇത് വളരെ നല്ലതാണ്.
6. പുതയിടലിനും പറ്റും
പുതയിടുന്നതിന് മുട്ടത്തോടുകള്‍ ഉപയോഗിക്കാം. ചെടികള്‍ക്ക് പുതയിടുന്നതിന് ചെലവുകുറഞ്ഞതും ഫലപ്രദവുമായ ഒരു മാര്‍ഗ്ഗമാണിത്. കുറച്ച് ദൂരെ നിന്ന് നോക്കി കഴിഞ്ഞാല്‍ വെള്ള കല്ലുകളുടെ ലുക്കുള്ളതിനാല്‍ ചെടികള്‍ക്കൊരു അലങ്കാരവുമാകും.
7. മണ്ണിനും നല്ലത്
മണ്ണിന്റെ മൊത്തത്തിലുള്ള അസിഡിറ്റി കുറയ്ക്കുന്നതിന് പൊടിച്ച മുട്ടത്തോടുകള്‍ ചേര്‍ക്കാം. മുട്ടത്തോടുകള്‍ മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നു. ഇത് പോഷകങ്ങള്‍, വെള്ളം, പ്രയോജനകരമായ സൂക്ഷ്മാണുക്കള്‍ എന്നിവ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു.
Discussion about this post