എറണാകുളം നഗരഹൃദയത്തിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് നടുവിലായി രണ്ടേക്കറോളം വരുന്ന സ്ഥലത്തൊരുക്കിയ ഒരു കാട്.അവിടെ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നവയും ഉള്‍പ്പെടെയുള്ള മൂവായിരത്തോളം ഇനം ഔഷധസസ്യങ്ങളും മുന്നൂറോളം ഫലവൃക്ഷങ്ങളും വനവൃക്ഷങ്ങളുമെല്ലാം വെച്ചുപിടിപ്പിച്ചിരിക്കുന്നു. ഇവയ്ക്ക് നടുവിലായി ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരുനില വീടും. പുരുഷോത്തമ കമ്മത്ത് എന്ന പ്രകൃതിസ്‌നേഹിയുടെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് സമീപമുള്ള ആലുങ്കല്‍ ഫാംസ് ആണിത്.
കോടികള്‍ വിലമതിക്കുന്ന ഈ സ്ഥലത്ത് ഒരു കാടൊരുക്കിയപ്പോള്‍ പലരും ഇദ്ദേഹത്തെ പരിഹസിച്ചെങ്കിലും ഇപ്പോള്‍ എല്ലാവരും ഇതിന്റെ മഹത്വം തിരിച്ചറിയുന്നു. ഗവേഷണ വിദ്യാര്‍ത്ഥികളും പ്രകൃതി സ്‌നേഹികളുമടക്കം നിരവധി ആളുകളാണ് ഇവിടത്തെ സസ്യവൈവിധ്യത്തെ കുറിച്ച് പഠിക്കാനും പരിചയപ്പെടാനുമായി ഇവിടേക്ക് എത്തുന്നത്. ഒപ്പം ഔഷധസസ്യങ്ങള്‍ തേടി എത്തുന്നവരും നിരവധിയാണ്.
പ്രകൃതി സംരക്ഷണത്തില്‍ ഇദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് മകന്‍ ആനന്ദ് പി കമ്മത്തും ജോലിവിട്ട് മുഴുവന്‍ സമയവും ആലുങ്കല്‍ ഫാംസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുണ്ട്. ഒപ്പം സഹായവുമായി കൊച്ചുമക്കളായ ശാന്തനുവും സ്വാത്വിക്കും ഇദ്ദേഹത്തിനൊപ്പമുണ്ട്.
ജലസേചനത്തിനായൊരു കുളമുണ്ട് ഇവിടെ. ഇതില്‍ മീനുകളെയും താറാവുകളെയും വളര്‍ത്തുന്നുണ്ട്. കൂടാതെ വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍ എന്നീ ഇനങ്ങളിലുള്ള പശുക്കളെയും വളര്‍ത്തുന്നു.
പ്രകൃതി സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ഇദ്ദേഹത്തിന് ജൈവ വൈവിധ്യ സംരക്ഷണ അവാര്‍ഡ്, വനമിത്ര അവാര്‍ഡ് എന്നീ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്കൊപ്പം മറ്റ് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
Discussion about this post