മരുഭൂമിയിലെ കത്തുന്ന വെയിലിലും വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ തികച്ചും ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിച്ച് മാതൃകയായി മാറുകയാണ് ഒരു കുടുംബം. ഖത്തറിലെ കൃഷിയോഗ്യമല്ലാത്ത മണലില്‍ നമ്മുടെ നാടന്‍ പച്ചക്കറികള്‍ വിളഞ്ഞു നില്‍ക്കുന്നത് കണ്ടാല്‍ അതിശയം തോന്നും.
കഴിഞ്ഞ 20 വര്‍ഷമായി പ്രൊജക്ട് മാനേജരായി ജോലി ചെയ്യുന്ന ബെന്നി തോമസാണ് ഖത്തറില്‍ കൃഷിയിടം ഒരുക്കിയത്. തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ ചെറിയ വളപ്പില്‍ തുടങ്ങിയ കൊച്ചുകൃഷി, ഇന്ന് വീട്ടാവശ്യത്തിനുള്ള ഏതാണ്ട് എല്ലാ പച്ചക്കറികളും നല്‍കാന്‍ കഴിയുന്ന വലിയ അടുക്കളത്തോട്ടമായി മാറിയെന്ന് ബെന്നി പറയുന്നു.
പയര്‍, പാവല്‍, വെണ്ട, വഴുതന, വിവിധ തരം മുളകുകള്‍ തുടങ്ങി പച്ചക്കറികളുടെ ലിസ്റ്റ് നീണ്ട് പോകുന്നു. സ്ഥല പരിമിതികള്‍ക്കുള്ളിലും നല്ലൊരു പൂന്തോട്ടവും കാട വളര്‍ത്തലും ഹൈഡ്രോപോണിക്‌സ് സംവിധാനവും ഒരുക്കിയിരിക്കുന്നു.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശിയായ ബെന്നിയോടൊപ്പം ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം കൃഷിയില്‍ സജീവമാണ്. പ്രവാസി കൂട്ടായ്മകളില്‍ കൃഷി അറിവുകള്‍ പങ്കുവെക്കുന്നതിനൊപ്പം നിരവധി പ്രവാസികള്‍ക്ക് പരിമിതമായ സ്ഥലത്ത് കൃഷിയൊരുക്കാന്‍ പ്രചോദനമായി മാറുകയാണ് ഇദ്ദേഹം.
Discussion about this post