നെല്ലു കൊണ്ടുണ്ടാക്കുന്ന ഭക്ഷ്യപദാര്‍ഥമാണ് അവല്‍. അവല്‍ എന്നും അവില്‍ എന്നും മലയാളികള്‍ ഉപയോഗിക്കാറുണ്ട്. വടക്കെ ഇന്ത്യയിലൊക്കെ പൊഹ, ചിര, പൗവ എന്നൊക്കെ അവലിനെ വിളി ക്കുന്നു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഉപയോഗിച്ചു വരുന്നത്. അവല്‍ പച്ചയ്ക്കും, ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ത്തു നനച്ചും ഭക്ഷിക്കാറുണ്ട്. ചിരകിയ തേങ്ങയോടൊപ്പം അവല്‍ ഉപയോഗിച്ച് ഉപ്പുമാവും പ്രഥമനും തയ്യാറാക്കാം. ഏറെ ആരോഗ്യപ്രദമായ ഭക്ഷണമാണ് അവല്‍. എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍ വളരെയധികം അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്. പ്രമേഹരോഗികള്‍ക്കും കഴിക്കാന്‍ നല്ലതാണ്.
കേരളത്തില്‍ ഒരു കുടില്‍ വ്യവസായമായി നില നിന്നിരുന്നതായിരുന്നു അവല്‍ നിര്‍മ്മാണം. കുടുംബി സമുദായക്കാരുടെ കുലത്തൊഴിലായിരുന്നു അവല്‍ നിര്‍മ്മാണം. നെല്ല് പുഴുങ്ങി വറുത്താണ് അവലുണ്ടാക്കുന്നത്. ചെന്നെല്ലും ആര്യനെല്ലും അവലുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. ഇത് വളരെ വിശേഷപ്പെട്ടതാണ്. കുറച്ചു നെല്ലുകൊണ്ട് വളരെ കൂടുതല്‍ അവല്‍ ഉണ്ടാക്കാം.
അവലുണ്ടാക്കാന്‍ ഒരു പ്രത്യേകതരം ഉരലാണ് ഉപയോഗിച്ചിരുന്നത്. ഈ ഉരലില്‍ ഇടിച്ചു പരത്തി അതിന്റെ ഉമിയും പൊടിയും നീക്കി അവല്‍ എടുക്കും. അവല്‍ ഇടിക്കാനായി, കാലുകൊണ്ട് ചവിട്ടിപ്പൊക്കാന്‍ പറ്റുന്ന, ഉത്തോലക സംവിധാനമുള്ള ഭാരമേറിയ ഉലക്കയാണ് ഉപയോഗിക്കുന്നത്. ഈ അവലിനു കുടുംബി അവല്‍ എന്നും പറയുന്നു. ഈ അവലിനു സ്വാദും മയവും കൂടുതലായിരിക്കും. ഉരലില്‍ സാധാരണ ഉലക്കകൊണ്ടിടിച്ചും അവല്‍ ഉണ്ടാക്കാം. ഇങ്ങനെയുണ്ടാക്കുന്ന അവലിനു രുചിയും മാര്‍ദവവും കുറവായിരിക്കുമത്രേ.
Discussion about this post