എറണാകുളം: കുംഭച്ചുരയ്ക്കയുടെ കൃഷിയില്‍ നൂറുമേനി വിളവെടുത്ത് കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോം. സുഭിക്ഷം സുരക്ഷിതം – ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ പ്രചരണാര്‍ത്ഥം പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത കൃഷിയില്‍ നിന്നാണ് നൂറുമേനി വിളവെടുത്തത്.
നാട്ടിന്‍പുറങ്ങളിലെ തൊടികളില്‍ ധാരാളമായി കണ്ടുവരുന്ന പച്ചക്കറി വിളയാണ് ചുരക്ക. ഇവയുടെ തണ്ട് ആയുര്‍വേദ ഔഷധ നിര്‍മാണത്തിലെ ഒരു ഔഷധിയാണ്. ചുരക്ക പിഴിഞ്ഞെടുത്ത നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. വിനാഗിരി ചേര്‍ത്ത് പാകപ്പെടുത്തി പനി മാറുന്നതിനും ചുരക്ക ഉപയോഗിക്കുന്നു. ഇതിന്റെ തോട് ഉണക്കി അതില്‍ വെള്ളം ചേര്‍ത്ത് 24 മണിക്കൂറിനു ശേഷം കുടിക്കുന്നത് പ്രമേഹം കുറയുന്നതിനും സഹായിക്കും. ഇത്രയേറെ ഔഷധ ഗുണമുള്ള ഒരു പച്ചക്കറിയാണ് കുംഭ ചുരയ്ക്ക.വൃക്ഷായുര്‍വേദ വിധിപ്രകാരമുള്ള ഹരിത കഷായം, ഗുണപജലം, ജീവാമൃതം മുതലായ വളക്കൂട്ടുകളും പ്രകൃതി കീടനാശിനികളായ നീമാസ്ത്രം, ബ്രഹ്മാസ്ത്രം എന്നിവയും ഉപയോഗിച്ചാണ് കൃഷി ചെയ്തത്.
വിളവെടുപ്പ് ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്തംഗം അഡ്വ. യേശുദാസ് പറപ്പിള്ളി നിര്‍വ്വഹിച്ചു. ബോയ്സ് ഹോം ഡയറക്ടര്‍ ഫാദര്‍ സംഗീത് ജോസഫ്, കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ വിളവെടുപ്പില്‍ പങ്കെടുത്തു.
Discussion about this post