ഈ പച്ചത്തുരുത്ത് ആകാശത്തിനും ഭൂമിക്കുമിടയിലൊരുക്കിയ ഒരു സ്വര്‍ഗമാണ്. കൊച്ചിയിലെ വെണ്ണലയിലെ ആറാം നിലയിലുള്ള ഫ്ളാറ്റിലെ ഏകദേശം നൂറ് സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള ബാല്‍ക്കണിയിലാണ് ഈ സ്വപ്നത്തുരുത്തൊരുക്കിയിരിക്കുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? രമ്യ ആനന്ദിന്റെയും കുടുംബത്തിന്റെയും സ്‌നേഹലോകമാണ് ഈ കുഞ്ഞു ബാല്‍ക്കണിഗാര്‍ഡന്‍. ജോലിത്തിരക്കുകളില്‍ നിന്നുംമറ്റും ഇവര്‍ ഓടിയെത്തി അഭയം തേടുന്ന ഇടം. പോസിറ്റീവ് എനര്‍ജിയും ശുദ്ധവായുവും ആവോളം പകര്‍ന്നുനല്‍കുന്ന ചെടികള്‍ക്കൊപ്പം ക്രിയേറ്റിവിറ്റിയും കൂടിയായപ്പോള്‍ സംഭവം കളറായി.
ഓരോരുത്തരുടെയും ഉള്ളിലുള്ള ക്രിയേറ്റിവിറ്റി പുറത്തെടുക്കാന്‍ അവസരം നല്‍കുന്ന ഇടം കൂടിയാണ് ഇത്തരം ഗാര്‍ഡനെന്നാണ് രമ്യയുടെ പക്ഷം. വാക്കുകളിലൂടെ മാത്രമല്ല, പ്രവൃത്തിയിലൂടെയും രമ്യ അത് നമുക്ക് കാണിച്ചുതരുന്നു. ഗാര്‍ഡനിംഗിനൊപ്പം ബോട്ടില്‍ ആര്‍ട്ടുമുണ്ട്. ഇക്കാര്യത്തില്‍ മകള്‍ നിഹാരികയും കൂട്ടിനുണ്ട്. കൂടാതെ ഗാര്‍ഡന് കൂടുതല്‍ ചാരുത പകര്‍ന്ന് യാത്രയ്ക്കിടെ ശേഖരിച്ചിട്ടുള്ള കൗതുകവസ്തുക്കളും ടെറാകോട്ട ശില്‍പ്പങ്ങളുമെല്ലാം ഇവിടെ അണിനിരന്നിരിക്കുന്നു.
സ്വന്തം ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ മാത്രമല്ല, സുഹൃത്തുക്കളുടെ വീടുകളിലെ ഗാര്‍ഡനുകളിലും രമ്യയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. റവന്യു വകുപ്പില്‍ ഉദ്യോഗസ്ഥയായ രമ്യ അറിയപ്പെടുന്ന ട്രാവല്‍ ഹോബിയിസ്റ്റും റൈറ്ററും കൂടിയാണ്. ഭര്‍ത്താവ് ദിനു സുരേന്ദ്രനും മകള്‍ നിഹാരികയും ഫുള്‍ സപ്പോര്‍ട്ടുമായി കൂടെയുണ്ട്.
രമ്യ തെളിച്ച പച്ചപ്പിന്റെ ഈ ചെറിയ വെളിച്ചം, കോണ്‍ഗ്രീറ്റ്് കൂടാരത്തിലാകെ പടരാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ഇവിടത്തെ നിരവധി കുടുംബങ്ങള്‍ക്ക് ഗാര്‍ഡന്‍ സെറ്റ് ചെയ്യാന്‍ പ്രചോദനമായി മാറുകയാണ് ഈ കുടുംബം.
Discussion about this post