അട്ടപ്പാടിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സൂര്യകാന്തി പൂവിട്ടു. കര്‍ഷകനായ പളനിസ്വാമിയാണ് അട്ടപ്പാടിയില്‍ വീണ്ടും സൂര്യകാന്തിപ്പൂകള്‍ കൃഷി ചെയ്തത്. മണ്ണാര്‍ക്കാട് നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിച്ചാലെത്തുന്ന നരസിമുക്കിലാണ് പളനിസ്വാമി സൂര്യകാന്തിപ്പൂക്കള്‍ കൃഷി ചെയ്തിരിക്കുന്നത്.
അമ്പത് സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയിരിക്കുന്നത്. ഒരുകാലത്ത് അട്ടപ്പാടിയുടെ തനത് കൃഷിയായിരുന്നു സൂര്യകാന്തി. എന്നാല്‍ പിന്നീട് എണ്ണ ഉത്പാദന മേഖലയിലേക്കുള്ള കുത്തകകളുടെ കടന്നുകയറ്റവും വിപണനസാധ്യത കുറഞ്ഞതും അട്ടപ്പാടിക്കാര്‍ സൂര്യകാന്തി കൃഷിയില്‍ നിന്ന് പിന്നോട്ട് പോകാന്‍ കാരണമായി.
തിരിച്ച് സൂര്യകാന്തി കൃഷിയിലേക്ക് വരാന്‍ പളനിസ്വാമി പ്രേരിപ്പിച്ച ഘടകം വന്യമൃഗങ്ങള്‍ മറ്റു വിളകള്‍ക്കുണ്ടാക്കുന്ന നാശമാണ്. സൂര്യകാന്തി കൃഷിയെ നശിപ്പിക്കാന്‍ വന്യമൃഗങ്ങളെത്താറില്ല. മറ്റേത് കൃഷിയാണെങ്കിലും എത്ര കാവലിരുന്നിട്ടും കാര്യമില്ല.
കോയമ്പത്തൂരില്‍ നിന്ന് ലഭിച്ച രണ്ടര കിലോ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. മഴ അത്യാവശ്യമില്ലാത്ത ഈ കൃഷിക്ക് സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കണം. അതുകൊണ്ട് തന്നെ ഇത്തവണ കനത്ത മഴയില്ലാത്ത അനുകൂല കാലാവസ്ഥ ഗുണം ചെയ്തു. നാല് മാസം കൊണ്ട് വിളവെടുക്കാന്‍ പാകമായി.
ജൈവരീതിയില്‍ തന്നെയാണ് കൃഷി. കോയമ്പത്തൂരില്‍ തന്നെ എണ്ണയുല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യുകയാണ് പഴനിസ്വാമിയുടെ ലക്ഷ്യം
മണ്ണില്‍ സൂര്യവര്‍ണം വിതറുന്ന സൂര്യകാന്തി പാടം കാണാന്‍ നിരവധി പേരാണ് ഓരോദിവസവും ഇവിടേക്ക് എത്തുന്നത്.
Discussion about this post