അതിശയം തോന്നിപ്പിക്കുന്ന വിധത്തില്‍ അത്രയേറെ മനോഹരമായും അച്ചടക്കത്തോടെയും ഒരുക്കിയ പൂന്തോട്ടം. പറഞ്ഞുവരുന്നത് കേരളത്തിലെ ഏതെങ്കിലും വീടുകളിലുള്ള പൂന്തോട്ടത്തെ കുറിച്ചല്ല. അങ്ങ് ദോഹയിലാണ് ഈ പൂന്തോട്ടമുള്ളത്. ഒപ്പം നെല്ലും, വാഴയും, കരിമ്പും, മാവും പപ്പായയുമെല്ലാം തലയുയര്‍ത്തി നില്‍ക്കുന്ന കൃഷിത്തോട്ടവുമുണ്ട് ഇവിടെ. ദോഹയില്‍ ഇത് സാധ്യമാക്കിയത് ഒരു മലയാളിയാണ്.
ദോഹയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ശരത് മോഹന്റെയാണീ തോട്ടം. ദോഹയില്‍ നിന്ന് 36 കിലോമീറ്റര്‍ ദൂരമുള്ള അല്‍ക്വാര്‍ എന്ന സ്ഥലത്താണ് ശരത് താമസിക്കുന്ന ഈ വില്ലയുള്ളത്. നാല് വര്‍ഷത്തിലേറെയായി കൃഷി ചെയ്തു വരുന്ന ശരത്തിന്റെ തോട്ടത്തില്‍ പൂക്കളും, പഴങ്ങളും നാടന്‍ പച്ചക്കറികളുമെല്ലാം സുലഭമാണ്. അക്വാപോണിക്സ് സംവിധാനത്തിലുള്ള തിലോപ്പി വളര്‍ത്തല്‍, മുയലുകള്‍, പ്രാവുകള്‍ തുടങ്ങിയവയും ഇവിടെയുണ്ട്.
ഉപയോഗ ശൂന്യമാണെന്ന് നമ്മള്‍ കരുതുന്ന നിരവധി വസ്തുക്കള്‍ വളരെ ആകര്‍ഷകമായ രൂപങ്ങളിലേക്ക് മാറ്റി ശരത് പൂന്തോട്ടത്തിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ടയര്‍ കൊണ്ടുണ്ടാക്കിയ കിണറും, ചെടിച്ചട്ടിയായി മാറിയ ഷൂസുകളും ഓയില്‍ കാനുകളും സൈക്കിളും മുഖം മിനുക്കിയ കളിപ്പാട്ടങ്ങളുമെല്ലാം ഈ ഫ്ളോറല്‍ ഗാര്‍ഡനിലുണ്ട്. തന്റെ ക്രിയേറ്റിവിറ്റിയെ വളരെ മനോഹരമായി ശരത് ആവിഷ്‌കരിച്ചു എന്ന് തന്നെ പറയാം.
നമ്മുടെ നാടന്‍ ചെമ്പരത്തി മുതല്‍ ഏഴ് നിറങ്ങളില്‍ ബഡ്ഡ് ചെയ്ത ഒരു അഡീനയം ചെടി വരെ ശരത്തിന്റെ ശേഖരത്തിലുണ്ട്. ജോലി കഴിഞ്ഞെത്തിയാല്‍ മൂന്ന് നാല് മണിക്കൂറോളം കൃഷിയ്ക്കും ചെടി പരിപാലനത്തിനുമായി ശരത് സമയം കണ്ടെത്തും. ചെറുപ്പം തൊട്ടെ കൃഷിയോട് താല്‍പ്പര്യമുണ്ടായിരുന്ന ശരത്തിന് ആ താല്‍പ്പര്യം തന്നെയാണ് ഇന്ന് ദോഹയില്‍ ഇതുപോലൊരു തോട്ടം ഉണ്ടാക്കിയെടുക്കാന്‍ സഹായിച്ചത്.
റെന്റല്‍ സ്പേസില്‍ താമസിക്കുന്ന ശരത്തിന്റെ കൃഷിക്ക്, സമീപവാസികളുടെ പിന്തുണയുമുണ്ട്. കെഎസ്ഇബി ജീവനക്കാരിയായ ഭാര്യ സിമിയും മകള്‍ ആലിയയുമടങ്ങുന്ന കുടുംബമാണ് ശരത്തിന്റേത്.
Discussion about this post