മള്‍ബറി പഴങ്ങള്‍ എല്ലാവരും കേട്ടിട്ടുള്ളതാണെങ്കിലും അതിന്റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിയില്ല. ഇത്തിരിക്കുഞ്ഞനാണെങ്കിലും ധാരാളം പോഷകഗുണങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള പഴമാണ് മള്‍ബറി.
ഹൃദയാരോഗ്യം, കണ്ണിന്, ദഹനത്തിന്, രോഗപ്രതിരോധ ശേഷി കൂട്ടാന്‍,എല്ലുകളുടെ ആരോഗ്യത്തിന് എന്നിവയ്‌ക്കെല്ലാം മള്‍ബറി വളരെയധികം ഗുണകരമാണ്. കൂടാതെ പ്രമേഹരോഗികള്‍ മള്‍ബറി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചര്‍മ്മ സംരക്ഷണത്തിനും ശരീരഭാരം കുറയ്ക്കാനും മള്‍ബറി കഴിക്കുന്നതിലൂടെ സാധിക്കും.
മൊറേസ്യ കുടുംബത്തിലെ ഒരംഗമായ മള്‍ബറിയുടെ ജന്മദേശം ചൈനയാണ്്. ഇന്ത്യയിലൂടനീളം ഇത് കൃഷിചെയ്യുന്നുണ്ട്. പട്ടുനൂല്‍ പുഴുവിന്റെ പ്രധാന ആഹാരം മള്‍ബറിച്ചെടിയുടെ ഇലയായത് കൊണ്ടാണ് ഇന്ത്യയില്‍ മള്‍ബെറിയുടെ കൃഷി ചെയ്യുന്നത്. മൈസൂരിലാണ് ഏറ്റവും കൂടുതല്‍ മള്‍ബെറി കൃഷി ചെയ്യുന്നത്. വാണിജ്യ സാധ്യത കുറവായതാണ് കേരളത്തില്‍ മള്‍ബെറി കൃഷി ഇന്നും അധികമില്ലാതിരിക്കാന്‍ കാരണം.
മള്‍ബറിയുടെ നൂറ്റന്‍പതോളം ഇനങ്ങളുണ്ട്. എന്നാല്‍ പത്തോ പന്ത്രണ്ടോ ഇനങ്ങള്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. ഏത് കാലാവസ്ഥയിലും മള്‍ബറി വളരും. ഗാര്‍ഡനുകളില്‍ വെച്ചുപിടിപ്പിക്കാന്‍ പറ്റിയ ഒരു ചെറുവൃക്ഷമാണിത്. അധികം പരിചരണം ആവശ്യമില്ലാത്തതിനാല്‍ എല്ലാവര്‍ക്കും കൃഷി ചെയ്യാനും സാധിക്കും.
കൃഷി ചെയ്യേണ്ട വിധം
മള്‍ബറിയുടെ കമ്പ് മുറിച്ചെടുത്ത് അത് മണല്‍, മേല്‍മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോര്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം നിറച്ച ചെറുകൂടകളില്‍ നിറച്ച് കുഴിച്ച് വയ്ക്കണം. രണ്ടാഴ്ചയോടെ കമ്പുകളില്‍ പുതുവേരുകള്‍ ഉണ്ടായി തളിരിലകള്‍ രൂപപ്പെടും. ഈ സമയത്ത് തൈ മാറ്റിനടാം. മള്‍ബറി ചെറുവൃക്ഷമാകുമെന്നതിനാല്‍ ചെടിച്ചട്ടികളിലോ ഗ്രോബാഗുകളിലോ നടുന്നത് നല്ലതല്ല. വേനല്‍ക്കാലങ്ങളില്‍ നന ഉറപ്പുവരുത്തണം. ജൈവവളങ്ങളും ഇടയ്ക്ക് നല്‍കണം.ആദ്യ കുറച്ച് കാലം കൃത്യമായ പരിചരണം ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ പിന്നീട് വലിയ പരിചരണം ആവശ്യമില്ല.
മൂന്നു വര്‍ഷം കൊണ്ട് ഇവ ഫലം തന്നു തുടങ്ങും. മള്‍ബറിയെ ബാധിക്കുന്ന ഏക പ്രശ്‌നം ഇല ചുരുട്ടി പുഴുവന്റെ ആക്രമണം മാത്രമാണ്. അവയെ ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയോ, കൈകൊണ്ട് പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുകയോ ചെയ്യണം.
Discussion about this post