പേര, ചാമ്പ, നാരകം തുടങ്ങിയവയെല്ലാം വിത്തു നട്ടുപിടിപ്പിക്കുമ്പോള്‍ അതില്‍ നിന്ന് കായ്കള്‍ ലഭിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരാറുണ്ട്. എന്നാല്‍ ലെയറിംഗ് ചെയ്താല്‍ ഉടന്‍ തന്നെ കായ്കള്‍ ലഭിക്കും. ലെയറിംഗില്‍ തന്നെ പലവിധമുണ്ട്. അതിലൊന്നാണ് എയര്‍ ലെയറിംഗ്.
ചില്ലകളില്‍ വേരുപിടിപ്പിച്ചെടുക്കുന്നതാണ് എയര്‍ ലെയറിംഗ്. ചില്ലകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പുതിയ കൂമ്പ് വരുന്ന ചില്ലകള്‍ തെരഞ്ഞെടുക്കാന്‍ പാടില്ല. ഇലകളെല്ലാം മൂത്തിരിക്കുന്ന അവസ്ഥയില്‍ വേണം എയര്‍ ലെയറിംഗ് ചെയ്യാന്‍. ഏകദേശം ആറ് മാസത്തോളം പ്രായം വരുന്ന ചില്ലകളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. തണ്ട് പച്ച നിറത്തില്‍ നിന്ന് മാറി ബ്രൗണ്‍ നിറത്തിലേക്ക് വരുന്ന ഭാഗമാണ് ലെയറിംഗ് ചെയ്യേണ്ടത്. അതേസമയം ഒരുപാട് മൂപ്പെത്തിയ ചില്ലകളിലും ലെയറിംഗ് ചെയ്യരുത്. അതില്‍ ചെയ്താലും വേര് വരാന്‍ താമസിക്കും. അതേപോലെ അധികം മൂപ്പെത്താത്ത ചില്ലകളും ലെയറിംഗിനായി തെരഞ്ഞെടുക്കരുത്. നല്ല കായ്ഫലവും ആരോഗ്യവുമുള്ള മാതൃസസ്യമായിരിക്കണം ലെയറിംഗിനായി തെരഞ്ഞെടുക്കേണ്ടത്.
്എയര്‍ ലെയറിംഗ് എങ്ങനെ ചെയ്യാം?
മോസ് എന്നൊരു പായല്‍, ചകിരിച്ചോറ് എന്നിവ ലെയറിംഗ് ചെയ്യാന്‍ ഉപയോഗിക്കാം. മോസ് പായല്‍ സാധാരണ പാറപ്പുറത്തൊക്കെ കാണുന്ന തരം പായലാണ്. അതേസമയം ഇത് കടകളിലും ലഭ്യമാണ്. ലെയറിംഗ് ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് ഈ മോസിന് ചെറുതായി നനവ് നല്‍കണം. ഉണങ്ങിയിരിക്കാന്‍ പാടില്ല. എന്നാല്‍ നനവ് ഒരുപാട് കൂടാനും പാടില്ല.
ഇനി തെരഞ്ഞെടുത്ത കമ്പില്‍ വട്ടത്തില്‍ തൊലി മാത്രം വരയണം. അതിന് സമീപത്ത് മുക്കാല്‍ അല്ലെങ്കില്‍ ഒരിഞ്ച് നീക്കി ഒന്നുകൂടി ഒരു വട്ടം വരയണം. എന്നിട്ട് വരഞ്ഞ രണ്ട് വട്ടങ്ങളും കൂട്ടി യോജിപ്പിക്കണം. തൊലി മാത്രമേ കളയാന്‍ പാടുള്ളൂ. തണ്ട് ഭാഗം മുറിയാതെ നോക്കണം. തുടര്‍ന്ന് നനവുള്ള മോസ് തണ്ട് ഭാഗത്തായി പൊതിഞ്ഞുവെച്ചുകൊടുക്കുക. അത് ഒരു പ്ലാസ്റ്റിക്കിന്റെ ഷീറ്റ് ഉപയോഗിച്ച് മുറുക്കി കെട്ടിവെക്കുക. പേരയാണെങ്കില്‍ ഒരു മാസമൊക്കെ വേണ്ടിവരും വേര് വരാന്‍. എന്നാല്‍ ചെറുനാരകം, ചാമ്പ പോലുള്ളവയിലൊക്കെ രണ്ടാഴ്ച കൊണ്ട് വേര് വരും.
വേര് വന്നുതുടങ്ങുന്ന സമയത്ത് ലെയറിംഗ് ചെയ്തുവെച്ചിരിക്കുന്നതിന്റെ താഴെ തണ്ടിലായി ഒരു ചെറിയ പിളര്‍പ്പുണ്ടാക്കണം. തൊലിയും കമ്പിന്റെ കുറച്ച് ഭാഗവും മുറിയത്തക്ക വിധത്തിലായിരിക്കണം ചെയ്യേണ്ടത്. പിന്നീട് ലെയറിംഗില്‍ വേര് പൂര്‍ണമായും വന്നുകഴിയുമ്പോഴും നേരത്തെ പിളര്‍പ്പുണ്ടാക്കിയ ഭാഗത്ത് ഒന്നു കൂടി മുറിക്കണം. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം ലെയറിംഗ് ചെയ്തു വെച്ച കമ്പ് പൂര്‍ണമായും മുറിച്ചെടുക്കുക.
പ്ലാസ്റ്റിക് കവര്‍ മാറ്റുമ്പോള്‍ ശ്രദ്ധയോടെ ചെയ്യുക. വേരുകള്‍ ക്ഷതമേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Discussion about this post