പണ്ട് വീട്ടുമുറ്റത്തെ പൂന്തോട്ടങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ചില ചെടികളുണ്ടായിരുന്നു. സ്മൃതികളിലാണ്ട് പോകുന്ന ചില ചെടികളെ കുറിച്ച് നോക്കാം.
സുഗന്ധരാജന്‍
നിത്യഹരിതയായ അലങ്കാര ചെടിയാണ് സുഗന്ധരാജന്‍ അഥവാ ഗന്ധരാജന്‍. പുതിയ അലങ്കാര ചെടികള്‍ വന്നതോടെ സുഗന്ധരാജന്‍ മിക്ക വീടുകളില്‍ നിന്നും അപ്രത്യക്ഷമായി. ഏഷ്യയില്‍ എല്ലാ സ്ഥലത്തും കാണുന്ന ഈ ചെടി ചൈനയില്‍ നാട്ടുവൈദ്യത്തില്‍ ഔഷധമായി ഉപയോഗിക്കുന്നു. ഗാര്‍ഡീനിയ ജാസ്മിനോയിഡസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
പേരുപോലെ ഗന്ധം തന്നെയാണ് സുഗന്ധരാജിന്റെ ഏറ്റവും ആകര്‍ഷണം. ഇതിന്റെ ഗന്ധം ഏത് സുഗന്ധ വസ്തുക്കളെയും വെല്ലുവിളിക്കുന്നതാണ്. തല്ലചോറിനെയും ശരീരത്തെയും റിലാക്സ് ചെയ്യിപ്പിക്കാന്‍ ഇതിന്റെ ഗന്ധത്തിന് പ്രത്യേക കഴിവുണ്ട്. വിശുദ്ധി, സ്നേഹം, ഭക്തി, വിശ്വാസം എന്നിവയുടെ പ്രതീകമായും ഇതിനെ കണക്കാക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് വിദേശ നാടുകളില്‍ വിവാഹത്തിന് പൂച്ചെണ്ടുകളില്‍ ഇത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നത്.
ഔഷധ ഗുണങ്ങള്‍
ഉത്കണ്ഡ, ക്ഷോഭം, മൂത്രസഞ്ചിയിലെ അണുബാധ, രക്തസ്രാവം, ക്യാന്‍സര്‍, മലബന്ധം, വിഷാദം, പനി, പിത്തസഞ്ചി രോഗം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉറങ്ങുന്നതിന്റെ ബുദ്ധിമുട്ട്, ആര്‍ത്തവ തകരാറുകള്‍, കരള്‍ രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റായും, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും സുഗന്ധരാജന്‍ ഉത്തമം തന്നെ.
കനകാംബരം
മുല്ലപ്പൂവിനെ പോലെ തന്നെ പ്രാധാന്യം ഉള്ള ഒന്നാണ് കനകാംബരം. വര്‍ഷത്തില്‍ ഒട്ടുമിക്ക കാലത്തും പൂക്കളുണ്ടാകുന്ന ചെടികൂടിയാണിത്. പൊതുവായി കണ്ടുവരുന്ന ഓറഞ്ച് നിറത്തിന് പുറമെ വയലറ്റ്, വെള്ള, മഞ്ഞ നിറങ്ങളിലും കനകാംബര പൂക്കളുണ്ട്. കടുത്ത നിറത്തിലുള്ള പൂക്കള്‍ ബൊക്കെ, മാല തുടങ്ങിയ അലങ്കാര വസ്തുക്കള്‍ക്കായി ഉപയോഗിക്കാറുണ്ട്.
രണ്ടു മൂന്നു തരത്തിലാണ് പ്രധാനമായും കനകാംബരം കണ്ടുവരുന്നത്. കരിഞ്ഞപച്ചത്തണ്ടും കരിഞ്ഞ പച്ച ഇലകളുമുള്ള കനകാംബര ഇനമാണ് കൃഷിക്കായി വ്യാപകമായി നട്ടുവരുന്നത്. ഇത് മൂന്നുമാസമാവുമ്പോള്‍ത്തന്നെ നിറയെ ശാഖകള്‍ വിരിയുകയും നിറയെ പൂക്കുറ്റികളും പൂക്കളും വിരിയുകയും ചെയ്യുന്നു. വെള്ളകലര്‍ന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള കനകാംബരയിനത്തിന്റെ പൂക്കള്‍ക്ക് നല്ല നിറമായിരിക്കും. കടുത്ത ഓറഞ്ച് നിറത്തില്‍ പൂക്കള്‍ വിരിയുന്ന ‘ഡല്‍ഹി’യെന്നയിനത്തിനാണ് കൃഷിക്കാര്‍ക്കിടയില്‍ പ്രിയം.
കൃഷ്ണകിരീടം
ആകര്‍ഷകമായ ചുവന്ന നിറത്തില്‍ കിരീടം പോലെ തോന്നിക്കുന്ന പൂവാണ് കൃഷ്ണകിരീടം. തൊടിയിലും പറമ്പിലും ധാരാളമായി വളരുന്ന സസ്യമാണിത്. ഓണക്കാലത്താണ് സാധാരണ ഈ പൂക്കള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാറ്. ചിങ്ങം പിറക്കുമ്പോള്‍ തന്നെ തൊടികളില്‍ സമൃദ്ധമായി കാണപ്പെട്ടിരുന്ന പൂവ് ഇന്ന് അപൂര്‍വമാണ്. പെരും പൂ, കാവടി പൂവ്, കൃഷ്ണ കിരീടം, ഓണപ്പൂവ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.
ഓണക്കാലത്ത് ഈ പൂവിന് ഏറെ ആവശ്യക്കാരുണ്ട്. നാട്ടിന്‍പുറങ്ങളിലെ പൂക്കളത്തില്‍ കൃഷണകിരീടം നിറസാന്നിധ്യമായിരുന്നു. എന്നാല്‍ മറുനാടന്‍ പൂക്കളുടെ വരവോടെ കൃഷ്ണകിരീടവും അപ്രത്യക്ഷമായി തുടങ്ങി. പൂത്ത് തുടങ്ങിയാല്‍ ആറുമാസത്തോളം നീളും അത് വിരിഞ്ഞുതീരാന്‍. ബുദ്ധക്ഷേത്രങ്ങളുടെ രൂപമുള്ളതിനാല്‍ ബുദ്ധകേന്ദ്രമായ തലശേരി ഭാഗങ്ങളില്‍ പഗോഡ എന്നും ഈ പൂവിന് വിളിപ്പേരുണ്ട്.
ക്ഷേത്രങ്ങളിലെ കലശത്തിന്റെ ആകൃതിയിലുള്ളതിനാല്‍ വടക്കേ മലബാറില്‍ കലശത്തട്ടെന്ന് വിളിക്കുന്നവരുമുണ്ട്. പൂക്കളത്തിനു പുറമേ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും കൃഷ്ണകിരീടം ഉപയോഗിച്ചു വരുന്നുണ്ട്. കൃഷ്ണകിരീടം ഹനുമാന്‍ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പഗോട അങ്ങനെ പലയിടത്തും പലപേരുകളാണ് ഈ പൂവിന്. കൃഷ്ണനാട്ടത്തിലെയും കഥകളിയിലെയും കൃഷ്ണകിരീടം ഈ പൂവിന്റെ രൂപഭംഗി അനുകരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കാക്കപൂവ്
കേരളത്തില്‍ പാടത്തും നനവുള്ള പ്രദേശങ്ങളിലും ധാരാളം ഉണ്ടായിരുന്ന പൂവാണ് കാക്കപ്പൂവ്. ഓണക്കാലത്താണ് ഇതിന് ഏറെ പ്രിയം. കടുത്ത വയലറ്റും മഞ്ഞയും ചേര്‍ന്ന നിറത്തിലാണ് ഈ പുഷ്പം. കിണ്ടിപ്പൂ എന്ന പേരിലും കാക്കപ്പൂവ് അറിയപ്പെടുന്നു.
നന്നായി ജലമുള്ള ഇടങ്ങളില്‍ കാക്കപ്പൂ നന്നായി വിരിയുന്നു. ഉറവയുള്ള പാറയിലും വയലുകളിലും കാണപ്പെടുന്നു. വയലില്‍ വിരിയുന്ന പൂക്കള്‍ക്ക് വലിപ്പം കൂടുതലാണുള്ളത്. നെല്‍വയലില്‍ കാണപ്പെടുന്നതിനാല്‍ നെല്‌ളിപ്പൂവ് എന്നും ഇതറിയപ്പെടുന്നു. ചെടിയുടെ വേരുകളില്‍ കാണപ്പെടുന്ന ചെറിയ അറകള്‍ ഇവയുടെ സമീപത്തെത്തുന്ന സൂഷ്മജീവികളെ ഭക്ഷിക്കുന്നു. ഒപ്പം വേരിലൂടെ മണ്ണിലെ പോഷകങ്ങളും. വലിച്ചെടുക്കുന്നു.
Discussion about this post