ന്യൂഡല്‍ഹി: 6 സംസ്ഥാനങ്ങളിലെ 100 ഗ്രാമങ്ങളിലുള്ള കര്‍ഷകരുടെ അഭിവൃദ്ധിക്കായി പൈലറ്റ് പ്രോജക്ടിന്റെ ധാരണാപത്രത്തില്‍ ഒപ്പുവെച്ച് കേന്ദ്ര കൃഷി മന്ത്രാലയവും മൈക്രോസോഫ്റ്റ് ഇന്ത്യയും.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ 6 സംസ്ഥാനങ്ങളിലെ 10 ജില്ലകളിലെ തെരഞ്ഞെടുത്ത 100 ഗ്രാമങ്ങളില്‍ പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കാനാണ് മൈക്രോസോഫ്റ്റ് മുന്നോട്ട് വന്നിട്ടുള്ളത്. വിളവെടുപ്പും വിതരണവുമുള്‍പ്പെടെ മികച്ചതും സംഘടിതവുമായ കൃഷിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി മൈക്രോസോഫ്റ്റ് അതിന്റെ പ്രാദേശിക പങ്കാളിയായ ക്രോപ്പ്‌ഡേറ്റയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി തോമാറിന്റെയും രണ്ട് സഹമന്ത്രിമാരുടെയും സാന്നിധ്യത്തില്‍ ധാരണാപത്രവും ത്രികക്ഷി കരാറും ഒപ്പുവെച്ചു. ഒരു വര്‍ഷത്തേക്കാണ് പദ്ധതി. തെരഞ്ഞെടുത്ത 100 ഗ്രാമങ്ങളിലെ കര്‍ഷകരുടെ അഭിവൃദ്ധിക്കായി വിവിധ പദ്ധതികള്‍ ഇതിലൂടെ നടപ്പാക്കും. കര്‍ഷകരുടെ മുതല്‍മുടക്ക് കുറച്ച് കൃഷി കൂടുതല്‍ എളുപ്പമുള്ളതാക്കി മാറ്റുമെന്ന് കൃഷിമന്ത്രി അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ കൃഷി എന്ന ആശയത്തിനാണ് ഇപ്പോള്‍ രൂപം കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. 2014 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം കാര്‍ഷികമേഖലയില്‍ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തിന് മോദി വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. അതിലൂടെ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും കഴിയും. സാങ്കേതികവിദ്യയിലധിഷ്ഠിതമായ കൃഷിയെ ലാഭകരമായ സംരംഭമാക്കി മാറ്റാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. പുതിയ തലമുറയെയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഇത് സഹായിക്കുമെന്നും കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു.
കാര്‍ഷിക സമ്പദ്വ്യവസ്ഥയാണ് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല് എന്ന് അദ്ദേഹം പറഞ്ഞു. കൊറോണ പകര്‍ച്ചവ്യാധി പോലുള്ള പ്രതികൂല സാഹചര്യങ്ങളില്‍ പോലും കാര്‍ഷിക മേഖല നമ്മുടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണപരമായ സംഭാവന നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുന്നത് രാജ്യത്തിനും നഷ്ടമാണ്. ചെറുകിട കര്‍ഷകര്‍ക്ക് കൃഷി ലാഭകരമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
Discussion about this post