പച്ചപ്പിന്റെ മനോഹാരിത നല്‍കുന്നതിനൊപ്പം അകത്തളങ്ങളില്‍ വായു ശുദ്ധീകരിക്കാനും തണുപ്പിക്കാനും കഴിയുന്നതാണ് ചില ഇന്‍ഡോര്‍ പ്ലാന്റുകള്‍. ഈ ചൂടുകാലത്ത് വീടിനകം തണുപ്പിക്കാന്‍ കഴിയുന്നതും ഒപ്പം ശുദ്ധീകരിക്കുന്നതുമായ ചില ഇന്‍ഡോര്‍ പ്ലാന്റുകള്‍ പരിചയപ്പെടാം.
അരേക്ക പാം
അകത്തളങ്ങളിലെ അലങ്കാര സസ്യമാണ് അരേക്ക പാം. ഉന്മേഷദായകമായ ഈ ചെടി ഓക്‌സിജന്‍ ധാരാളം പുറത്തേക്ക് വിടുന്നു. ഹാനികരമായ വാതകങ്ങളായ കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ളവ അരേക്ക പാം വലിച്ചെടുക്കുകയും ചെയ്ത് വായു ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.
മിതമായ അളവില്‍ വെള്ളവും വെളിച്ചവും ആവശ്യമായ ചെടിയാണ് അരേക്ക പാം. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത,എന്നാല്‍ ആവശ്യത്തിന് വെളിച്ചമുള്ള ഇടങ്ങളാണ് ഇവ വെയ്ക്കാന്‍ ഉചിതം.
മണി പ്ലാന്റ്
അകത്തളങ്ങളിലെ അലങ്കാരവള്ളികളാണ് മണി പ്ലാന്റുകള്‍. വെള്ളത്തിലും മണ്ണിലും ഒരുപോലെ വളര്‍ത്താം. മഞ്ഞ, വെള്ള, പച്ച എന്നീ നിറങ്ങള്‍ ചേര്‍ന്ന പത്തോളം സങ്കരയിനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വായുവിനെ ശുദ്ധീകരിക്കാന്‍ ഈ സസ്യത്തിന് കഴിവുണ്ട്. പലരും ഇതിനെ ഒരു ഭാഗ്യ ചെടിയായി കണക്കാക്കുന്നു.
ഭാഗികമായി വെയില്‍ ലഭിക്കുന്ന ഇടങ്ങളില്‍ മണി പ്ലാന്റ് വളര്‍ത്താം. തൈകള്‍ക്കായി ചെടിയുടെ അധികം പ്രായമാകാത്ത തണ്ടുകള്‍ ഉപയോഗിക്കാം. ചില്ലു ഗ്ലാസില്‍ ശുദ്ധജലം നിറച്ച് തണ്ട് ഇറക്കി വച്ചാല്‍ അതില്‍ നിന്നും വേരു വരും. ചട്ടികളില്‍ കയറ് ചുറ്റിയ കമ്പുകള്‍ നാട്ടി മണി പ്ലാന്റ് ആകര്‍ഷകമാം വിധം പടര്‍ത്താം. കുപ്പികളിലും ഈ സസ്യം വളര്‍ത്താനാകും.
കറ്റാര്‍വാഴ
വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാര്‍വാഴ. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അകത്തും പുറത്തും വളര്‍ത്താന്‍ കഴിയുന്ന ചെടിയാണിത്. അകത്തളങ്ങളില്‍ അന്തരീക്ഷത്തിലെ ചൂട് കുറച്ച് വരണ്ട കാലാവസ്ഥയെ സന്തുലിതമാക്കാന്‍ കറ്റാര്‍വാഴയ്ക്ക് സാധിക്കും. കറ്റാര്‍വാഴ രാത്രിയില്‍ ഓക്‌സിജന്‍ പുറന്തള്ളും.
ചെറിയ മുറിവുകള്‍, തിണര്‍പ്പ് എന്നിവ മാറാനും മുടി, ചര്‍മ്മം എന്നിവയ്ക്ക് അഴകേകാനും കറ്റാര്‍വാഴയിലെ ജെല്‍ ഉപയോഗിക്കുന്നുണ്ട്.
സൂര്യപ്രകാശം നല്ലപോലെ ആവശ്യമാണ് കറ്റാര്‍വാഴയ്ക്ക്. ചൂടുള്ള മാസങ്ങളില്‍ പതിവായും ശൈത്യകാലത്ത് മിതമായും വെള്ളം നല്‍കുക.
സ്‌നേക് പ്ലാന്റ്
അമ്മായിഅമ്മയുടെ നാക്ക് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സര്‍പ്പപ്പോള അഥവാ സ്‌നേക് പ്ലാന്റുകള്‍ വീടിനുള്ളില്‍ വളര്‍ത്താന്‍ യോജിച്ചവയാണ്. സാന്‍സിവേറിയ എന്നാണ് ഇവയുടെ യഥാര്‍ത്ഥ പേര്. ആകര്‍ഷകമായ രൂപത്തോടൊപ്പം വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവും ഈ ചെടികളെ പ്രിയമുള്ളതാക്കുന്നു. മറ്റ് ചെടികളില്‍ നിന്നും വ്യത്യസ്തമായി രാത്രിയില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് വലിച്ചെടുക്കുന്നതിനാല്‍ കിടപ്പുമുറികളില്‍ സൂക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ സസ്യമാണ് സാന്‍സിവേറിയ. വായുവിലുള്ള വിഷവാതകങ്ങള്‍ നീക്കംചെയ്യാന്‍ കഴിവുള്ളതിനാല്‍ ബാത്‌റൂം പ്ലാന്റായും നാഗപ്പോള വളര്‍ത്താം. പുതിയ ബിസിനസ് ആരംഭിക്കുമ്പോള്‍ സാന്‍സിവേറിയ സമ്മാനമായി നല്‍കാറുണ്ട്. ഇത് ഭാഗ്യദേവതയെ ആനയിക്കും എന്നാണ് വിശ്വാസം.
നല്ല നീര്‍വാര്‍ച്ചയുള്ള മാധ്യമത്തിലാണ് സാന്‍സിവേറിയ നടേണ്ടത്. ഒരു ഭാഗം മണ്ണും രണ്ടുഭാഗം മണലും യോജിപ്പിച്ച് മാധ്യമമായി ഉപയോഗിക്കാം. ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ അത് ചെടികള്‍ വളരെ പെട്ടെന്ന് ചീഞ്ഞ് പോകാന്‍ ഇടയാക്കും. ചട്ടിയിലെ മണ്ണ് ഉണങ്ങിയ ശേഷം മാത്രം നനയ്ക്കുന്നതാണ് നല്ലത്. വളരെ കുറഞ്ഞ തോതിലുള്ള നന മതി.
ഫേണ്‍
വിഷമല്ലാത്തതും വായു ശുദ്ധീകരിക്കുന്നതുമായ മറ്റൊരു സസ്യമാണ് ഫേണ്‍. ആസ്പരാഗസ് ഫേണ്‍, ലേഡി ഫേണ്‍, ബോസ്റ്റണ്‍ ഫേണ്‍, ഓക്ക് ലീഫ് ഫേണ്‍ എന്നിങ്ങനെ പലയിനങ്ങളുണ്ട്.
ബോസ്റ്റണ്‍ ഫേണ്‍ മൃദുവായ ചെടിയായതിനാല്‍ ഏറെ ശ്രദ്ധയോടെ വേണം പരിചരണം. ചെറിയൊരു അശ്രദ്ധ മതി ഇതിന്റെ ഇല വാടാന്‍. ചില പ്രാണികളുടെ ശല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. സോപ്പ് വെള്ളം സ്േ്രപ ചെയ്യുന്നതിലൂടെ അവ നിയന്ത്രിക്കാം
വീപ്പിംഗ് ഫിഗ്
വീടിനകത്ത് കണ്ടെയ്‌നറുകളിലും മറ്റും വളരുന്ന വളരെ ചുരുക്കം മരങ്ങളിലൊന്നാണ് വീപ്പിംഗ് ഫിഗ്. അകത്തളങ്ങളില്‍ മൂന്നടിയോളം ഇവ വളരും. പുറത്താണെങ്കില്‍ അതിലും ഉയരത്തില്‍ വളരുന്നതാണ് വീപ്പിംഗ് ഫിഗ്. ഈര്‍പ്പവും തണുപ്പുള്ളതുമായി വീടിനകം നിര്‍ത്താന്‍ വീപ്പിംഗ് ഫിഗ് സഹായിക്കും. സാധനസാമഗ്രികളില്‍ നിന്നുള്ള ഗന്ധങ്ങളെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കും.
മിതമായ വെളിച്ചമാണ് വീപ്പിംഗ് ഫിഗിനാവശ്യം. ദിവസവും വെള്ളം നല്‍കണം.
പീസ് ലില്ലി
കടും പച്ച നിറത്തിലുള്ള ഇലകളും തൂവെള്ള പൂക്കളുമുള്ള പീസ് ലില്ലി ഏവര്‍ക്കും പ്രിയങ്കരിയാണ്. വീടിനകത്ത് സമാധാനം നിറയ്ക്കാനും പോസിറ്റീവ് ഊര്‍ജ്ജം നല്‍കാനും ഈ ചെടിക്ക് സാധിക്കും എന്ന് വിശ്വസിക്കുന്നു. വായുവിനെ ശുദ്ധീകരിക്കാന്‍ കഴിവുള്ള സസ്യമാണിത്.
സൂര്യപ്രകാശം വളരെ കുറഞ്ഞ മുറികളിലും ഇവ വളര്‍ത്താനാകും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം നനച്ചാല്‍ മതിയാകും. മിതമായ രീതിയില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം വളപ്രയോഗം നല്‍കിയാല്‍ മതി. വളര്‍ന്നു നിറഞ്ഞാല്‍ പോട്ടിങ് മിശ്രിതം മാറ്റി വീണ്ടും വലിയ ചട്ടികളില്‍ നടാം. ഇലകളില്‍ പൊടി അടിഞ്ഞു കൂടുമ്പോള്‍ കഴുകുകയോ തുടയ്ക്കുകയോ ചെയ്യാം.
സി സി പ്ലാന്റ്
സെഡ് സെഡ് അഥവാ സി സി പ്ലാന്റ് എന്ന് അറിയപ്പെടുന്ന ചെടി കണ്ടാല്‍ കൃത്രിമ രീതിയില്‍ നിര്‍മ്മിച്ചതാണെന്നേ തോന്നൂ. ഓവല്‍ ആകൃതിയിലുള്ള ഇലകളാണ്. മാംസളമായ തണ്ടുകളും മെഴുകു പോലെ തിളങ്ങുന്ന ആവരണവുമുണ്ട്. നേരിട്ടല്ലാതെയുള്ള വെളിച്ചം ലഭ്യമാകുന്ന ഇടങ്ങളില്‍ വളര്‍ത്താം. നേരിട്ടുള്ള സൂര്യപ്രകാശം ലഭിച്ചാല്‍ ഇലകളില്‍ പൊള്ളലേറ്റേക്കാം. വളരെ കുറച്ച് വെള്ളം മതി. അധികമായാല്‍ വേരുകള്‍ അഴുകാനും ഇലകള്‍ മഞ്ഞ നിറമാകാനും സാധ്യതയുണ്ട്. കാര്യമായ വളപ്രയോഗങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല.
Discussion about this post