2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരോധനനടപടികൾ കർശനമായി പാലിക്കാനും ബദൽ ഉല്പന്നങ്ങൾ പരിചയപ്പെടുത്താനും ഉപയോഗിക്കാനുമായി ഹരിതകേരളം മിഷൻ വിപുലമായ കാമ്പയിൻ സംഘടിപ്പിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ് കാമ്പയിൻ നടത്തുക.
ഒരുതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും വില്പനയും സൂക്ഷിക്കലും നിരോധിക്കാനാണ് സർക്കാർ തീരുമാനിച്ചത്.
പ്ലാസ്റ്റിക്കിന് പകരം പ്രകൃതിസൗഹൃദ ബദൽ ഉല്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ബോധവൽക്കരണ സന്ദേശവും പ്രകൃതി സൗഹൃദ ബദൽ ഉല്പന്ന ഉപയോഗത്തിന്റെ സാധ്യതകളും സംബന്ധിച്ച് എല്ലാ വീടുകളിലേക്കും കുട്ടികൾ മുഖേന ആരംഭിക്കുന്ന കാമ്പയിൻ പരിപാടികൾക്ക് ജനുവരി ഒന്നിന് തുടക്കമാവും. കുടുംബശ്രീ, സ്വയംതൊഴിൽ സംരംഭകർ എന്നിവരുടെ പങ്കാളിത്തത്തോടെ ബദൽ ഉല്പന്ന നിർമ്മാണം വ്യാപകമാക്കാനും പദ്ധതിയുണ്ട്.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിതനിയമ ബോധവൽക്കരണ പരിപാടികൾ കൂടുതൽ ഊർജ്ജിതമാക്കും. സംസ്ഥാനത്ത് ഹരിതനിയമങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ഇതുവരെ 20 ലക്ഷം പേർക്ക് ഹരിതനിയമാവലി പരിശീലനം നൽകിയതായി ഹരിത കേരളം മിഷൻ അധികൃതർ അറിയിച്ചു. പരിശീലനം നേടിയവരിലൂടെ സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ നിയമവും ഹരിതനിയമവും പ്രചരിപ്പിക്കും.
Discussion about this post