അലങ്കാരസസ്യങ്ങളേയും പച്ചക്കറികളെയുംപോലെ തന്നെ പ്രാധാന്യമർഹിക്കുന്നവയാണ് ഔഷധ സസ്യങ്ങളും. അവയെ തിരിച്ചറിയേണ്ടതും സംരക്ഷിക്കേണ്ടതുമുണ്ട്. നമുക്ക് ചുറ്റും കാണപ്പെടുന്ന അഞ്ച് ഔഷധമൂല്യമുള്ള വള്ളിച്ചെടികളെ പരിചയപ്പെടാം
ശംഖുപുഷ്പം
പയർ വർഗ്ഗ സസ്യമായ ശംഖുപുഷ്പം ഒരു അലങ്കാരച്ചെടിയെന്നതുപോലെതന്നെ ഔഷധസസ്യം കൂടിയാണ്. ക്ലിറ്റോറിയ എന്ന ജനുസ്സിൽ ഉൾപ്പെടുന്ന ശംഖുപുഷ്പം അപരാജിത എന്ന പേരിലാണ് ഇന്ത്യയിലുടനീളം അറിയപ്പെടുന്നത്. പയർ പൂക്കൾക്ക് സമാനമായ ആകൃതിയിലുള്ള നീല, വെള്ള എന്നീ നിറങ്ങളിലുള്ള പൂക്കൾ ശംഖുപുഷ്പത്തിനുണ്ട്.
ആയുർവേദത്തിൽ ശംഖുപുഷ്പം മാനസിക രോഗങ്ങൾക്കുള്ള മരുന്നാണ്. ഇതിന്റെ വേര് ബുദ്ധിശക്തി, ധാരണാശക്തി എന്നിവ കൂട്ടും . നീലശംഖുപുഷ്പചെടിയുടെ കഷായം ഉന്മാദം, ശ്വാസകോശരോഗം, ഉറക്കമില്ലായ്മ, തൊണ്ടവീക്കം എന്നിവയ്ക്ക് മരുന്നാണ്. പനി കുറയ്ക്കാനും ശരീരബലമുണ്ടാക്കാനും ശംഖുപുഷ്പം ഉപയോഗിക്കുന്നുണ്ട്.
ഉഴിഞ്ഞ
ദശപുഷ്പങ്ങളിൽ ഒന്നാണ് ഉഴിഞ്ഞ എന്ന വള്ളിച്ചെടി. കാർഡിയോസ്പെർമം ഹെലിക്കാകാബം എന്നാണ് ശാസ്ത്രനാമം. സംസ്കൃതത്തിൽ ഇന്ദ്രവല്ലി എന്നറിയപ്പെടുന്നു. ബലൂൺ വൈൻ എന്നും വിളിക്കാറുണ്ട്. മുടി കൊഴിച്ചിൽ, വാതം എന്നിവയ്ക്ക് പ്രതിവിധിയായി ആയുർവേദത്തിൽ ഉഴിഞ്ഞ ഉപയോഗിക്കുന്നുണ്ട്. ധാരാളം ആന്റി ഓക്സിഡന്റു കളും ഫ്ലാവനോയിടുകളും അടങ്ങിയിട്ടുള്ള ഉഴിഞ്ഞ പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാണ്
ചങ്ങലംപരണ്ട
മരത്തിൽ വള്ളിയായി പടർന്നുകയറുന്ന ചെടിയാണ് ചങ്ങലംപരണ്ട. സിസ്സസ് ക്വാഡ്രൻഗുലാരിസ് എന്നാണ് ശാസ്ത്രനാമം. ബോൺ സെറ്റർ എന്നും വിളിക്കാറുണ്ട്. സംസ്കൃതത്തിൽ വജ്രവല്ലി, അസ്ഥി സംഹാരി എന്നിങ്ങനെയുള്ള പേരുകളുണ്ട്. നാലു വശങ്ങളുള്ള നീണ്ട ക്യാപ്സ്യൂളുകളുടെ ചങ്ങല പോലെയാണ് ഈ സസ്യം കാണപ്പെടുന്നത്. വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കാനുള്ള കഴിവ് ചങ്ങലംപരണ്ടയ്ക്കുണ്ട്. ഉണക്കിപ്പൊടിച്ച തണ്ടും കുരുന്നിലകളും വിശപ്പില്ലായ്മയും ദഹനക്കുറവും മാറ്റുകയും ആഹാരത്തിന് രുചി അനുഭവപ്പെടുത്തുകയും ചെയ്യും. അസ്ഥി സംഹാരി അഥവാ ചങ്ങലംപരണ്ടയ്ക്ക് ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തിയുണ്ട്. വയറുവേദന ചെവിവേദന എന്നിവയ്ക്ക് പ്രതിവിധിയാണിത്.
ചിറ്റമൃത്
ആയുർവേദത്തിൽ രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് അഥവാ ചിറ്റാമൃത്, രോഗങ്ങളെ ഇല്ലാതാക്കുകയും മരണത്തെ അകറ്റുകയും ചെയ്യുമത്രേ. ഇംഗ്ലീഷിൽ ഹാർട്ട് ലീഫ് മൂൺ സീഡ് എന്നറിയപ്പെടുന്ന ചിറ്റമൃതിന്റെ ശാസ്ത്രനാമം റ്റീനോസ്പോറ കോർഡിഫോളിയഎന്നാണ്. ചിറ്റമൃതിന് ഹൃദയാകൃതിയിലുള്ള ഇലകളാണ് . ആയുർവേദ വിധി പ്രകാരമുള്ള മിക്ക ഔഷധങ്ങളിലും അമൃത് ഒരു മുഖ്യ ഘടകമാണ്. മൂത്രാശയ രോഗങ്ങൾ, ആമാശയരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും പാമ്പ്, തേൾ എന്നിവയുടെ വിഷചികിത്സക്കും ഉപയോഗിക്കാറുണ്ട്. കുഷ്ഠം, രക്തദൂഷ്യം, ജ്വരം, ചർദ്ദി, പ്രമേഹം, ഹൃദ്രോഗം എന്നിവ ശമിപ്പിക്കാനുള്ള കഴിവ് അമൃതിനുണ്ട്.
പാടത്താളി
കേരളത്തിലെ നാട്ടിൻ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് പാടത്താളി. സാധാരണയായി നിലത്ത് പടർന്ന് വളരുന്നു. ഹൃദയാകൃതിയിലുള്ള അല്പം നീണ്ട ഇലകളുനടിവയ്ക്ക്. മഴക്കാലത്ത് പൂവിടും. ഇളംപച്ച നിറത്തിലുള്ള പൂക്കളാണ്.
കേശ സംരക്ഷണത്തിന് ഏറ്റവും നല്ല മരുന്നാണ് പാടത്താളി. തണ്ടും ഇലയും ചേർത്ത് നന്നായി ഇടിച്ചുപിഴിഞ്ഞെടുത്ത താളിയായി ഉപയോഗിക്കാം. താരനും തലയിലുണ്ടാകുന്ന ചെറിയ കുരുക്കൾക്കും ചൊറിച്ചിലിനും ഉത്തമ ഔഷധമാണ് പാടത്താളി.
Discussion about this post