“അമരത്ത്വത്തിന്റെ പഴം “എന്നാണ് ബെർ ആപ്പിൾ അഥവാ ഇലന്തപ്പഴം അറിയപ്പെടുന്നത്. ഇന്ത്യൻ പ്ലം, ചൈനീസ് ആപ്പിൾ, ഇന്ത്യൻ ജുജുബെ എന്നിങ്ങനെയും പേരുകളുണ്ട്. വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ് ബെർ.
റാംനേസി കുടുംബത്തിൽപ്പെടുന്ന ഇലന്തപ്പഴത്തിന്റെ ശാസ്ത്രനാമം സിസിഫസ് മൗറീറ്റിയാന എന്നാണ്. വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള വൃക്ഷമാണ് ബെർ. 10 മീറ്ററിൽ കൂടുതൽ ഉയരം വയ്ക്കും. ഇലന്തയുടെ ഗ്രാഫ്റ്റ് ചെയ്ത തൈകൾ നടാനായി ഉപയോഗിക്കുന്നതാണ് നല്ലത്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ നടാം. രണ്ടു മീറ്റർ വീതിയും ആഴവും നീളവുമുള്ള കുഴികളിൽ ചാണകവും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർത്ത് നിറച്ച്, ഒരാഴ്ചയ്ക്കുശേഷം തൈകൾ നടാം. തൈകൾ നടുമ്പോൾ 20 ഗ്രാം വാം ഉപയോഗിക്കുന്നത് നല്ലതാണ്. ക്ഷാരഗുണം കൂടുതലുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം. നന്നായി വെള്ളവും വളവും നൽകാം. ഓരോ മാസവും മണ്ണിൽ കുമ്മായം ചേർത്ത് കൊടുക്കണം.
തറയിൽ നടുന്നതുപോലെതന്നെ വലിയ പ്ലാസ്റ്റിക് ബക്കറ്റുകളിലും ഈ വൃക്ഷം നടാം. മണ്ണ്, മണൽ, ചാണകം, ചകിരിചോറ്, കുമ്മായം എന്നിവയും ഒപ്പം ജൈവവളവും ചേർത്ത് നിറച്ച ബക്കറ്റുകളിൽ ഒരാഴ്ചയ്ക്കുശേഷം തൈകൾ നട്ടുപിടിപ്പിക്കാം.
ഇളം മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള പൂക്കളാണ് ഇലന്തയുടേത്. കായകൾ ഏകദേശം ആപ്പിളിന്റെ ആകൃതിയിലാണ്. പച്ചനിറത്തിലുള്ള കായകൾ ഇളംമഞ്ഞനിറമാകുമ്പോഴാണ് വിളവെടുക്കേണ്ടത്. കൂടുതൽ പഴുക്കുമ്പോൾ ബ്രൗൺ നിറമാകും രുചി നഷ്ടമാകുകയും ചെയ്യും. വിളവെടുപ്പിനുശേഷം കമ്പ് കോതി വളം ചേർത്ത് നനക്കുന്നത് നല്ലതാണ്.
ഇത്തരത്തിൽ ശേഖരിച്ച കായകൾ പച്ചയായും ഉണക്കിയും കഴിക്കാം. പഴങ്ങളുടെ കുരുകളഞ്ഞ് പുളി, ഉണക്കമുളക്, ശർക്കര, ഉപ്പ് എന്നിവ ചേർത്ത് അരച്ചു കഴിക്കാം. കൂടാതെ അച്ചാർ, ജാം, വൈൻ മുതലായവയും ഉണ്ടാക്കാം.
Discussion about this post