മാസങ്ങളുടെ കഷ്ടപ്പാടുകൾക്കൊടുവിൽ വിളവെടുത്ത കോളിഫ്ലവറുമായി വ്യാപാരികളെ സമീപിച്ച കർഷകന് നിരാശയായിരുന്നു ഫലം. ഒരു കിലോയ്ക്ക് വെറും ഒരു രൂപ. ഗത്യന്തരമില്ലാതെ കൃഷിചെയ്ത 10 കിന്റ്റൽ ക്വാളിഫ്ലവർ റോഡിലുപേക്ഷിക്കുകയായിരുന്നു ജനഹബാദ് സ്വദേശിയായ മുഹമ്മദ് സലീം എന്ന കർഷകൻ. പിലിഭിതിയിലുള്ള അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി ക്യാമ്പസിന് സമീപമാണ് സംഭവം.അര ഏക്കർ സ്ഥലത്ത് കോളിഫ്ലവർ കൃഷി ചെയ്യാൻ വിത്തിന് മാത്രമായി സലിമിന് 8000 രൂപ ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. വളവും വിളവെടുപ്പുമൊക്കെയായി ചെലവ് വേറെയും.
കോളീഫ്ളവറിന് മാർക്കറ്റിലെ ചില്ലറ വില 12 മുതൽ 14 രൂപ വരെയാണ് അതുകൊണ്ടുതന്നെ കിലോയ്ക്ക് എട്ടുരൂപയെങ്കിലും സലിം പ്രതീക്ഷിച്ചിരുന്നു. മാർക്കറ്റിൽ എത്തിച്ച കോളിഫ്ലവർ തിരികെ വീട്ടിലെത്തിക്കാൻ വീണ്ടും കാശു മുടക്കണം എന്നതിനാലാണ് അദ്ദേഹം അത് മാർക്കറ്റിൽ തന്നെ ഉപേക്ഷിച്ചത്.
“കൃഷിയിറക്കാനുള്ള മുടക്കുമുതൽ പോലും ലഭിച്ചിട്ടില്ല. സാധാരണ ബാങ്കുകൾ കർഷകർക്ക് ലോൺ നൽകാൻ തയ്യാറാകാത്തതിനാൽ സ്വകാര്യ ബാങ്കിൽ നിന്നും ലോണെടുത്താണ് കൃഷി ചെയ്തത് “എന്ന് സലിം പറയുന്നു. എന്നാൽ അടിസ്ഥാന താങ്ങുവില പദ്ധതിയിൽ കോളിഫ്ലവർ ഉൾപ്പെട്ടിട്ടില്ലാത്തതിനാലാണ് കോളീഫ്ളവറിന് വില കുറയുന്നത് എന്നാണ് എ പി എം സി അറിയിച്ചിരിക്കുന്നത്. ഏത്തവാഴ, ഉള്ളി എന്നിങ്ങനെ അനേകം കാർഷിക വിളകളിൽ സമാനമായ അവസ്ഥ മുൻപും ഉണ്ടായിട്ടുണ്ട്. മിനിമം താങ്ങുവില, എ പി എം സി കളുടെ നിലനിൽപ്പ് എന്നിവയുടെ പേരിൽ ഏറ്റവും വലിയ കർഷക സമരത്തിന് രാജ്യം സാക്ഷിയാകുമ്പോഴും ചിലവായ തുക പോലും ലഭിക്കാതെ കടക്കെണിയിൽപെടുകയാണ് കർഷകർ.
Discussion about this post