അതിശക്തമായ കർഷക സമരത്തിന് രാജ്യം സാക്ഷിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർഷക ക്ഷേമത്തിന് ഊന്നൽ നൽകിയാണ് 2021ലെ യൂണിയൻ ബജറ്റ് പ്രഖ്യാപനം. സർക്കാർ കർഷകരോട് പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് പ്രഖ്യാപനവേളയിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തിനിടയിലാണ് മന്ത്രി കാർഷികമേഖലയുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്.
കാർഷിക ഉൽപന്നങ്ങളുടെ ഉല്പാദന ചിലവിന്റെ ഒന്നര മടങ്ങായി താങ്ങുവില വർദ്ധിപ്പിക്കാനായെന്ന് മന്ത്രി പറഞ്ഞു. സംഭരണം വർധിപ്പിക്കാനായത് കർഷകരിലേക്ക് കൂടുതൽ പണമെത്തിക്കാൻ സഹായിച്ചു. ഇത്തരത്തിൽ 2013- 14 വർഷത്തെ അപേക്ഷിച്ച് വൻ മുന്നേറ്റമാണ് 2020-21ൽ സംഭവിച്ചിരിക്കുന്നതെന്ന് ഗോതമ്പ്, നെല്ല്, പയർ വിളകൾ, പരുത്തി എന്നിവയുടെ കണക്കുകൾ നിരത്തി മന്ത്രി ചൂണ്ടിക്കാട്ടി.
ഗോതമ്പ് സംഭരണത്തിലൂടെ 2013- 14 വർഷത്തിൽ 33874 കോടിരൂപ ജനങ്ങളിലേക്കെത്തിയപ്പോൾ 2020- 21ൽ അത് 75060 കോടി രൂപയായി ഉയർന്നു. ഗോതമ്പ് സംഭരണത്തിന്റെ പ്രയോജനം ലഭിക്കുന്ന കർഷകരുടെ എണ്ണം 35.57 ലക്ഷത്തിൽ നിന്നും 43.36 ലക്ഷമായി ഉയർത്താൻ സാധിച്ചു. നെല്ല് സംഭരണത്തിലൂടെ 2020- 21 ൽ കർഷകർക്ക് ലഭിക്കുന്ന തുക 172752 കോടി രൂപയായാണ്. പയർ വിളകളുടെ സംഭരണത്തിലൂടെ 2013 – 14 വർഷത്തെ അപേക്ഷിച്ച് 40 മടങ്ങ് അധികം പണം കർഷകരിലേക്കെത്തിക്കാനായി. പരുത്തിയുടെ കാര്യത്തിലും വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്.2013 – 14 കാലഘട്ടത്തിൽ പരുത്തി കർഷകർക്കായി നൽകാൻ കഴിഞ്ഞത് 90 കോടി ആയിരുന്നെങ്കിൽ 2020- 21ൽ അത് 25974 കോടി രൂപയായി വർദ്ധിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കർഷക വായ്പക്കായി 16.5 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നീ മേഖലകളിൽ കൂടുതൽ വായ്പ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമീണ കാർഷിക അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ട് 30000 കോടിയിൽ നിന്നും 40000 കോടിയിയാക്കി ഉയർത്തി. നബാഡ് ആവിഷ്കരിച്ച 5000 കോടിയുടെ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഫണ്ട് ഇരട്ടിയായി വർദ്ധിപ്പിക്കും. കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധന ലക്ഷ്യമാക്കി ആരംഭിച്ച ഓപ്പറേഷൻ ഗ്രീൻ സ്കീമിൽ 22 വിളകൾ കൂടി ഉൾപ്പെടുത്തും. നിലവിൽ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ വിളകളെ മാത്രമാണ് സ്കീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1000 മണ്ഡികൾ കൂടി ഇ – നാമുമായി ബന്ധിപ്പിക്കും. എ പി എം സി കളുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മത്സ്യബന്ധന മേഖലയിലും അനേകം പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക ഫിഷിംഗ് ഹാർബറുകളുടെ നിർമ്മാണത്തിന് കൂടുതൽ നിക്ഷേപം നൽകും. കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പാരാദ്വീപ്, പെട്വാഘട്ട് എന്നിങ്ങനെയുള്ള അഞ്ച് പ്രധാന ഫിഷിംഗ് ഹാർബറുകളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുഴയോരങ്ങളിൽ ഫിഷിംഗ് ഹാർബർ നിർമ്മിക്കും. കൂടുതൽ തൊഴിലും വരുമാനവും നൽകുന്ന സീ വീട് ഉൽപ്പാദനമേഖലയുടെ ഉന്നമനത്തിനായി തമിഴ്നാട്ടിൽ മൾട്ടിപർപ്പസ് സീ വീട് പാർക്ക് നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post