ആലപ്പുഴ: നിരന്തരമായി ആവർത്തിക്കുന്ന നാശനാഷ്ടങ്ങൾക്ക് പരിഹാരമായി താറാവ് കർഷകർക്കുള്ള ഇൻഷുറൻസ് സേവനം അടുത്ത വർഷം തന്നെ യഥാർഥ്യമാക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു. ജില്ലയിൽ പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് നഷ്ടമുണ്ടായ കർഷകർക്കുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര വിഷയമായാണ് ഇതിനെ കാണേണ്ടിയിരിക്കുന്നത്. ഇതിനു വേണ്ട പ്രതിരോധ വാക്സിൻ ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൈനകരിയിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ കർഷകർക്കുള്ള ധനസഹായം എത്രയും വേഗം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ക്ഷീരമേഖല നല്ല രീതിയിൽ മുന്നേറുകയാണ്. സെൻസസ് പ്രകാരം മൃഗങ്ങളുടെ എണ്ണവും വർധിച്ചു വരികയാണ്. നിലവിൽ പാലിന്റെ കാര്യത്തിൽ സംസ്ഥാനം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. അന്യ സംസ്ഥാനത്തു നിന്ന് ഗുണനിലവാരമില്ലാത്ത പാല് സംസ്ഥാനത്തേക്ക് എത്തുന്നതു നിരീക്ഷിക്കാനും തടയാനും വേണ്ട നിർദ്ദേശങ്ങളും സംസ്ഥാനം സ്വീകരിച്ചു വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പക്ഷിപ്പനി മൂലം താറാവുകളും കോഴികളും നഷ്ടപ്പെട്ട ജില്ലയിലെ തകഴി, പള്ളിപ്പാട്, നെടുമുടി, കരുവാറ്റ, മേഖലയിലെ 25 കർഷകർക്കായി 10590450 (ഒരു കോടി അഞ്ചു ലക്ഷത്തി തൊണ്ണൂറായിരത്തി നാനൂറ്റി അൻപതു ) രൂപയാണ് വിതരണം ചെയ്തത്. ജില്ലയിൽ പക്ഷിപ്പനിമൂലം 21460 താറാവുകൾ മരണപെടുകയും 49222 താറാവുകളും 736 കോഴികളെയും കൊന്ന് നശിപ്പിക്കുകയും ചെയ്തിട്ടുള്ളത്. 32550 മുട്ടകളും നശിപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള കോഴി, താറാവ്, എന്നിവയ്ക്ക് 100 രൂപയും, രണ്ട് മാസത്തിനു മുകളിൽ പ്രായമുള്ളതിന് 200 രൂപ വീതവും മുട്ടക്ക് 5 രൂപ വീതവുമാണ് നഷ്ടപരിഹാരം നൽകിയത്.
Discussion about this post