കുറ്റിച്ചെടികളെയും വൃക്ഷങ്ങളെയും പോലെ തന്നെ പൂന്തോട്ടത്തിലെ പ്രധാന ആകർഷണമാണ് വള്ളിച്ചെടികളും. മുല്ലയും പിച്ചിയുമെല്ലാം കേരളീയരുടെ പൂന്തോട്ടത്തിൽ പണ്ടേ ഇടംപിടിച്ചവയാണ്. ഇവ കൂടാതെ അനേകം വള്ളിച്ചെടികളുണ്ട്. പരാഗണത്തിനു സഹായിക്കുന്ന തേനീച്ചകളേയും വണ്ടുകളെയും ശലഭങ്ങളെയും ധാരാളമായി ആകർഷിക്കുന്നവയാണ് വള്ളിച്ചെടികൾ. പർഗോളകളിലും ആർച്ചുകളിലും പടർത്തി വളർത്താവുന്നവയും ധാരാളമായി പുഷ്പിക്കുകയും ചെയ്യുന്ന മൂന്ന് വള്ളിച്ചെടികൾ പരിചയപ്പെടാം.
ട്രോപ്പിക്കൽ ബ്ലീഡിങ് ഹാർട്ട് വൈൻ
നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന സസ്യമാണ് ബ്ലീഡിങ് ഹാർട്ട്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി പുഷ്പിക്കുന്ന സസ്യമാണിത്. പുതിന ഉൾപ്പെടുന്ന ലാമിയേസി കുടുംബത്തിലെ അംഗമാണ് ബ്ലീഡിങ് ഹാർട്ട്.ക്ളീറോടെൻഡ്രം തോംസോണിയേ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ജന്മദേശം വെസ്റ്റ് ആഫ്രിക്കയാണ്.
അനിയന്ത്രിതമായ രീതിയിൽ പടർന്ന് പൂന്തോട്ടത്തിൽ ശല്യക്കാരാകാത്ത വള്ളിച്ചെടിയാണ് ബ്ലീഡിങ് ഹാർട്ട്. ഹൃദയത്തിന്റെ രൂപത്തോട് സാദൃശ്യമുള്ള വെളുത്ത ബാഹ്യദളങ്ങളിൽ നിന്നും പുറത്തേക്ക് വിടർന്നു വരുന്ന രക്തവർണ്ണളുള്ള ചെറു പൂക്കളുണ്ടിവയ്ക്ക്. ഓരോ പൂങ്കുലയിലും അനേകം പൂക്കളുണ്ടാകും.ചെറിയ രീതിയിൽ തണൽ ഇഷ്ടപ്പെടുന്ന സസ്യം കൂടിയാണിത്. എന്നാൽ കൃത്യമായി നന നൽകിയാൽ വെയിലത്തും വളർത്താം. തറയിലോ ചട്ടിയിലോ ഇവ നട്ടുവളർത്താനാകും. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരും. മണ്ണ്, മണൽ, കമ്പോസ്റ്റ് എന്നിവ ചേർത്ത മിശ്രിതത്തിൽ വളർത്തുന്നതാണ് നല്ലത്. പൂത്ത്കഴിഞ്ഞ ശിഖരങ്ങൾ കോതുന്നത് നല്ലതാണ്. കമ്പുകൾ മുറിച്ചു നട്ട് പുതിയ തൈകൾ വളർത്തിയെടുക്കാം.
സാൻഡ് പേപ്പർ വൈൻ
അതിമനോഹരമായ മറ്റൊരു വള്ളിച്ചെടിയാണ് സ്റ്റാൻഡ് പേപ്പർ വൈൻ. നീലമണി, പർപ്പിൾ റീത്ത് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. പേട്രിയ വൊളുബിലിസ് എന്നാണ് ശാസ്ത്രനാമം. മധ്യ അമേരിക്കയാണ് നീലമണിയുടെ ജന്മദേശം.
നീല മണിയുടെ ഇലകൾക്ക് സാൻഡ് പേപ്പറിന് സമാനമായ ഘടനയാണ്. വേനൽക്കാലത്ത് ധാരാളം പൂക്കളുണ്ടാകും. പർപ്പിൾ നിറത്തിലുള്ള പൂക്കൾ പഴകുന്തോറും നിറംമങ്ങുന്നവയാണ്. നീളമുള്ള പൂങ്കുലകളായാണ് പൂക്കൾ ഉണ്ടാക്കുന്നത്. ഓരോ കുലയിലും നൂറോളം പൂക്കളുണ്ടാകും.
രണ്ട് മുട്ടുകളുള്ള കമ്പുകൾ മണൽ, മണ്ണ്, ചാണകപ്പൊടി എന്നിവ ചേർത്ത മിശ്രിതത്തിൽ മുറിച്ചു നട്ട് നീലമണി വളർത്താം. തൈകൾ തറയിലോ വലിയ ചട്ടികളിലേക്കോ മാറ്റി നടാം. പർഗോളകളിൽ പടർത്തി വളർത്താൻ ഏറ്റവും അനുയോജ്യമായ സസ്യമാണ് സാൻഡ് പേപ്പർ വൈൻ. മാസത്തിലൊരിക്കൽ ചുവട്ടിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് കൊടുക്കുന്നത് നല്ലതാണ്.
ഓസ്ട്രേലിയൻ ഗോൾഡ് വൈൻ.
വർഷം മുഴുവൻ കടും മഞ്ഞ നിറത്തിലുള്ള ചെറു പൂക്കളുണ്ടാകുന്ന സസ്യമാണ് ഓസ്ട്രേലിയൻ ഗോൾഡ് വൈൻ. മെയ്‌ഡൻസ് ജെലസി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഓരോ പൂങ്കുയിലും മുപ്പതോളം പൂക്കളുണ്ടാകും. എല്ലാ സമയത്തും പൂക്കളുണ്ടാകുന്ന സസ്യമാണിത്. കാര്യമായ പരിചരണങ്ങൾ ആവശ്യമില്ല എന്നതും ഈ സസ്യത്തിന്റെ പ്രത്യേകതയാണ്. അനേകം തേനീച്ചകളും ചിത്രശലഭങ്ങളും പൂക്കളിൽ വിരുന്നിനെത്തും. താങ്ങു കാലുകളിലും ആർച്ചുകളിലും ഇവ വളർത്താം. പൂക്കൾ കുറയുന്ന സമയത്ത് കമ്പ് കോതി കൊടുക്കാം. ആവശ്യമെങ്കിൽ ജൈവവളവും ചേർക്കാം.
Discussion about this post