ഉപരിതല ജലസേചന രീതിയിലൂടെ നാം നൽകുന്ന ജലത്തിന്റെ 60 ശതമാനവും ചെടികൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ജലനഷ്ടവും സമയ നഷ്ടവും ധനനഷ്ടവും ഉണ്ടാകുന്നുണ്ട്. സൂക്ഷ്മ ജലസേചന രീതികൾ ഉപയോഗിക്കുമ്പോൾ തുടക്കത്തിൽ ചിലവ് കൂടുമെങ്കിലും പിന്നീട് ജലവും സമയവും പണവും ലാഭിക്കാനാകും. ആവശ്യമായ ജലം മാത്രം ആവശ്യമായ സമയങ്ങളിൽ നൽകുന്നതിലൂടെ സസ്യങ്ങൾക്ക് കരുത്ത് ലഭിക്കുകയും ഗുണനിലവാരമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭിക്കുകയും ചെയ്യും. വെള്ളം കൂടാതെ വളങ്ങളും സൂക്ഷ്മ ജലസേചന രീതിയിലൂടെ ചെടിച്ചുവട്ടിലെത്തിക്കാനാകും. അതുകൊണ്ടുതന്നെ കൂടുതൽ തവണകളായി ചെറിയതോതിൽ ചെടികൾക്ക് വളം നൽകാം. പച്ചക്കറി, വാഴ തുടങ്ങിയ വിളകളിൽ 50 മുതൽ 75 ശതമാനം വരെ ജലനഷ്ടം കുറയ്ക്കാൻ സൂക്ഷ്മ ജലസേചന രീതിയിലൂടെ സാധിക്കും.
ഓവർഹെഡ് ടാങ്ക് അല്ലെങ്കിൽ പമ്പിങ് യൂണിറ്റ്, പ്രധാന നിയന്ത്രണ കേന്ദ്രം, ഫിൽറ്റർ, പ്രധാന ഉപപ്രധാന പൈപ്പുകൾ, ലാറ്ററൽ പൈപ്പ്, ഡ്രിപ്പ് അല്ലെങ്കിൽ മൈക്രോ സ്പ്രിംഗ്ലർ അല്ലെങ്കിൽ മിസ്റ്റർ എന്നിവയടങ്ങിയതാണ് ഒരു സൂക്ഷ്മ ജലസേചന യൂണിറ്റ്.
സൂക്ഷ്മ ജലസേചന രീതിയിൽ പ്രധാനമായും മൂന്നു തരത്തിലുള്ള മാതൃകകളാണുള്ളത്.
കണിക ജലസേചനം
തുള്ളിനന അഥവാ കണിക ജലസേചനമാണ് ഏറ്റവുമധികം പ്രചാരത്തിലുള്ള സൂക്ഷ്മ ജലസേചന രീതി. ഒരു മണിക്കൂറിൽ രണ്ടു ലിറ്റർ മുതൽ 10 ലിറ്റർ വരെ വെള്ളം മാത്രമാണ് ഈ രീതിയിലൂടെ ചെടിച്ചുവട്ടിലെത്തുന്നത്. എന്നാൽ കൃത്യതയോടെയും തുല്യമായും ജലസേചനം നൽകാൻ ഈ രീതി സഹായിക്കും. ഒപ്പം വെള്ളത്തിൽ ലയിക്കുന്ന വളങ്ങളും നൽകാം. വേര് മണ്ഡലത്തിന് ചുറ്റും വെള്ളം ലഭിക്കുന്ന രീതിയിലാണ് തുള്ളിനന സജ്ജീകരിക്കുന്നത്. വേരുകൾ നിൽക്കുന്ന സ്ഥലത്ത് മാത്രം വെള്ളം നൽകുന്നതിലൂടെ ജലത്തിന്റെ കൃത്യമായ ഉപയോഗം ഉറപ്പാക്കാം. എന്നാൽ മണ്ണിന്റെ പ്രത്യേകതകളനുസരിച്ച് നൽകേണ്ടിവരുന്ന ജലത്തിന്റെ അളവും വ്യത്യസ്തമായിരിക്കും. കളിമണ്ണിൽ വെള്ളം കൂടുതൽ ആഴത്തിലേക്ക് പോകാത്തതിനാൽ മണിക്കൂറിൽ രണ്ട് ലിറ്റർ എന്ന തോതിൽ ജലം നൽകിയാൽ മതിയാകും
എന്നാൽ മണൽ മണ്ണിൽ വെള്ളം ആഴത്തിലേക്കൂറിയിറങ്ങാൻ സാധ്യതയുള്ളതിനാൽ മണിക്കൂറിൽ 8 ലിറ്റർ വെള്ളം നൽകുന്ന രീതിയിൽ ക്രമീകരിക്കണം. ഇടത്തരം മണ്ണിൽ മണിക്കൂറിൽ നാല് ലിറ്റർ വെള്ളം ലഭിക്കുന്ന രീതിയിലാണ് തുള്ളിനന സജ്ജീകരിക്കുന്നത്.
മൈക്രോ സ്പ്രിംഗ്ലർ രീതി
ചെറിയ വൃത്താകൃതിയിൽ മഴപോലെ ചെടികൾക്ക് വെള്ളം ലഭിക്കുന്നതിനാണ് മൈക്രോ സ്പ്രിംഗ്ലർ രീതി ഉപയോഗിക്കുന്നത്. തുള്ളിനനയെക്കാൾ കൂടുതൽ ജലം ചെടിച്ചുവട്ടിലെത്തിക്കാൻ ഈ രീതിക്കാകും. വലിയ മരങ്ങൾക്കും പുൽത്തകിടികൾ നനക്കാനുമെല്ലാം ഈ രീതി വളരെ നല്ലതാണ്. മണിക്കൂറിൽ 20 മുതൽ 200 ലിറ്റർ വെള്ളം വരയെത്തിക്കാൻ മൈക്രോ സ്പ്രിംഗ്ലർ രീതിയിലൂടെ സാധിക്കും. വാഴ, തെങ്ങ് തുടങ്ങിയ വിളകൾക്ക് ഈ രീതി ഏറെ നല്ലതാണ്.
മിസ്റ്റ് ജലസേചന രീതി
ജലം ചെടികൾക്ക് മുകളിൽ ചെറുമഴ പോലെ പെയ്തിറങ്ങാൻ മിസ്റ്റ് ഇറിഗേഷൻ രീതി ഉപയോഗിക്കാം. ഹരിത ഗൃഹത്തിലും മഴമറയിലുമെല്ലാം ഈ രീതി തിരഞ്ഞെടുക്കാം. ഹരിത ഗൃഹത്തിലെ ചൂട് കുറയ്ക്കുന്നതിന് ഇത് വളരെ നല്ല മാർഗമാണ്. തൈകൾ വളർത്തുമ്പോഴും നഴ്സറി പരിപാലനത്തിനും മിസ്സ് ഇറിഗേഷൻ രീതിയാണ് നല്ലത്.
Discussion about this post