കേരളത്തിൽ വലിയ തോതിൽ കൃഷി ചെയ്യാറില്ലെങ്കിലും കീടബാധ വളരെ കുറഞ്ഞതും താരതമ്യേന എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതുമായ വിളയാണ് തുവര. ഡിസംബർ- ജനുവരി മാസങ്ങളിലാണ് തുവര വിളയുന്നത്. പോഷകഗുണങ്ങളേറെയുള്ള തുവരയുടെ കൃഷിരീതികൾ മനസ്സിലാക്കാം.
ഇന്ത്യയാണ് തുവരയുടെ ജന്മദേശം വരൾച്ചയെ ചെറുത്ത് വളരാനും വിളവ് നൽകാനും കഴിവുള്ള വിളയാണിത്. ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ബീഹാർ, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ തുവര അഥവാ പിജിയൻ പീ സാധാരണയായി കൃഷി ചെയ്യുന്നുണ്ട്. ഹിന്ദിയിൽ അർഹർ എന്നാണ് തുവര അറിയപ്പെടുന്നത്.
പ്രോട്ടീൻ, വൈറ്റമിൻ എന്നിവ കൊണ്ട് സമ്പന്നമായ തുവര മലയാളികൾക്ക് പ്രിയപ്പെട്ട പരിപ്പ്, സാമ്പാർ എന്നീ കറിളിലെ പ്രധാന ചേരുവകളിലൊന്നാണ്. പയർവർഗ്ഗ വിളയായതുകൊണ്ടുതന്നെ മണ്ണിൽ നൈട്രജൻ ശേഖരിക്കാൻ തുവരയ്ക്ക് കഴിയും. അതിനാൽ ഇടവിളയായി കൃഷി ചെയ്യുന്നത് ഏറെ നല്ലതാണ്. കപ്പ, നിലക്കടല എന്നീ വിളകളോടൊപ്പം തുവര കൃഷി ചെയ്യാം. പാടവരമ്പത്ത് നട്ടുവളർത്താൻ ഏറെ അനുയോജ്യമായ വിളയാണിത്. വീട്ടാവശ്യങ്ങൾക്കായി കുറച്ച് തൈകൾ അടുക്കളത്തോട്ടത്തിലും നട്ടു പിടിപ്പിക്കാം, മൂന്നു മീറ്റർ വരെ ഉയരം വയ്ക്കുകയും അനേകം ശിഖരങ്ങളുണ്ടാവുകയും ചെയ്യുന്ന വിളയാണ് തുവര. ഒരു ചെറു മരം പോലെയാണ് തുവര വളരുന്നത്. കേരളത്തിലെ കൃഷിക്ക് അനുയോജ്യമായ ഇനമാണ് എസ് എ 1. കായകളിൽ പർപ്പിൾ നിറത്തിലുള്ള വരകൾ കാണാം. 180 ദിവസമാണ് ഈ ഇനത്തിന്റെ ദൈർഘ്യം.
നേരിയ ക്ഷാരഗുണമുള്ളതും ആഴമുള്ളതും നീർവാർച്ചയുള്ളതുമായ മണ്ണാണ് തുവര കൃഷിക്ക് വേണ്ടത് മെയ്-ജൂൺ മാസങ്ങളിലാണ് വിത്ത് നടേണ്ടത്. വിത്തുകൾ സ്യൂഡോമോണസ് ലായിനിൽ മുക്കിവച്ചശേഷം നടുന്നത് നല്ലതാണ്. നന്നായി ഉഴുത് കട്ടയുടച്ച മണ്ണിൽ ഒരു സെന്റിന് 12 കിലോഗ്രാം എന്ന തോതിൽ കാലിവളം അടിവളമായി ചേർക്കാം. അടിവളം ചേർക്കുന്നതിന് രണ്ടാഴ്ച മുൻപ് മണ്ണിൽ കുമ്മായം ചേർത്ത് അമ്ലത്വം ക്രമീകരിക്കണം. വരികൾ തമ്മിൽ മൂന്നര മീറ്ററും ചെടികൾ തമ്മിൽ 35 സെന്റീമീറ്ററും അകലം പാലിക്കാം.
നേർവളങ്ങൾ നൽകി കൃഷി ചെയ്യുകയാണെങ്കിൽ നടുന്ന സമയത്ത് ഒരു സെന്റിന് 173 ഗ്രാം യൂറിയ, 1776 ഗ്രാം റോക്ക് ഫോസ്ഫേറ്റ് എന്നിവ ചേർത്ത് കൊടുക്കാം.നട്ട് മൂന്ന് – നാല് ആഴ്ചകൾക്ക് ശേഷം 174 ഗ്രാം യൂറിയ കൂടി മണ്ണിൽ ചേർത്തു കൊടുക്കാം.
സെപ്റ്റംബർ മാസമാണ് തുവരയുടെ പൂക്കാലം. നട്ട് 110 ദിവസങ്ങൾക്കുള്ളിലാണ് തുവര വിളയുന്നത്. ഡിസംബർ- ജനുവരി മാസങ്ങളിൽ കായകൾ മൂത്ത് പാകമാകും. എന്നാൽ ഇതിനു മുൻപ് തന്നെ മൂപ്പെത്താത്ത തുവരപ്പയർ കൊണ്ട് സ്വാദിഷ്ടമായ തോരനും ഉപ്പേരിയുമെല്ലാം പാകംചെയ്യാനാകും. തുവരവാൾ മുക്കാൽഭാഗം ഉണങ്ങിയ ശേഷം മുറിച്ചെടുത്ത് വെയിലത്തുണക്കി തല്ലി പൊഴിക്കാം.
Discussion about this post