അനേകം പോഷകഗുണങ്ങളുള്ള മധുരമേറിയ ഫലമായ കൈതചക്ക എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. ബ്രസീലാണ് കൈതച്ചക്കയുടെ ജന്മദേശം. കേരളത്തിൽ എറണാകുളം ജില്ലയിലെ വാഴക്കുളം എന്നയിടത്ത് കൃഷിചെയ്യുന്ന കൈതചക്കക്ക് ഭൗമ സൂചിക പദവി ലഭിച്ചിട്ടുണ്ട്.
ഇനങ്ങൾ
മൗറീഷ്യസ്, ക്യൂ, എം ടി 2, അമൃത എന്നിവയാണ് പ്രധാന പൈനാപ്പിൾ ഇനങ്ങൾ. ഒന്നര കിലോയോളം വലിപ്പം വയ്ക്കുന്ന ഇനമാണ് മൗറീഷ്യസ്. ക്യു എന്ന ഇനത്തിന് രണ്ടു മുതൽ രണ്ടര കിലോ ഭാരം വരെ വരും . ജ്യൂസ്, സ്ക്വാഷ് എന്നിവ തയ്യാറാക്കാൻ ഏറ്റവും ഉത്തമമായ മധുരമേറിയ ഇനമാണ് ക്യൂ. അത്യുൽപാദനശേഷിയുള്ള ഹൈബ്രിഡ് ഇനമാണ് എം ടി 2.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഒഴികെ മറ്റെല്ലായിടത്തും പൈനാപ്പിൾ കൃഷി ചെയ്യാം. മെയ് -ജൂൺ മാസങ്ങളാണ് പൈനാപ്പിൾ കൃഷിക്ക് അനുയോജ്യം. പൈനാപ്പിൾ ചെടിയുടെ ചുവട്ടിൽനിന്നും മുളച്ചുവരുന്ന കന്നുകളെ കാനകൾ എന്ന് വിളിക്കുന്നു. കാനകളാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. കീടരോഗബാധയില്ലാത്ത നല്ല ആരോഗ്യമുള്ള കന്നുകളാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. ചക്കയുടെ മുകളിൽ വളർന്നു നിൽക്കുന്ന മകുടവും(crown) കൂടാതെ തണ്ട് മുറിച്ച് മുളപ്പിച്ചവയും സ്ലിപ്പുകളും നടീൽ വസ്തുക്കളാക്കാറുണ്ട്. ടിഷ്യുകൾച്ചർ തൈകളും സാധാരണയായി നട്ടുവരുന്നുണ്ട്.
നടുമ്പോൾ വരികൾ തമ്മിൽ എഴുപത് സെന്റീമീറ്ററും ചെടികൾ തമ്മിൽ 30 സെന്റീമീറ്ററും ഇടയകലം നല്കണം. തനിവിളയായും റബ്ബർ തോട്ടങ്ങളിലും തെങ്ങിൻ തോപ്പുകളിലും ഇടവിളയായും കൈതച്ചക്ക നടാം.
വളപ്രയോഗം
അടിവളമായി കാലിവളം നൽകണം. ചെടി ഒന്നിന് 17 ഗ്രാം യൂറിയ, 22 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 13 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയാണ് വേണ്ടത്. ഫോസ്ഫറസ് വളങ്ങൾ മുഴുവനായും മൊത്തം നൈട്രജൻ വളത്തിന്റെയും പൊട്ടാഷ് വളത്തിന്റെയും നാലിലൊന്ന് ഭാഗം വീതം അടിവളമായും കൊടുക്കേണ്ടതുണ്ട്. ബാക്കി വളപ്രയോഗം രണ്ടോ മൂന്നോ തവണകളായി കൊടുക്കാം. മെയ്-ജൂൺ മാസങ്ങളിൽ നട്ടുകഴിഞ്ഞാൽ ആഗസ്റ്റ് സെപ്റ്റംബർ മാസത്തോടെ രണ്ടാമത്തെ ഗഡു നൽകാം. തുലാവർഷം കഴിയുന്നതോടെ നവംബറിലാണ് മൂന്നാമത്തെ ഗഡു വളം നൽകേണ്ടത്. അവസാനത്തെ നാലിലൊന്ന് ഭാഗം വളങ്ങൾ അടുത്ത മെയ് – ജൂൺ മാസങ്ങളിൽ നൽകണം.
വേനൽ കാലത്ത് നനച്ചുകൊടുത്താൽ കൂടുതൽ വിളവ് ലഭിക്കും. ചുവട്ടിൽ പുതയിടുന്നത് നല്ലതാണ്.
വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ഒരുമിച്ച് പൂക്കുന്നതിനായി ഹോർമോൺ പ്രയോഗം നടത്താറുണ്ട്. 25 ppm എത്തഫോൺ എന്ന ഹോർമോൺ ആണ് ഉപയോഗിക്കുന്നത്. എത്തഫോണിനൊപ്പം 2 ശതമാനം യൂറിയ 0. 04 ശതമാനം കാത്സ്യം കാർബണേറ്റ് എന്നിവ അടങ്ങിയ ലായനി ഒരു ചെടിക്ക് 50ml എന്ന തോതിലാണ് നൽകുന്നത്.
ചെടി കുലയ്ക്കാൻ തുടങ്ങുമ്പോൾ അടിയിൽ നിന്ന് മുകുളങ്ങൾ വരാം. ഇവയിൽനിന്ന് കരുത്തുള്ള ഒന്നോ രണ്ടോ മുകുളങ്ങൾ മാത്രം നില നിർത്തി ബാക്കിയുള്ളവയെ അടർത്തിമാറ്റി നശിപ്പിക്കാം.ചക്ക വിരിഞ്ഞു വന്നാൽ മകുടത്തിന്റെ കൂമ്പ് മാത്രം നുള്ളിക്കളയുന്നത് ചക്കകളുടെ വലിപ്പം വർദ്ധിപ്പിക്കും. .ആദ്യവിളവെടുപ്പിന് ശേഷം ചെടികളെ കുറ്റിവിളകളാക്കി നിർത്തി പിന്നെയും രണ്ടുവർഷം കൂടി നന്നായി പരിചരിച്ച് വിളവെടുക്കാം.
Discussion about this post