മലയാളികൾക്ക് പ്രിയപ്പെട്ട പച്ചക്കറികളിൽ ഒന്നാണ് കൊത്തമര. കൊത്തമരയെ ക്ലസ്റ്റർ ബീൻ എന്നും വിളിക്കാറുണ്ട്. ഈ വിളയുടെ ഓരോ ഇലയിടുക്കിയിലും പൂങ്കുലകൾ ഉണ്ടാക്കുകയും അതിൽനിന്ന് കുലകളായി കായകൾ വരുകയും ചെയ്യുന്നു. അതുകൊണ്ടാണ് കൊത്തമരയെ ക്ലസ്റ്റർ ബീൻ എന്ന് വിളിക്കുന്നത്. ഫെബ്രുവരി – മാർച്ച് മാസങ്ങളാണ് കൊത്തമര കൃഷി ചെയ്യാൻ ഏറ്റവും നല്ലത്. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുകയാണെങ്കിൽ ജൂൺ-ജൂലൈ മാസങ്ങളിൽ കൃഷി ആരംഭിക്കാം.
നമ്മുടെ നാട്ടിൽ കൊത്തമര ഒരു പച്ചക്കറി വിളയായാണ് വളർത്തുന്നത്. എങ്കിലും ഉത്തരേന്ത്യയിൽ ഇതിനെ ഒരു കാലിത്തീറ്റവിളയായും വ്യാവസായിക ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. കൊത്തമരയുടെ വിത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന പശയായ ഗ്വാർ ഗം ടെക്സ്റ്റൈൽ വ്യവസായത്തിലും പേപ്പർ വ്യവസായത്തിലും ഉപയോഗിക്കുന്നു.
കേരളത്തിലെ കൊത്തമരയുടെ ഒരേയൊരു ഇനമാണ് കെഎയു സുരുചി. ഒരു സെന്റിൽ കൃഷിചെയ്യുന്നതിന് 40 ഗ്രാം മുതൽ 50 ഗ്രാം വിത്ത് വരെ ആവശ്യമായിവരും. വിത്ത് പാകുമ്പോൾ വരികൾ തമ്മിൽ 45 സെന്റീമീറ്റർ അകലവും കുഴികൾ തമ്മിൽ 20 സെന്റീമീറ്റർ അകലം നൽകാം. വിത്ത് നേരിട്ട് പോകുകയോ മുളപ്പിച്ച് പറിച്ചു നടുകയോ ചെയ്യാം. വളർന്നുവരുമ്പോൾ താങ്ങ് കൊടുക്കാൻ ശ്രദ്ധിക്കണം.
Discussion about this post