രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് പ്രതികൂലസാഹചര്യങ്ങളെ ചെറുത്ത് വളരാൻ ചെടികളെ സഹായിക്കുന്ന മൂലകമാണ് പൊട്ടാസ്യം. വരൾച്ചയെ അതിജീവിക്കാൻ ചെടികളെ സഹായിക്കുന്ന മൂലകവും പൊട്ടാസ്യം തന്നെ. പ്രകാശസംശ്ലേഷണത്തിലൂടെ ഉണ്ടാകുന്ന ഭക്ഷണം ശേഖരിച്ച് വയ്ക്കുന്നതിനും ധാന്യമണികളുടെ ഗുണം മെച്ചപ്പെടുത്തുന്നതിനും പൊട്ടാസ്യം ഏറെ ആവശ്യമാണ്.
കനത്ത മഴയുള്ള സ്ഥലങ്ങളിലും വെള്ളം കൂടുതലായി വാർന്നു പോകുന്ന പ്രദേശങ്ങളിലും ജൈവാംശം കുറഞ്ഞ മണൽ കൂടിയ ഇടങ്ങളിലും പൊട്ടാസ്യത്തിന്റെ അളവ് നന്നേ കുറവായിരിക്കും
അഭാവ ലക്ഷണങ്ങൾ
മൂപ്പെത്തിയ ഇലകളുടെ അരികുകൾ മഞ്ഞനിറമായി കരിയുന്നതാണ് പൊട്ടാസ്യത്തിന്റെ പ്രധാന അഭാവ ലക്ഷണം. ഇലകൾ കപ്പ് പോലെ വളയുകയും ശാഖകളുടെ അഗ്രഭാഗം ഉണങ്ങുകയും ചെയ്യും. മുട്ടുകൾ തമ്മിലുള്ള ഇടയകലം കുറയുന്നതാണ് മറ്റൊരു ലക്ഷണം. ധാന്യവിളകളുടെ തണ്ടുകൾ ബലം കുറഞ്ഞ് ഒടിയുന്നത് കാണാം. ഇലകൾ തീപിടിച്ച് കരിഞ്ഞതുപോലെയാകും. കിഴങ്ങുകളിൽ കറുത്ത പാടുകൾ ഉണ്ടാവുകയും സൂക്ഷിപ്പ് കാലം കുറയുകയും ചെയ്യും. ചെടികളുടെ സ്വാഭാവികമായ രോഗപ്രതിരോധശേഷിയും കുറയും. ഇതുമൂലം പല രോഗകാരികൾക്കും ചെടികളെ പെട്ടെന്ന് ആക്രമിക്കാൻ കഴിയും.
പരിഹാരമാർഗങ്ങൾ
ഇത്തരം ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ മണ്ണിൽ പൊട്ടാസ്യം എന്റെ അളവ് കുറവാണെന്നു മനസ്സിലാക്കാം. പരിഹരിക്കാനായി അതത് വിളകൾക്ക് ശുപാർശ ചെയ്തിട്ടുള്ള അളവിൽ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേർത്തുകൊടുക്കാം. ചാണകം, പിണ്ണാക്കുകൾ, കമ്പോസ്റ്റ്, പച്ചില വളങ്ങൾ എന്നിവയും ചേർക്കാം.
Discussion about this post