എണ്ണക്കുരുക്കളുടെ രാജാവ് എന്നാണ് നിലക്കടല അറിയപ്പെടുന്നത്. നിലക്കടലയിൽ അൻപത് ശതമാനം എണ്ണ അടങ്ങിയിട്ടുണ്ട്.സോയാബീൻ കഴിഞ്ഞാൽ ഏറ്റവുമധികം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് നിലക്കടല. മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ കൊഴുപ്പ്, ഫോസ്ഫറസ്, ഇരുമ്പ്, വൈറ്റമിൻ ഇ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, കോപ്പർ എന്നിങ്ങനെയുള്ള പോഷകങ്ങളും അടങ്ങിയിരിക്കുന്നു.
വറുത്ത നിലക്കടലയിൽ ഉപ്പുചേർത്ത് അരച്ചെടുത്താൽ പീനട്ട് ബട്ടറായി. കുട്ടികളുടെ ആരോഗ്യത്തിന് പീനട്ട് ബട്ടർ വളരെ നല്ലതാണ്. നിലക്കടല ശരിയായ രീതിയിൽ ദഹിക്കുന്നതിനും പീനട്ട് ബട്ടർ രൂപത്തിൽ കഴിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിനും ശരീരപുഷ്ടിക്കും നിലക്കടലയും ശർക്കരയും ചേർത്ത് ഉണ്ടാക്കിയ കടലമിഠായി പാലിനൊപ്പം ചേർത്ത് കഴിക്കാം. കടലപ്പിണ്ണാക്കിൽ താരതമ്യേന കൂടുതൽ നൈട്രജൻ അടങ്ങിയിരിക്കുന്നതിനാൽ വളമായി ഉപയോഗിക്കാം.
ബഹുവിള കൃഷിയിൽ ഉൾപ്പെടുത്താൻ അനുയോജ്യമായ വിളയാണ് നിലക്കടല. കപ്പ കൃഷിയിലും തെങ്ങിൻ തോപ്പുകളിൽ ഉം ഇടവിളയായി കൃഷി ചെയ്യാം. നെൽപ്പാടങ്ങളിൽ മൂന്നാം വിളയായും കൃഷി ചെയ്യാം.
കൃഷിക്കാലം
മഴയെ ആശ്രയിച്ചുള്ള കൃഷി മേയ്- ജൂൺ മുതൽ സെപ്റ്റംബർ- ഒക്ടോബർ വരെയാണ്. ജലസേചനം നൽകി കൃഷി ചെയ്യുകയാണെങ്കിൽ ജനുവരി മുതൽ മെയ് മാസം വരെ കൃഷി ചെയ്യാം.
മണൽ കലർന്ന ഇളക്കമുള്ളതും ജൈവാംശമുള്ളതും നീർവാർച്ചയുള്ളതുമായ മണ്ണാണ് കൃഷിക്ക് അനുയോജ്യം.
പടർന്നു വളരുന്ന ഇനങ്ങളെക്കാൾ കുറ്റിയായി വളരുന്ന ഇനങ്ങളാണ് ഇപ്പോൾ സാധാരണയായി കൃഷി ചെയ്യുന്നത്. റ്റി എം വി 2, റ്റി എം വി 7, റ്റി ജി 3, റ്റി ജി 14, സ്പാനിഷ് ഇമ്പ്രൂവ്ഡ്, സ്നേഹ സ്നിഗ്ദ്ധ എന്നിവ കൃഷിചെയ്യാൻ അനുയോജ്യമായ ഇനങ്ങളാണ്. , റ്റി ജി 3, റ്റി എം വി 2,റ്റി എം വി 7 എന്നിവ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യാനുതകുന്ന ഇനങ്ങളാണ്.ഒരു സെന്റിൽ കൃഷിചെയ്യാൻ 400 ഗ്രാം വിത്ത് വേണം. മുഴുത്തതും ഇരുണ്ട തവിട്ടു നിറത്തിലുള്ളതുമായ വിത്തുകൾ വിതയ്ക്കാം.
വിത്തു വിതയ്ക്കുന്നത് രണ്ടാഴ്ച മുൻപ് സെന്റിന് ഒന്നു മുതൽ മൂന്ന് കിലോഗ്രാം കുമ്മായം എന്നതോതിൽ ചേർത്ത് പുളിരസം ക്രമീകരിക്കണം.നിലം നന്നായി ഉഴുത് ചാലുകളെടുത്ത് വിത്ത് വിതയ്ക്കാം. അടിവളമായി ഒരു സെറ്റിന് 8 കിലോഗ്രാം അഴുകി പൊടിഞ്ഞ ചാണകമോ കമ്പോസ്റ്റോ ഉപയോഗിക്കണം. ഒരു സെന്റിന് 87 ഗ്രാം യൂറിയ,1665 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 501 ഗ്രാം പൊട്ടാഷ് എന്നിവയും അടിവളമായി ചേർക്കാം.വരികൾ തമ്മിലും കുഴികൾ തമ്മിലും 15 സെന്റീമീറ്റർ അകലം പാലിക്കണം. ഉറുമ്പിനെ തടയുന്നതിനായി മഞ്ഞൾപൊടിയോ ഉപ്പോ ഉപയോഗിക്കാം. ഒരു രാത്രി വെള്ളത്തിൽ കുതിർത്ത് വിത്തുകൾ പാകിയാൽ വേഗം മുളച്ചു കിട്ടും.
നട്ട് 40 ദിവസങ്ങൾക്ക് ശേഷം ( പൂക്കുന്ന സമയത്ത്) ചെറിയതോതിൽ കുമ്മായം വിതറി മേൽ മണ്ണ് മാത്രം ചെറുതായി കിളച്ച് ചുവട്ടിൽ ചേർത്തുകൊടുക്കാം. 45 ദിവസങ്ങൾക്കുശേഷം ചുവട് ഇളക്കുകയോ കിളക്കുകയോ ചെയ്യരുത്.
ചിതലിന്റെ ആക്രമണം തടയാൻ 20 ഗ്രാം മെറ്റാറൈസിയം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ചിത്ര കീടങ്ങളുടെ ആക്രമണം നിയന്ത്രിക്കുന്നതിന് വേപ്പിൻപിണ്ണാക്ക് അടിവളത്തോടൊപ്പം ചുവട്ടിലിടുകയോ വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കുകയോ ചെയ്യാം. ഇലപ്പുള്ളിരോഗം തടയുന്നതിനായി രണ്ടാഴ്ചയിലൊരിക്കൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കാം. വിതയ്ക്കുന്നതിനു മുമ്പ് സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുന്നതും നല്ലതാണ്. ഇലപ്പുള്ളി രോഗം രൂക്ഷമാണെങ്കിൽ ബോർഡോ മിശ്രിതം തളിച്ച് കൊടുക്കാം.
ഇലകൾ മഞ്ഞളിച്ച് ഉണങ്ങാൻ തുടങ്ങുന്ന സമയത്ത് നിലക്കടല വിളവെടുക്കാം. തൊണ്ടിനകത്തുള്ള വിത്തിന്റെ പുറംതൊലി തവിട്ടുനിറമാകുന്നതും വിളവെടുക്കാനായതിന്റെ മറ്റൊരു ലക്ഷണമാണ്. ചെടികൾ പിഴുതെടുത്ത് നിലക്കടല ശേഖരിച്ച് ഉണക്കി സംഭരിക്കാം.
Discussion about this post