16 ഇനം കാർഷിക വിളകൾക്ക് അടിസ്ഥാന വില നിർണയിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കർഷകർക്ക് പിന്തുണ നൽകി കാർഷിക മേഖലയിൽ അഭിവൃദ്ധിയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. നവംബർ ഒന്നിന് ഈ പദ്ധതി നിലവിൽ വരും.എ.ഐ.എം.എസ് എന്ന ഓൺലൈൻ പോർട്ടലിനെ ആധാരമാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.
മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ , തക്കാളി, വെണ്ട, കാബേജ്, കാരററ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നീ 16 ഇനങ്ങൾക്കാണ് അടിസ്ഥാന വില ഉറപ്പാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരണ വകുപ്പുമായും ചേർന്നാണ് കൃഷി വകുപ്പ് ഈ പദ്ധതി നടപ്പാക്കുക. ലിസ്റ്റ് ചെയ്തിട്ടുള്ള വിളകൾ കർഷകരിൽ നിന്ന് വി.എഫ്.പി.സി.കെ, ഹോർട്ടികോർപ്പ്, മൊത്തവ്യാപാര വിപണികൾ എന്നിവ വഴി സംഭരിക്കും. ഒരു പഞ്ചായത്തിൽ ഒരു വിപണിയെങ്കിലും തുറക്കാനാണ് ഉദ്ദേശിക്കുന്നത്. സംഭരിച്ച വിളകൾ ‘ജീവനി-കേരളാ ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്’ എന്ന ബ്രാൻഡിൽ വിൽക്കാനാണ് തീരുമാനം.വിപണിവില ഓരോ ഉല്പന്നത്തിനും നിശ്ചയിച്ച അടിസ്ഥാനവിലയേക്കാൾ താഴെ പോകുമ്പോൾ സംഭരണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിലയുടെ വ്യത്യാസം കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൃഷി വകുപ്പ് നൽകും.
ആദ്യഘട്ടത്തിൽ 250 വിപണികളിൽ കർഷകരിൽ നിന്ന് നേരിട്ട് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വിളകൾ സംഭരിക്കും. ഒരു കർഷകന് ഒരു സീസണിൽ 15 ഏക്കർ സ്ഥലത്തിനു മാത്രമേ ആനുകൂല്യത്തിന് അർഹതയുണ്ടാകൂ.
ഉൽപ്പാദനച്ചെലവും ഉൽപാദനക്ഷമതയും കണക്കിലെടുത്താണ് അടിസ്ഥാന വില തീരുമാനിക്കുക. വിപണിവില ഇതിലും കുറയുമ്പോൾ അടിസ്ഥാന വില കർഷകന് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലൂടെ കർഷകർക്ക് വിലസ്ഥിരതയും നല്ല വരുമാനവും ഉറപ്പാക്കാൻ കഴിയും. വിപണിവിലയുടെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് കർഷകരെ സംരക്ഷിക്കാനും ഇത് സഹായിക്കും. അതിനാൽ അടിസ്ഥാനവില നിശ്ചയിച്ചിട്ടുള്ള വിളകൾ കൃഷി ചെയ്യാൻ കരഷകർക്ക് താല്പര്യമുണ്ടാകും. സംസ്ഥാനത്ത് പച്ചക്കറി ഉല്പാദനം ഗണ്യമായി വർധിക്കാൻ ഇത് ഇടയാക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
വിപണി വില അടിസ്ഥാന വിലയിലും താഴെ പോകുകയാണെങ്കിൽ പ്രാഥമിക സംഘങ്ങൾക്ക് ഗ്യാപ് ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കും. ഇതു സംബന്ധിച്ച കാര്യങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷൻ ചെയർമാനായും പ്രാഥമിക കാർഷിക സഹകരണ സംഘം പ്രസിഡന്റ് വൈസ് ചെയർമാനായും ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്.
കർഷകരുടെ രജിസ്ട്രേഷൻ, പ്രദേശവും ഉല്പാദനവും നിർണയിക്കൽ , പ്രാദേശിക ഉല്പന്നമാണെന്ന് സാക്ഷ്യപ്പെടുത്തൽ എന്നിവ എ.ഐ.എം.എസ് പോർട്ടലിൽ രേഖപ്പെടുത്തണം. സംഭരണ ഏജൻസികൾക്കെല്ലാം ബാധകമാകുന്ന പ്രവർത്തന നടപടിക്രമങ്ങൾ കൃഷി വകുപ്പ് തയ്യാറാക്കുന്നതാണ്.
പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനും കാലാകാലങ്ങളിൽ അടിസ്ഥാന വില പുതുക്കി നിശ്ചയിക്കുന്നിതിനും പുതിയ വിള ഉൾപ്പെടുത്തുന്നതിനും അഡീഷണൽ ചീഫ് സെക്രട്ടറി (ഏകോപനം) ചെയർമാനും കാർഷികോല്പാദന കമ്മീഷണർ വൈസ് ചെയർമാനുമായി സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കുന്നതാണ്. സംസ്ഥാനതല കമ്മിറ്റി അടിസ്ഥാനവില പുതുക്കി നിശ്ചയിക്കുമ്പോൾ സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കേണ്ടതാണ്.
പ്രിസിഷൻ ഫാമിംഗ് (സൂക്ഷ്മ കൃഷി) വഴി ഉല്പാദിപ്പിക്കുന്ന വിളകളുടെ അടിസ്ഥാന ഉല്പാദനക്ഷമത പഠിച്ച ശേഷം ആവശ്യമായ തീരുമാനം എടുക്കുന്നതിന് കൃഷിവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Discussion about this post