കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെർമിൻ ആയി പ്രഖ്യാപിച്ചു കൂട്ടത്തോടെ നശിപ്പിക്കാൻ വേണ്ട നടപടിക്ക് സർക്കാർ ഉത്തരവ് നൽകി. ശല്യക്കാരായ മൃഗങ്ങളെയാണ് വെർമിൻ ആയി പ്രഖ്യാപിക്കുന്നത്.കേരളത്തിലെ വനമേഖലക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ്.
വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ വളരെ കർക്കശ മായതിനാൽ വലിയ തോതിൽ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാൻ വനം വകുപ്പിന് ആയില്ല. ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യം ഉള്ള മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവച്ചുകൊല്ലാൻ ഈ സർക്കാർ അനുമതി നൽകി ഉത്തരവായത്. ആ ഉത്തരവ് ഇപ്പോൾ നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു.
എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവ് കാണാത്ത സാഹചര്യത്തിലാണ് അവയെ വെർമിൻ (ശല്യക്കാരായ മൃഗം) ആയി പ്രഖ്യാപിക്കാൻ സർക്കാർ ആലോചിച്ചത്. അങ്ങനെ പ്രഖ്യാപിക്കപ്പെട്ടാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വകുപ്പിന് സാധിക്കും. പക്ഷെ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. അത് തേടുന്നതിന് നേരത്തെ നിർദേശം നൽകിയെങ്കിലും അതിന് ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനം മൊത്തമായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകൾ, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ ആവൃത്തി തുടങ്ങി വിശദ വിവരങ്ങൾ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അനുമതി ലഭിക്കും. ഇപ്പോൾ അതെല്ലാം ശരിയാക്കി കേന്ദ്രത്തിന് അയക്കാൻ ഉത്തരവ് നൽകി. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടു പന്നി ആക്രമണം പൂർണമായും നിയന്ത്രിക്കാൻ കഴിയും.
പൂർണമായും കൊന്നൊടുക്കുകയല്ല ലക്ഷ്യമെന്നും ചെറിയ കാലയളവിൽ നാട്ടിലിറങ്ങുന്നവയെ കൊന്ന് എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും വനം വകുപ്പ് മന്ത്രി വ്യക്തമാക്കി. നീലക്കാള എന്ന മൃഗം എണ്ണത്തിൽ കൂടിയപ്പോൾ ചില സംസ്ഥാനങ്ങളിൽ അവയെ വെർമിൻ ആയി പ്രഖ്യാപിച്ച് കൊന്ന് എണ്ണം കുറച്ചിട്ടുണ്ട്. ഇവിടെയും അതുപോലെ ചെയ്യുകയാണ് ഉദ്ദേശം. കാട്ടുപന്നിയെ വംശനാശം വരുത്തുകയല്ല എന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post