മലയാളിയുടെ ഭക്ഷണത്തിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത പച്ചക്കറിയാണ് തക്കാളി. ബി കോംപ്ലക്സ്, കരോട്ടിൻ, സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവ അടങ്ങിയിട്ടുള്ള തക്കാളി പോഷകസമൃദ്ധമാണ്. ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന ലൈക്കോപ്പിന് പുറമേ വൈറ്റമിൻ സിയും വൈറ്റമിൻ എയും തക്കാളിയിൽ സമൃദ്ധമായുണ്ട്. നാം സ്ഥിരമായി തക്കാളി കഴിക്കുന്നുണ്ട്. ഒട്ടു മിക്ക കറികളിലും തക്കാളി ചേരുവയായി ഉപയോഗിക്കുന്നു. ഉയർന്നതോതിൽ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ വിഷമില്ലാത്ത തക്കാളി കഴിക്കേണ്ടത് ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ്.
അൽപം ശ്രദ്ധയുണ്ടെങ്കിൽ അടുക്കളത്തോട്ടത്തിൽ വീട്ടിലേക്ക് ആവശ്യമായ തക്കാളി ചെടി നട്ടു പിടിപ്പിക്കാം. ചെടിയുടെ ആരോഗ്യവും രോഗ കീടങ്ങളുടെ ആക്രമണവും നിരന്തരം ശ്രദ്ധിക്കണമെന്നു മാത്രം. കൃത്യമായ തോതിൽ ജലസേചനം നൽകാനും മറക്കരുത്. കൃത്യതാ കൃഷിക്കും സംരക്ഷിത കൃഷിക്കും ഏറെ യോജിച്ച വിളയാണ് തക്കാളി.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് തക്കാളി കൃഷി ചെയ്യേണ്ടത്. നീർവാർച്ചയും വളക്കൂറുമുള്ള മണ്ണ് വേണം. ഗ്രോബാഗുകളിലും ചട്ടികളിലുമെല്ലാം തക്കാളി കൃഷി ചെയ്യാം. തക്കാളി കൃഷിയിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് എന്തെല്ലാമെന്നു നോക്കാം.
ഇനങ്ങൾ
പുളിരസം കലർന്ന കേരളത്തിലെ മണ്ണിൽ തക്കാളി കൃഷി ചെയ്യുമ്പോൾ ഏറ്റവുമധികം നേരിടുന്ന പ്രശ്നം ബാക്ടീരിയൽ വാട്ടമാണ്. ശക്തി, മുക്തി, അനഘ വെള്ളായണി വിജയ്, മനു ലക്ഷ്മി മനുപ്രഭ എന്നിവ ബാക്ടീരിയൽ വാട്ടത്തെ ചെറുക്കാൻ കഴിവുള്ള ഇനങ്ങളാണ്. അത്യുൽപാദനശേഷിയുള്ള ഇനമാണ് പൂസ റൂബി.
കൃഷിക്കാലം
മഴയെ ആശ്രയിച്ച് കൃഷി ചെയ്യുകയാണെങ്കിൽ മെയ്-ജൂൺ മാസങ്ങളിലാണ് തക്കാളി കൃഷി ചെയ്യേണ്ടത്. എന്നാൽ ജലസേചനം നൽകി കൃഷി ചെയ്യുകയാണെങ്കിൽ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ നടാം. കനത്തമഴയും അത്യുഷ്ണവും തക്കാളിക്ക് യോജിച്ചതല്ല.
ആരോഗ്യമുള്ള സസ്യത്തിനും നല്ല വിളവ് ലഭിക്കുന്നതിനും വിത്ത് പാകുമ്പോൾ മുതൽ ശ്രദ്ധ നൽകണം.സാധാരണയായി തൈകൾ പറിച്ചുനട്ടാണ് തക്കാളി വളർത്തുന്നത്. തവാരണകൾ തയ്യാറാക്കിയോ പ്രോട്രേയിലോ വിത്തുകൾ പാകാം. ഒരു സെന്റിലെ കൃഷിക്ക് ഒന്നര ഗ്രാം വിത്ത് മതി. വിത്ത് പാകുന്നതിന് മുൻപ് 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിലോ ബീജാമൃതത്തിലോ മുക്കിവച്ചശേഷം നടുന്നത് അനേകം രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. വിത്ത് പോകുമ്പോഴും തൈകൾ പറിച്ചു നടുമ്പോഴും ഓരോ കുഴിയിലും 10 ഗ്രാം വീതം വാം ചേർത്തു കൊടുക്കുന്നത് വേരുകളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഉത്തമമാണ്.
തവാരണകൾ തയ്യാറാക്കുന്നതിനായി രണ്ടര അടി വീതിയും 15 അടി നീളവും ഒരടി ഉയരവുമുള്ള വാരങ്ങൾ എടുക്കാം. അതിലേക്ക് 50 കിലോഗ്രാം ചാണകപ്പൊടി, മണ്ണ്, മണൽ എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് മുകൾഭാഗം ഇളക്കണം. വിത്ത് പാകുന്നതിന് രണ്ടാഴ്ച മുൻപ് മണ്ണ് നനച്ച് പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടുന്നത് സൂര്യതാപനം വഴി മണ്ണിലെ രോഗാണുക്കളെ നശിപ്പിക്കാൻ സഹായിക്കും. വിത്ത് പാകുമ്പോൾ പോളിത്തീൻ ഷീറ്റുകൾ മാറ്റി 5 സെന്റീമീറ്റർ അകലത്തിൽ ചെറിയ ചാലുകൾ ഉണ്ടാക്കി അതിൽ നേരിയ കനത്തിൽ വിത്തുപാകി മണ്ണിട്ട് മൂടാം.
തക്കാളി വളർത്തുന്നതിനായി തയ്യാറാക്കിയ തടങ്ങളിൽ തൈകൾ പറിച്ചു നടുന്നതിന് രണ്ടാഴ്ച മുൻപ് ഒരു സെന്റിലേക്ക് ഒന്നു മുതൽ മൂന്ന് കിലോഗ്രാം എന്ന തോതിൽ കുമ്മായം ചേർത്തുകൊടുക്കാം. രണ്ടാഴ്ചയ്ക്കുശേഷം നല്ല രീതിയിൽ ജൈവവളം ചേർക്കണം. ഒരു സെന്റിന് 100 കിലോഗ്രാം ജൈവവളം വരെ ചേർക്കാം. ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ഉപയോഗിക്കുന്നത് ചെടികൾക്ക് നല്ല വളർച്ച നൽകുന്നതിനോടൊപ്പം രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. ഗ്രോ ബാഗിൽ കൃഷി ചെയ്യുമ്പോൾ ഒരു തടത്തിന് 100 ഗ്രാം കുമ്മായം ചേർത്ത് ഇളക്കി കൊടുക്കാം. നന്നായി പടരുന്ന ഇനങ്ങൾ രണ്ടടി അകലത്തിലാണ് നടേണ്ടത്. വേനൽക്കാലത്ത് ഇടയകലം ഒന്നരയടി മതിയാകും.വളർച്ചാ ഘട്ടങ്ങളിൽ ആഴ്ചയിലൊരിക്കൽ ജൈവവളം ചേർത്തു കൊടുക്കാം. മണ്ണിലെ മിത്ര സൂക്ഷ്മാണുക്കളുടെ എണ്ണം കൂട്ടുന്നതിന് ജീവാമൃതം എന്ന ജൈവവളം ഉത്തമമാണ്. അതല്ലെങ്കിൽ ഒരു കിലോ ഗ്രാം 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച പച്ച ചാണക ലായനിയോ ബയോഗ്യാസ് സ്ലറിയോ കടലപ്പിണ്ണാക്ക് മിശ്രിതമോ ഉപയോഗിക്കാം, വളർന്നു വരുന്ന സമയത്ത് കമ്പുകൾ നാട്ടി താങ്ങു കൊടുക്കണം. ആവശ്യമില്ലാത്ത ചെറു ശിഖരങ്ങൾ മുറിച്ചു നീക്കാം. വേനൽ കാലത്ത് രണ്ടു ദിവസം ഇടവിട്ട് നനയ്ക്കാൻ ശ്രദ്ധിക്കണം.
കീടങ്ങളും നിയന്ത്രണമാർഗങ്ങളും
കായ് തുരപ്പൻ പുഴു
കായ്തുരപ്പൻ പുഴുവിന്റെ ആക്രമണം മൂലം കായകളിൽ ദ്വാരങ്ങൾ ഉണ്ടാകും. തണ്ടുകളിലും കായകളിലും കാണുന്ന ദ്വാരത്തിൽ നിന്ന് കായ് തുരപ്പൻ പുഴുവിന്റെ വിസർജ്യം പുറത്തുവരും. ഇളം തണ്ട് വാടുകയും കരിയുകയും ചെയ്യും. ഇത്തരം പുഴുക്കളുടെ ആക്രമണം ബാധിച്ച തക്കാളി പുഴുക്കളോടുകൂടി ശേഖരിച്ച് നശിപ്പിക്കുക. 5 ശതമാനം വീര്യമുള്ള വേപ്പിൻകുരു സത്ത് രണ്ടാഴ്ചയിലൊരിക്കൽ തളിച്ചു കൊടുക്കാം.
വേപ്പിൻകുരു സത്ത് തയ്യാറാക്കുന്നതിനായി 50 ഗ്രാം വേപ്പിൻ കുരു പൊടിച്ച് തുണിയിൽ കിഴികെട്ടി 12 മണിക്കൂർ ഒരു ലിറ്റർ വെള്ളത്തിൽ മുക്കി വയ്ക്കാം. ശേഷം കിഴി പിഴിഞ്ഞ് എടുത്ത് അരിച്ചു തളിക്കാം.
20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ വെർട്ടിസീലിയം ലായനി സ്പ്രേ ചെയ്യുന്നതും നല്ലതാണ്. കീടങ്ങളെ വികർഷിക്കാനായി തക്കാളി ചെടികളുടെ അടുത്ത് തുളസി നട്ടു പിടിപ്പിക്കാം. ശത്രുകീടങ്ങളെ തിന്നു നശിപ്പിക്കുന്ന മിത്ര കീടങ്ങളുടെ വളർച്ചയ്ക്ക് സൂര്യകാന്തി, കടുക്, പയർ എന്നിവ തക്കാളിയോടൊപ്പം നട്ടു പിടിപ്പിക്കാം
വെള്ളീച്ച
ഇലകളിൽ നിന്നും നീരൂറ്റിക്കുടിക്കുന്ന ചെറു പ്രാണിയാണ് വെള്ളീച്ച. ഇലകളിൽ മഞ്ഞ പൊട്ടുകൾ കാണുകയും ക്രമേണ അവ മഞ്ഞളിച്ച് ഉണങ്ങി നശിക്കുകയും ചെയ്യും.
രൂക്ഷമായ ആക്രമണം ബാധിച്ച ചെടികളും സസ്യ ഭാഗങ്ങളും നശിപ്പിച്ചു കളയുക. മഞ്ഞ ബോർഡിൽ ആവണക്കെണ്ണ തേച്ച് തോട്ടത്തിലും കൃഷിയിടത്തിലും പലയിടത്തായി സൂക്ഷിക്കാം. അതല്ലെങ്കിൽ വിപണിയിൽ ലഭ്യമാകുന്ന മഞ്ഞക്കെണി ഉപയോഗിച്ചാലും മതി. വിളക്കു കെണികൾ വച്ച് വെള്ളിച്ച കളെ ആകർഷിച്ചു നശിപ്പിക്കാം. 20 ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി 10 ദിവസം ഇടവിട്ട് തളിക്കുന്നതും നല്ലതാണ്. 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതമോ 5 ശതമാനം വീര്യമുള്ള വേപ്പെണ്ണ എമൽഷനോ തളിക്കാം. ഇരപിടിയൻ ഇലപ്പേനുളെ ആകർഷിക്കാൻ കൃഷിയിടത്തിൽ ഫ്രഞ്ച് ബീൻസ് നട്ടു പിടിപ്പിക്കാം . വെള്ളീച്ചകളെ വികർശിക്കുന്നതിന് പുതിന ചെടികൾ നടുന്നത് നല്ലതാണ്.
ചിത്രകീടം
ഇലകളിൽ ഇഴഞ്ഞു നീങ്ങിയത് പോലുള്ള വെളുത്ത പൊള്ളലുകൾ ഉണ്ടാക്കുന്ന കീടമാണ് ചിത്രകീടം. മൂത്ത ഇലകളിലാണ് കൂടുതലായി ആക്രമണം കാണപ്പെടുന്നത്. ആക്രമണം ഏറ്റ ഇലകൾ പറിച്ചു നശിപ്പിച്ചു കളയണം. നട്ട് ഒരാഴ്ച കഴിഞ്ഞ് ഓരോ ചെടിക്കു ചുറ്റും 20 ഗ്രാം വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കാം. ആക്രമണത്തിന്റെ ആരംഭത്തിൽതന്നെ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ എമൽഷൻ തളിക്കാം.
മണ്ഡരി
ഇലകൾക്കടിയിൽ പറ്റിപ്പിടിച്ചിരുന്നു നീരൂറ്റിക്കുടിക്കുന്ന എട്ടുകാലി വർഗ്ഗത്തിൽപ്പെട്ട കീടമാണ് മണ്ഡരി. ഇതിന്റെ ആക്രമണത്താൽ ഇല തവിട്ടുനിറത്തിലാകുന്നു. ചെടി മുരടിച്ചു പോകുകയും ചെയ്യും. ഇവ ഇലകളുടെ അടിയിൽ വലവിരിച്ച് അതിൽ ഇരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ കഞ്ഞിവെള്ളം നേർപ്പിച്ച് ഇലകളുടെ അടിഭാഗത്ത് തളിക്കാം. കഞ്ഞിവെള്ളം ഉണങ്ങുമ്പോൾ അതിൽ പറ്റിപ്പിടിച്ച് മണ്ഡരിയും വലകളും നശിച്ചുപോകും. കഞ്ഞിവെള്ളപ്രയോഗം നാല് ദിവസത്തിലൊരിക്കൽ ആവർത്തിക്കണം.
നിമാവിര
വേരുകളെ ആക്രമിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാൻ തോട്ടത്തിൽ ബന്ദിച്ചെടി നട്ടു പിടിപ്പിക്കാം. വേലിചെടിയായോ ഇടവിളയായോ ബന്ദി നടാം.
രോഗങ്ങളും നിയന്ത്രണമാർഗങ്ങളും
തൈചീയൽ
തൈകൾ ചീഞ്ഞു പോകുന്നത് തക്കാളി കൃഷിയിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഈ രോഗത്തെ നിയന്ത്രിക്കാനായി തവാരണകളിൽ നീർവാർച്ച ഉറപ്പുവരുത്തണം. ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ആഴ്ചയിലൊരിക്കൽ ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ഇലകളിൽ തളിക്കുകയുമാകാം. നഴ്സറികളിൽ സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിലൊരിക്കൽ ഇലകളിൽ തളിക്കുന്നത് നല്ലതാണ്. വിത്ത് പരിചരണത്തിനായി ബീജാമൃതം ഉപയോഗിക്കാം.
ബാക്ടീരിയൽ വാട്ടം
ആരോഗ്യത്തോടെ നിൽക്കുന്ന ചെടികൾ മഞ്ഞളിക്കുക പോലും ചെയ്യാതെ പെട്ടെന്ന് വാടി നശിക്കുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഇത് തടയുന്നതിനായി നടുന്നതിനു മുൻപ് മണ്ണിൽ ശുപാർശ ചെയ്തിട്ടുള്ള തോതിൽ കുമ്മായം ചേർക്കണം. ആക്രമണവിധേയമായ ചെടികൾ ഉടൻ നശിപ്പിച്ചു കളയണം. 10 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി ആഴ്ചയിലൊരിക്കൽ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളായ ശക്തി, മുക്തി, അനഘ എന്നിവ നടാനായി ഉപയോഗിക്കാം. വഴുതന വർഗ്ഗത്തിൽ പെട്ട സസ്യങ്ങളായ മുളക്, വഴുതന, തക്കാളി എന്നിവ കൃഷി ചെയ്ത ശേഷം പയർ, വെണ്ട, ചീര, ചോളം എന്നിവ വിള പരിക്രമണത്തിനായി ഉപയോഗിക്കാം
മഞ്ഞളിപ്പ് രോഗം
ഒരു വൈറസ് രോഗമാണ് മഞ്ഞളിപ്പ് അഥവാ മൊസൈക്ക് രോഗം. ഇലകളിൽ മഞ്ഞയും പച്ചയും ഇടകലർന്ന മൊസൈക്ക് പാറ്റേൺ കാണാം. ഇല്ല ഞരമ്പുകൾ കട്ടി കൂടിയതായി കാണപ്പെടും. ഇലകൾ മുരടിച്ച് വികൃതമാക്കുകയും ചെയ്യും. രോഗം ബാധിച്ച ചെടികൾ പിഴുതെടുത്ത് നശിപ്പിക്കണം. 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ വെർട്ടിസീലിയം ലായനി രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കാനായി ഉപയോഗിക്കാം.
ഇല ചുരുളൽ രോഗം
വൈറസ് രോഗമായ ഇല ചുരുളൽ പരത്തുന്നത് വെള്ളീച്ചകളാണ്. കീടങ്ങളെ അകറ്റുന്നതിനായി ചോളം, മണിച്ചോളം എന്നീ വിളകൾ വേലിയായി വളർത്താം. കീടങ്ങളെ വികർശിക്കാൻ തക്കാളി യോടൊപ്പം പുതിന നട്ടു പിടിപ്പിക്കാം. ഒരു ഏക്കറിൽ പത്തെണ്ണം എന്ന തോതിൽ മഞ്ഞക്കെണി ഉപയോഗിക്കാം. ഇരപിടിയൻമാരായ ആനത്തുമ്പി, ചിലന്തി, കടിയുറുമ്പുകൾ,പ്രേയിങ് മാന്റിടുകൾ, റയന്തപത്രപ്രാണികൾ, കോക്സിനെല്ലിടുകൾ എന്നിവയെ കൃഷിയിടത്തിൽ നിലനിർത്തണം. അതിനായി രാസകീടനാശിനികളുടെ ഉപയോഗം പരമാവധി കുറയ്ക്കാം.
Discussion about this post